03/01/2026
കഥ പറയാം…( Part 1 )
സംഭവം നടക്കുന്നത് ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുൻപാണ്.
മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്തിലെ പൂക്കരത്തറ എന്ന പ്രകൃതി മനോഹരമായ പ്രദേശത്താണ് ഈ കഥയുടെ പശ്ചാത്തലം. കേരളത്തിൽ തന്നെ ഏറെ പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഒരു വിഭാഗം പ്രവർത്തിക്കുന്ന ഈ സ്ഥലത്താണ് കഥ നടക്കുന്നത്.
ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയതും, ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നതും, ഇനിയും പഠിക്കാൻ പോകുന്നതുമായ ഒരു സ്ഥാപനമാണ് ഇത്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് തന്നെ അഭിമാനമായ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ഒപ്പം നിന്ന ഒരു സംഘടനയെക്കുറിച്ചാണ് ഈ കഥ.
കേരളത്തിലെ തന്നെ മികച്ച പൂർവവിദ്യാർത്ഥി സംഘടനകളിൽ ഒന്നായിരുന്നു “ദളം”. സ്ഥാപനത്തിന്റെ വികസനത്തിനാവശ്യമായ എല്ലാ മേഖലകളിലും കൃത്യമായ ഇടപെടലുകൾ നടത്തി, അധ്യാപകരോടൊപ്പം കൈകോർത്ത് പ്രവർത്തിച്ച സംഘടന. ഏത് ആവശ്യത്തിനും, ഏത് സമയത്തും, “ദളം” സ്ഥാപനത്തിനൊപ്പം തന്നെയുണ്ടായിരുന്നു.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടികളിലും, കലോത്സവങ്ങളിലും, സ്പോർട്സ് മീറ്റുകളിലും — എല്ലാ വേദികളിലും അധ്യാപകരോടൊപ്പം ദളവും അതിന്റെ ഭാരവാഹികളും സജീവ സാന്നിധ്യമായിരുന്നു.
സംഘടനയെ വിപുലീകരിക്കാനും സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനും, മൂന്ന് പേരടങ്ങിയ ഒരു സംഘം ദുബൈയിലെത്തി. തുടർന്ന്, പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മ യു.എ.ഇയിലും രൂപം കൊണ്ടു. പ്രവാസജീവിതത്തിന്റെ ഒഴിവുസമയങ്ങൾ വിനിയോഗിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു; വിവിധ ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ സ്ഥാപനത്തിനായി നടപ്പിലാക്കി.
ക്ലാസ് മുറികളിൽ ഗ്രാനൈറ്റ് വിരിക്കൽ, സ്ഥാപനത്തിന്റെ ഗേറ്റ് നിർമാണം തുടങ്ങി ചെറുതും വലുതുമായ അനവധി പ്രവർത്തനങ്ങൾ യു.എ.ഇ ഘടകത്തിന്റെ നേതൃത്വത്തിൽ നടപ്പിലായി. അതോടൊപ്പം തന്നെ, സ്ഥാപനത്തിലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായങ്ങൾ നൽകിയും ദളം മികച്ച രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരുന്നു.
അങ്ങിനെയിരിക്കെ, ദളം മാനേജ്മെന്റിന്റെ ഔദ്യോഗിക സംഘടനയായി അംഗീകാരം ലഭിച്ചു, സംഘടന പുതിയ ഉയരങ്ങളിലേക്ക് മുന്നേറുന്ന ഘട്ടത്തിലാണ് ഈ കഥയുടെ ആസ്പദമായ സംഭവം നടക്കുന്നത്…