വെള്ളിമഹർ: ലാളിത്യത്തിന്റെ സുന്ദരമായ മാതൃക!
സ്വർണ്ണവില ആകാശത്തോളം ഉയർന്നുനിൽക്കുന്ന ഈ കാലഘട്ടത്തിൽ, അത്യാഡംബരങ്ങൾക്കും പൊങ്ങച്ചങ്ങൾക്കും ഇടയിൽ വേറിട്ടൊരു വഴിയിലൂടെ നടന്ന് മാതൃകയായിരിക്കുകയാണ് മുഹമ്മദ് നൂറാനിയും ഖദീജതുൽ കുബ്റ ഹാദിയയും. ബഹുമാനപ്പെട്ട ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഉസ്താദ് തന്റെ പ്രഭാഷണങ്ങളിലൂടെ നിരന്തരം ഉണർത്താറുള്ള 'വെള്ളി മഹർ' എന്ന ആശയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വിവാഹം നടന്നിരിക്കുന്നത് എന്നതും ഏറെ സന്തോഷം നൽകുന്നു.
ബഷീർ നദ്‌വി കൊട്ടിലയുടെ മകൾ ഖദീജതുൽ കുബ്റ, തന്റെ വിവാഹത്തിന് മഹറായി 'വെള്ളി' മതി എന്ന് തീരുമാനിച്ചപ്പോൾ അത് സമുദായത്തിന് മുന്നിൽ വലിയൊരു സന്ദേശമാണ് നൽകുന്നത്. ഇരു കുടുംബവും സ്നേഹത്തോടെയും സംതൃപ്തിയോടെയും ഈ നന്മയുടെ പൂർണ്ണതയായി മാറി.
വിവാഹം എന്നത് ബാധ്യതയാകാതെ, ബർക്കത്തുള്ളൊരു സുന്നത്തായി മാറണമെന്ന ഉസ്താദിന്റെ വാക്കുകൾ ജീവിതത്തിൽ പകർത്തിയ ഈ കുടുംബങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ആഡംബര മോഹങ്ങളിൽ തട്ടി തകരുന്ന ഒരുപാട് വിവാഹസ്വപ്നങ്ങൾക്കിടയിൽ, നൂറാനിയും ഖദീജയും തുറന്നിടുന്നത് ലാളിത്യത്തിന്റെയും ധീരതയുടെയും പുതിയ വാതിലുകളാണ്.
ഈ നവദമ്പതികൾക്ക് എല്ലാവിധ സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദാമ്പത്യജീവിതം ആശംസിക്കുന്നു. അല്ലാഹു ഇവരുടെ ജീവിതത്തിൽ കൂടുതൽ ബർക്കത്ത് ചൊരിയട്ടെ. ആമീൻ. 🤲🌹
Asaf Nurani
Pro rector Jamia Madeenathunnoor Poonoor
02/04/2026
സുഹൃത്തെ,
850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ്ങൾ പങ്ക് വെക്കാനും ഒരാൾ കൂട്ടിനുണ്ടാകുന്ന ജീവിതത്തിലേക്ക് അവരെത്ര സ്വപ്നങ്ങൾ നെയ്ത് വെച്ചിട്ടുണ്ടാകും.
ഏപ്രിൽ 5 ന് നീലഗിരിയിൽ നടക്കുന്നത് നമ്മുടെ സങ്കൽപങ്ങൾക്കപ്പുറത്തെ സ്നേഹക്കൈനീട്ടങ്ങളാണ്. ഓരോരുത്തർക്കും വേണ്ട ലളിതമെങ്കിലും സ്വർണവും മഹ്റുമൊക്കെയായി എത്ര കോടികൾ വേണ്ടി വരും എന്ന് ആലോചിച്ച് നോക്കൂ..!
സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന ഈ മഹാ ഉദ്യമത്തിൽ നമുക്ക് ചേർന്ന് നിൽക്കണമല്ലോ.
കഴിയുന്നതിൽ പരമാവധി നൽകാൻ ശ്രമിക്കുക, *850₹* എങ്കിലും നൽകി വലിയ മനുഷ്യർക്കൊപ്പം നിൽക്കുക.
ഈ ഉസ്താദുമാരുടെ, വിവാഹിതരാകുന്ന പാവങ്ങളുടെ പ്രാർത്ഥനകളാണല്ലോ പ്രതീക്ഷയും.
അല്ലാഹു എല്ലാം വിജയിപ്പിക്കട്ടെ
കാന്തപുരം എ പി അബൂബകർ മുസ്ലിയാർ
*ഒരു രൂപ മാറ്റി വെക്കാം*
*ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാം*
₹850 രൂപ ചലഞ്ചിന്റെ ഭാഗമാവുക.
ൂപ_850_ജീവിതങ്ങൾ
26/02/2026
ജാമിഅ മർകസ് വാർഷിക പരീക്ഷയിൽ റാങ്കുകൾ കരസ്ഥമാക്കി വീണ്ടും മികച്ച വിജയം നേടിയിരിക്കുകയാണ് പ്രിയപ്പെട്ട നൂറാനികൾ. ആദ്യ മൂന്ന് റാങ്കുകളിൽ എട്ട് നൂറാനികളാണ് ഇത്തവണ ഇടം നേടിയിരിക്കുന്നത്.
കുല്ലിയ ശരീഅയിൽ സയ്യിദ് ജസൂൽ ബാഹസൻ നൂറാനി അറവങ്കര, കുല്ലിയ്യ ഉസൂലുദീൻ ഹദീസ് വിഭാഗത്തിൽ ശിബിലി ജൗഹർ നൂറാനി വള്ളുവമ്പ്രം, കുല്ലിയ്യ ഇൽമുൽ ഇദാറയിൽ ഖലീൽ നൂറാനി കിഴിശ്ശേരി എന്നിവരാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.തഖസ്സുസ് വിഭാഗത്തിൽ ആദ്യ മൂന്നിൽ രണ്ട് റാങ്കുകളും നൂറാനികൾ നേടിയത് പ്രത്യേകം ശ്രദ്ധേയമായി. ഫസ്‌ലുറഹ്മാൻ നൂറാനി മണ്ണാർക്കാട്, ഖ്വാജ മുഈനുദ്ദീൻ നൂറാനി പൊന്നംങ്കോട് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയത്.കുല്ലിയ ശരീഅയിൽ ജമാലുദ്ദീൻ നൂറാനി മാണി, കുല്ലിയ തഫ്സീറിൽ യാസീൻ നൂറാനി മങ്ങാട്, കുല്ലിയ ഇൽമു നഫ്സിൽ ബാദുഷ നൂറാനി കോട്ടികുളം എന്നിവരാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.ബാദുഷ നൂറാനിയും യാസീൻ നൂറാനിയും മർക്കിൻസ് ബാംഗ്ലൂരിൽ നിന്നാണ് മുഴുവൻ കോഴ്സുകളും പൂർത്തിയാക്കിയത്. മറ്റുള്ളവർ ഇസ്റ വാടാനപ്പള്ളി, ദാറുൽ ഹിദായ ഈങ്ങാപ്പുഴ, ഇമാം ശാഫി ബുസ്താനാബാദ്, ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം, മൻഹജ് പാനൂർ എന്നീ കാമ്പസുകളിൽ നിന്ന് ഫൗണ്ടേഷൻ പഠനശേഷം മർകസ് ഗാർഡനിൽ നിന്നാണ് ബാച്ച്ലർ, ഫിനിഷിംഗ് പൂർത്തിയാക്കിയത്.
നിരന്തരമായ അധ്വാനവും പഠനവും നടത്തി മികച്ച വിജയം നേടിയ പ്രിയപ്പെട്ട വിദ്യാർത്ഥികളെ രൂപപ്പെടുത്തിയതിൽ മദീനതുന്നൂർ കാമ്പസുകൾക്കും അവിടുത്തെ ഉസ്താദുമാർക്കും മാനേജ്മെൻ്റിനും കൂടെ നിന്ന രക്ഷിതാക്കൾക്കും നിർണ്ണായക പങ്കുണ്ട്.എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം റാങ്ക് ജേതാക്കളടക്കം മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
വൈജ്ഞാനിക മേഖലയിൽ ഇനിയും ധാരാളം സേവനങ്ങൾ നടത്തി ഊർജ്ജസ്വലതയോടെ ദീനീ ഖിദ്മത്തിന് നേതൃത്വം നൽകാൻ പ്രിയപ്പെട്ടവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
01/02/2026
പഞ്ചാബ്,
സൂര്യനൊപ്പം ഉണർന്ന്,
മണ്ണിനൊപ്പം ജീവിക്കുന്ന കർഷകരുടെ നാട്.
വിയർപ്പും വിശ്വാസവും ആഘോഷവും ചേർന്ന പച്ചയായ ജീവിതത്തിന്റെ പേരാണത്.
അതിവിപുലമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മൂല്യം മുറുകെപ്പിടിച്ചുകൊണ്ട് ജീവിച്ചിരുന്ന ജനസമൂഹത്തിലേക്കാണ് വിഭജനം തേറ്റപ്പല്ലിറക്കിയത്.
ആയിരത്തി തൊള്ളായിരത്തി നൽപ്പത്തി ഏഴിലെ ഇന്ത്യ പാക് വിഭജനം മനോഹരമായ ഒരു നാഗരികതയെയാണ് വെട്ടിപ്പിളർത്തിയത്.
ബന്ധങ്ങളെല്ലാം ശിഥിലമായി, മുസ്ലിം ജീവിതം കൂടുതൽ ദുസ്സഹവും ഭീതിജനകവുമായി,
പ്രമാണിമാരും പൗരപ്രമുഖരും പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു,
നിരവധി ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്യാധീനപ്പെട്ടു.
അവശേഷിച്ച ന്യൂനപക്ഷങ്ങൾക്കാകട്ടെ അറിവും വെളിച്ചവും നിഷേധിക്കപ്പെട്ടു.
ആറ് പതിറ്റാണ്ടു കാലം അവർ അജ്ഞതതയുടെ നീർക്കയങ്ങളിൽ നിലകിട്ടാതായി.
ശേഷിച്ച തലമുറയിലേക്കാണ് ഒരു നിയോഗം പോലെ ആശ്വാസത്തിന്റെ വെളിച്ചവുമായി ഐറിസ് ഫൗണ്ടേഷൻ എന്ന നമ്മുടെ സംഘം കടന്നുവരുന്നത്.
പല ഗ്രാമങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവകാരുണ്യ പദ്ധതികളുമായി ആ ചെറു സംഘം മുന്നോട്ടു പോയി.
കാലം പുതു ചരിത്രത്തിന് സാക്ഷ്യംവഹിച്ചു.
വിജ്ഞാന കുതുകികളുടെ ദാഹമകറ്റാനും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൂട്ടാകാനും പ്രതിജ്ഞ ചെയ്ത് അവർ ഇമാം റബ്ബാനിയുടെ ചാരത്തെത്തി.
അവിടുത്തെ ആത്മീയ സവിധത്തിൽ മർകസ് ഇമാം റബ്ബാനിയെന്ന സൗധത്തിന് കാലഘട്ടത്തിന്റെ പരിഷ്കർത്താവ് സുൽത്താനുൽ ഉലമ തറക്കല്ലിട്ടു തന്നു.
നമ്മുടെ സ്വപ്നം പോലെ തന്നെ,
മെല്ലെ മെല്ലെ തറയും ചുമരും മേൽക്കൂരകളും ഉയർന്നു വന്നു.
ഇരുപതിനായിരം ചതുരശ്ര മീറ്ററിൽ
ആധുനിക സൗകര്യങ്ങളോട് കൂടിയ കലാലയം പിറവിയെടുത്തു. സ്നേഹ ഗുരു ശൈഖുനാ അബ്ദുൽ ഹകീം അസ്ഹരി ഉസ്താദിന്റെ കാർമികത്വത്തിൽ അവിടെ വിദ്യയുടെ വെളിച്ചം കൊളുത്തി.
മത ഭൗതിക സമന്വയ വിദ്യാഭ്യാസവും അറബി ഭാഷയിലെ
ഉന്നത നിലവാരമുള്ള പഠനവുമാണ് മുന്നോട്ട് നാം വെക്കുന്ന വിദ്യാഭ്യാസ രീതി.
നൂറ് വിദ്യാർത്ഥികൾക്ക്
താമസിച്ചു പഠിക്കാവുന്ന സൗകര്യങ്ങളാണ് കാമ്പസിലുള്ളത്.
ചുരുക്കത്തിൽ,
അൽഹംദുലില്ലാഹ്.
ആറ് വർഷങ്ങളായി നാം പഞ്ചാബിൽ സജീവമായി പ്രവർത്തിക്കുന്നു.
നമ്മുടെ ശ്രമങ്ങളൊന്നും തന്നെ വെറുതെ ആയിട്ടില്ല.
ഇരുപത്തി അഞ്ച് വില്ലേജുകൾ,
അറുപതോളം സാംസ്കാരിക കേന്ദ്രങ്ങൾ,
രണ്ട് ഹിഫ്ളൂൽ ഖുർആൻ കോളേജുകൾ,
രണ്ട് സ്കൂളുകൾ,
ആയിരക്കണക്കിന് മനുഷ്യരിലേക്ക് പടർന്ന സാന്ത്വന സ്പർശങ്ങൾ.
ചെറിയ കാലയളവിലെ വലിയ കാര്യങ്ങളാണിതെല്ലാം.
ഈ മുന്നേറ്റത്തിന് കരുത്തേകുന്നതാണ് സർഹിന്ദിലെ മർകസ് ഇമാം റബ്ബാനിയുടെ തുടക്കം.
ഈ നവോത്ഥാന തുടർച്ചക്കാണ്,
ഇരുട്ടുള്ള ഗ്രാമങ്ങളിൽ വെളിച്ചം പടർത്താനാണ് ഐറിസ് സഹായം അഭ്യർഥിക്കുന്നത്.
നിരാശരാക്കില്ലെന്ന പ്രതീക്ഷയോടെ,
മുഹമ്മദ് ഫാളിൽ നൂറാനി
(ചെയർമാൻ, IRIS Foundation)
G-Pay 7508916313
Account Holder: IRIS FOUNDATION
Account Number: 50200085608772
IFSC: HDFC0000726
Branch: SIRHIND - PUNJAB
29/12/2025
ഗുജറാത്ത് ഡയറി - 3
ഹമാരാ ചോട്ടാ ഡോക്ടർ ഹേ!ഗുജറാത്തിലെ മർകസ് ആതുരാലയം
"മുസ്ലിംകളെ നേരിട്ട് അനുഭവിച്ച ദിവസങ്ങളായിരുന്നു.എത്ര നല്ല സ്വഭാവ മഹിമയുള്ളവരാണവർ! ഈ അനുഭവം നൽകിയതിന് നന്ദി." ഗുജറാത്തിലെ മർകസ് ഹോസ്പിറ്റലിൽ 10 ദിവസത്തെ ട്രീറ്റ്മെൻ്റ് പൂർത്തിയാക്കി ഡിസ്ചാർജ് ചെയ്ത് പോകുന്ന ഒരു ഹിന്ദു ഫാമിലി ഹോസ്പിറ്റൽ ഡയറക്ടറായ ആദം നൂറാനിയോട് പറഞ്ഞ വാക്കുകളാണിത്. ഇത് പോലെ പരസ്പരം അറിയാനും പറയാനുമുള്ള അവസരങ്ങളും ഇടങ്ങളും നിർമ്മിക്കുക എന്നുള്ളതാണ് വർഗീയ ശക്തികളെ ചെറുക്കാനുള്ള വലിയൊരു മാർഗ്ഗം.വിവിധ മതവിഭാഗക്കാരായ ആയിരക്കണക്കിനാളുകൾ ചികിത്സയ്ക്ക് ആശ്രയിക്കുന്ന മർകസ് ഹോസ്പിറ്റൽ ആതുര സേവനരംഗത്തും സാമൂഹ്യ നിർമ്മാണ പ്രക്രിയയിലും അതുല്യമായ ദൗത്യമാണ് നിർവഹിക്കുന്നത്. പുറന്തള്ളപ്പെടുന്ന ജനതയെ വിവേചനരഹിതമായി ചേർത്തുപിടിക്കൽ കൂടി മർകസ് ഹോസ്പിറ്റൽ സാധ്യമാക്കുന്നു. ഗുജറാത്തിലെ ഭറൂച്ച് ദയാദ്രയിലുള്ള ഈ ഹോസ്പിറ്റലിൻ്റെ സേവനത്തിൽ സംതൃപ്തരായ പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഇപ്പോൾ ഗുജറാത്തിലെ രണ്ടാമത്തെ ഹോസ്പിറ്റൽ ബറോഡയിൽ ആരംഭിച്ചിരിക്കുന്നു.രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും മർകസ് മോഡൽ യൂനാനി ഹെൽത്ത് കെയർ സിസ്റ്റം വ്യാപിപ്പിക്കേണ്ടതുണ്ട്.
ഡോ. യു.കെ. ശരീഫിൻ്റെ നേതൃത്വത്തിലുള്ള മർക്കസ് ടീം നടത്തുന്ന ഈ ഹോസ്പിറ്റലിന് വഴിയൊരുക്കിയത് ഇപ്പോൾ റീ-യൂണിയനിൽ താമസിക്കുന്ന ഗുജറാത്ത്കാരനായ ഗുലാം ഭായ് ആണ്.ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കറിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ഫ്രാൻസിന്റെ ഭാഗമായ ദ്വീപാണ് റീയൂണിയൻ.ധാരാളം ഇന്ത്യൻ വംശജർ താമസിക്കുന്നതിനാൽ അവിടുത്തെ സംസ്കാരത്തിലും ഭക്ഷണത്തിലും ഇന്ത്യൻ സ്വാധീനം കാണാൻ സാധിക്കും. കേരളത്തിൻ്റെ പ്രകൃതിപ്രത്യേകത കേട്ടറിഞ്ഞ ഗുലാം ഭായ്
വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ വന്നു. കോഴിക്കോട് മർകസ് കോംപ്ലക്സിൽ നിൽക്കുമ്പോൾ യാദൃശ്ചികമായി കടകളിൽ നിറയെ സുൽത്താനുൽ ഉലമയുടെ ഫോട്ടോ കാണുന്നു.ആ ഫോട്ടോയുടെ വ്യക്തിയെ പരതിയാണ് അദ്ദേഹം ആദ്യമായി മർകസിലെത്തുന്നത്. നേരത്തെ പരിചയമുള്ള പൂനൂർ മർകസ് ഗാർഡനിൽ താമസിക്കുന്ന കാനഡക്കാരനായ അമാനുള്ള പട്ടേലിൻ്റെ ഇടപടൽ കൂടിയുണ്ടായപ്പോൾ മർകസുമായുള്ള ബന്ധം സുതൃഢമായി.നേരിൽ കണ്ട് സംസാരിച്ചപ്പോൾ ഒരുപാട് കാലത്തെ തൻ്റെ അഭിലാഷമായ ഹോസ്പിറ്റൽ പ്രോജക്ട് ഏൽപ്പിക്കാൻ ഉസ്താദ് ആണ് യോഗ്യനെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ കൂടിക്കാഴ്ച്ച ഗുജറാത്തിലെ മർകസ് പ്രവർത്തനങ്ങൾക്ക് വലിയ ശക്തിയായി മാറി.
ഞങ്ങൾ ഗുജറാത്ത് മർകസ് ഹോസ്പിറ്റൽ എത്തിയ അതേ ദിവസം തന്നെയാണ് ഗുലാം ഭായിയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിൻ്റെ വാർഷികാഘോഷവും മർകസ് ഡയറക്ടറും SSF നാഷണൽ പ്രസിഡൻ്റുമായ സി.പി.ഉബൈദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ബോഡ് മീറ്റിംഗും നടന്നിരുന്നത് .അതുകൊണ്ടുതന്നെ ഈ സംഭവങ്ങളൊക്കെ അദ്ദേഹത്തിൽ നിന്ന് നേരിട്ട് കേൾക്കാൻ സാധിച്ചു.15 വർഷത്തോളമായി ഗുജറാത്തിൽ പ്രവർത്തിക്കുന്ന തൃശൂർ കാരനായ ആദം നൂറാനി സരളമായി ഗുജറാത്തി ഭാഷ സംസാരിച്ച് ഞങ്ങൾക്ക് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പരിഭാഷപ്പെടുത്തിത്തന്നു.
ജാമിഅ മദീനതുന്നൂർ -മർകസ് ഗാർഡനിൽ പഠിക്കുന്ന സമയത്ത് തന്നെ പല ഗുജറാത്ത് ഓർമ്മകളും ഉണ്ടായിട്ടുണ്ട്.ആദ്യമായി കാണുകയും കേൾക്കുകയും ചെയ്യുന്ന ഉത്തരേന്ത്യൻ പണ്ഡിതൻ ഗുജറാത്തിലെ പോർബന്ധ റിലെ സത്താർ ഹംദാനി സാഹിബ് ആയിരുന്നു.ഞങ്ങൾ പ്ലസ്ടുവിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹം പുനൂർ മർകസ് ഗാർഡനിൽ വരുന്നത്.മൈലാഞ്ചിയിട്ട അദ്ധേഹത്തിൻ്റെ താടിയും സംസാരവും ഇപ്പോഴും മനസ്സിലുണ്ട്. അന്നത്തെ വായനകളിൽ വന്ന അഹ്മദ് റളാഖാൻ ബറേൽവി തങ്ങളുടെ 'ഹറമൈനിയുടെ ഖഡ്ഗം' (حسام الحرمينയുടെ മലയാള വിവർത്തനം), മർഹൂം ശാഹുൽ ഹമീദ് ബാഖവിയുടെ 'ഉത്തരേന്ത്യയിലൂടെ' തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത് ഗുജറാത്തിലെ പോർബന്ധറിൽ നിന്നാണ്. ജാമിഅ മദീനതുന്നൂറിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ ബാച്ച് നൂറാനിമാരിൽ ആദ്യ ഖിദ്മത്ത് അപ്പോയ്മെൻ്റ് നടക്കുന്നത് ഗുജറാത്തിലെ രാജ്കോട്ടിലെ സ്കൂളിലേക്ക് കണ്ണൂരിലെ യഹ്‌യ ഖലീൽ നൂറാനിയെയാണ്.
മർകസ് ഹോസ്പിറ്റലിൽ നിന്ന് തിരിച്ച് പോരാൻ നേരത്ത് പുതുതായി അവിടെ ഡോക്ടറായി ചാർജെടുത്ത ഡോ. ഷമ്മാസ് നൂറാനിയോടൊപ്പം ഒരു സെൽഫിയെടുക്കാൻ ഹോസ്പിറ്റലിൻ്റെ നെയിം ബോഡിനടുത്തേക്ക് വന്നതായിരുന്നു. അവിടെ പൊട്ട് തൊട്ട മൂന്ന് ഹിന്ദു സഹോദരന്മാരിക്കുന്നുണ്ട്. കൗതുകത്തോടെ എന്നെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു: "കേരളത്തിൽ നിന്ന് വന്നതാണ്, ഇത് എൻ്റെ സുഹൃത്താണ്." പെട്ടെന്ന് തന്നെ അവർ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും പ്രതികരിച്ചു:" ഏ ഹമാരാ ചോടാ ഡോക്ടർ ഹേ". മനുഷ്യർക്കിടയിലെ ഈ പാരസ്പര്യമുണ്ടല്ലോ! അത് നിലനിർത്താനുള്ള രസതന്ത്രം നിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കണം; എന്നാൽ ഇന്ത്യ മരിക്കില്ല........
ആസഫ് മുഹമ്മദ് നൂറാനി വരപ്പാറ
29/12/2025
ഗുജറാത്ത് ഡയറി - 2
ഭറൂച് ജില്ലയിലെ ചാൻഞ്ച് വലിലെ ജാമിഅ മദീനതുന്നൂർ ഫിനിഷിംഗ് കോഴ്സ് -റബ്ബാനി കാമ്പസായ ബുഖാരിയ്യ കോളേജ് സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ്. ഗ്രാമ സഞ്ചാരത്തിനിടയിൽ യുവാക്കളോട് സംസാരിക്കാൻ അവസരം ലഭിച്ചു. അവരെല്ലാവരും ജോലിയിലും ജീവിതത്തിലും സംസ്തൃപ്തരാണ്. പക്ഷേ എല്ലാവരും ഒരു ആഗ്രഹം പ്രകടിപ്പിച്ചു;അവരുടെ നാട്ടുകാരിൽ വിദ്യാഭ്യാസം സജീവമാക്കണം. കേരളീയ മോഡൽ അവരുടെ പ്രതീക്ഷയാണ്. തൃശൂർ ജില്ലക്കാരനായ ആദം നൂറാനി അവരോടൊപ്പം ജീവിച്ച് സ്വാധീനിച്ചതിൻ്റെ ഓർമകൾ അവരുടെ സംസാരങ്ങളിൽ ഇടക്കിടെ വന്നിരുന്നു. ഒരു മലയാളി പണ്ഡിതൻ ഗുജറാത്തിലെ ഒരു റിമോട്ട് പ്രദേശത്തെ പരിവർത്തിപ്പിച്ച് ഗ്രാമ വികാസത്തിൽ ക്രിയാത്മകമായി ഇടപെട്ടതിൻ്റെ നേർച്ചിത്രങ്ങളായിരുന്നു അവരുടെ ഓരോ വാക്കുകളും. വിദ്യാഭ്യാസത്തെ കുറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടൊക്കെ അങ്ങനെ രൂപപ്പെട്ടതാകുമല്ലോ!
ബുഖാരിയ്യ കോളേജ് ഇൻചാജായ മലപ്പുറം ജില്ലയിലെ ഇക്റാം നൂറാനിയുടെ നേതൃത്വത്തിൽ റബ്ബാനി ഫിനിഷിംഗ് സ്കൂൾ വിദ്യാർത്ഥികളോടൊപ്പം ഗ്രാമം പൂർണ്ണമായും കറങ്ങി.സയ്യിദ് അഹ്മദ് അലി ബുഖാരിയുടെ മഖാമും അവരുടെ ഉറൂസും ഗ്രാമക്കാരുടെ പ്രധാന ആത്മീയ അവലംബമാണ്. ഭറൂച്ച് ജില്ലയുടെ പൊതുവായ പ്രത്യേകതയായ കറുത്ത മണ്ണ് ഇവിടെയും കാണാം. അതുകൊണ്ട് തന്നെ പരുത്തി (Cotton) കൃഷി ധാരാളമായുണ്ട്. കർഷകരോടൊപ്പം പാടത്തിറങ്ങി പരുത്തി ചെടി പരിശോധിച്ചു. കൂടാതെ പയർവർഗ്ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. മണ്ണും പുല്ലും ചേർന്ന ചെറു കുടിലുകളാണ് കൂടുതൽ ഭവനങ്ങളും. കേരളീയരായ നമ്മുടെ ഒരു മുറിയുടെ വലുപ്പം പോലുമില്ലാത്ത മിനിമലിസത്തിൻ്റെ മാതൃകകൾ!മത്സ്യബന്ധനവും ഉപജീവനമാക്കുന്നവരുണ്ട്.ഗ്രാമം കറങ്ങി തിരിച്ചുവരുമ്പോൾ പിടയുന്നു മീൻ കവറും പിടിച്ച് വരുന്ന മുക്കുവനിൽ നിന്ന് ഒരു കവർ മീൻ 50 രൂപ കൊടുത്തു വാങ്ങി.വിദ്യാർത്ഥികളോടൊപ്പം ചുട്ടു തിന്നപ്പോൾ ആമുക്കുവൻ്റെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു .കമ്മ്യൂണിറ്റി ഡെവലപ്മെന്റിന്റെ വലിയ സ്വപ്നങ്ങളും ആശയങ്ങളും ആഗ്രഹങ്ങളുമായി ആ ഗ്രാമ ജനതയോടൊപ്പം ജീവിക്കുന്ന റബ്ബാനി വിദ്യാർത്ഥികളോട് കൂടെയുള്ള സമയം വലിയ സന്തോഷമായിരുന്നു.ഗുജറാത്തി ഭക്ഷണത്തിനിടക്ക് ഇക്റാം നുറാനിയുടെ ഭാര്യ നിർമിച്ച സ്പെഷ്യൽ ഭക്ഷണവും സ്ഥാപന നിർമ്മാതാവ് ഹാജ്യാരുടെ സ്നേഹ സൽക്കാരവും ഗുജറാത്തീ-കേരളീയമായ സമ്മിശ്ര ഗ്രാമീണ ഓർമ്മകളും അനുഭവങ്ങളും നൽകി.
ഇന്ത്യയിലെ തന്നെ വലിയൊരു വ്യവസായ കേന്ദ്രമാണ് ഭറൂച്.പ്രത്യേകിച്ചും രാസവസ്തുക്കൾ,പെട്രോകെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയിൽ മുന്നിലാണ്.ഭറൂച്ചിന് തൊട്ടടുത്തുള്ള അലങ്കേശ്വർ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായ എസ്റ്റേറ്റുകളിൽ ഒന്നാണ്. ഫാക്ടറികളുടെ പുതിയ കേന്ദ്രങ്ങളുടെ നിർമ്മാണവും വലിയ റോഡ് വികാസം നടക്കുന്നതും യാത്രയിൽ നേരിൽ കാണ്ടു. വാഹന ഡ്രൈവർ പ്രതീക്ഷയോടെ അവയെകുറിച്ച് നിരന്തരമായി സംസാരിക്കുന്നുണ്ടായിരുന്നു.ഗ്രാമവാസികളുടെ വലിയ തൊഴിലവസരങ്ങളാണ് ഈ ഫാക്ടറികളെന്ന് മനസ്സിലായി.മുസ്ലിം ന്യൂനപക്ഷങ്ങളെ അരികുവൽവൽക്കരിക്കാനുള്ള വിഭജനശ്രമങ്ങളെ ജാഗ്രതയോടെയും തന്ത്രത്തോടെയും നേരിട്ടതിൻ്റെ നല്ലൊരു പാഠവുമായാണ് അവിടെ നിന്ന് തിരിച്ചത്. അസംസ്കൃത വസ്തുക്കൾ നൽകിയിരുന്ന മുസ്ലിംകളെ മാറ്റി പകരം പുതിയ റിസോഴ്സുണ്ടാക്കിയ വർഗ്ഗീയശക്തികളായ ഉൽപാദകർക്ക് മധുരത്തിരിച്ചടി നൽകിയ ഗുജറാത്ത് മാതൃകയുണ്ട്; പകച്ചു നിൽക്കാതെ സ്വന്തമായി ഉൽപാദനം നടത്തി നേരിട്ട് മാർക്കറ്റിലേക്ക് എത്തിക്കാൻ തുടങ്ങിയതോടെ പഴയ ഉൽപാദകർക്ക് മുട്ട് മടക്കേണ്ടി വന്നുവത്രെ. നമ്മുടെ ഹ്യൂമൻ റിസോഴ്സുകൾ ആത്മീയമായും വിദ്യാഭ്യാസപരമായും ശക്തരും ജാഗ്രരുമായിരിക്കട്ടെ. നല്ല കാറ്റും ഒഴിഞ്ഞ സ്ഥലവുമുള്ളതിനാലായിരിക്കാം കുടികൾക്ക് പട്ടംപറത്തൽ വലിയ വിനോദമാണ്. അവരോടൊപ്പം പട്ടം പറത്തുമ്പോൾ പ്രതീക്ഷയുടെ ആകാശം അവരിലൂടെ കാണുന്നുണ്ടായിരുന്നു.
ആസഫ് മുഹമ്മദ് നൂറാനി വരപ്പാറ
29/12/2025
ഗുജറാത്ത് ഡയറി - 1
ഇന്ത്യയിലെ ആദ്യ മസ്ജിദ് ഗുജറാത്തിൽ;ഖിബ് ല ഇപ്പോഴും ബൈതുൽ മുഖദ്ദസും
ഗുജറാത്തിലെ ഭറൂചിൽ ട്രെയിനിറങ്ങി വാഗ്രയിലെ മർകസ് സ്കൂളിലേക്കുള്ള യാത്രയാണ്. കേരളക്കാരന്നെ നിലക്ക് ഗ്രാമവാസിയായ ഡ്രൈവറോട് ഗുജറാത്ത് മുസ്ലിം അവസ്ഥയെക്കുറിച്ച് സ്വാഭാവികമായും ചോദിച്ചു. ഗുജറാത്തിലെ സംതൃപ്തമായ മുസ്സിം ജീവിതത്തെ കുറിച്ച് അദ്ദേഹം ആവേശപൂർവ്വം സംസാരിക്കുകയാണ്. കേരള മീഡിയയും പൊതുബോധവും ഉള്ളിലാക്കിയ ഗുജറാത്ത് പേടി എവിടെപ്പോയതെന്നറിയില്ല. അല്ലെങ്കിലും നമ്മളങ്ങനെയാണ്; പലരും നമ്മെ അങ്ങനെയാക്കുകയാണ്. കോടിക്കണക്കിന് മുസ്സിംകളും നമ്മൾ തന്നെയും അനുഭവിക്കുന്ന സ്വാതന്ത്ര്യം കാണാതെ ഒറ്റപ്പെട്ട ഭീതിയുടെ ചുഴിയിൽ കിടന്ന് കറങ്ങി നിഷ്ക്രിയരോ വൈകാരികരോ ആയി അങ്ങനെയിരിക്കും; വസ്തുതകളെ ശരിയായി വിലയിരുത്താനോ നേരിട്ട് യാഥാർത്ഥ്യങ്ങളെ അറിയാനോ ക്രിയാത്മകമായി അടിസ്ഥാന പരിഹാരങ്ങൾ നിർമ്മിക്കാനോ കഴിയാതെ. ഫാഷിസ്റ്റുകളുടെയും ആൻ്റി ഫാഷിസ്റ്റുകളുടെയും നിലനില്പ് ആശ്രയിച്ചിരിക്കുന്നത് ഭീതികുടിച്ച ഇത്തരം ആളുകളിലായതിനാൽ ഈ യവസ്ഥ നിലനിർത്താൻ അവർ പ്രയത്നിച്ചുകൊണ്ടേയിരിക്കും. യാദൃശ്ചികമായിരിക്കാം, ഗുജറാത്തിലേക്കുള്ള ട്രെയിൻ യാത്രയിൽ ഫെയ്സ്ബുക്ക് തുറന്നപ്പോൾ കാന്തപുരം ഉസ്താദിൻ്റേയും ഹകീം അസ്ഹരി ഉസ്താദിൻ്റേയും പഴയ ഗുജറാത്ത് പരാമർശ കാർഡുകൾ പോസ്റ്റി പരിഹസിക്കുന്ന സോഷ്യൽ മീഡിയ ജീവികളെ കണ്ടു. പക്ഷേ ഈ ആൻ്റി ജീവികളൊരിക്കലും ഗുജറാത്ത് അറിയാനോ പരിഹരിക്കാനോ താൽപര്യപ്പെടുന്നില്ലെന്നതാണ് വസ്തുത. മുസ്ലിംകൾക്ക് ആത്മീയതയും വിദ്യാഭ്യാസവും അമുസ്ലിംകൾക്ക് ശരിയായ മുസ്ലിം അനുഭവവും നൽകലാണ് ഗുജറാത്തിലടക്കം ഫാഷിസത്തെ തോൽപിക്കാനുള്ള യഥാർത്ഥ വഴിയെന്ന് ഫാഷിസ്റ്റ് വിമർശകർക്ക് എന്നാണ് തിരിച്ചറിവുണ്ടാവുക !
പത്ത് കൊല്ലത്തിലധികമായി ഗുജറാത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലക്കാരനായ ആബിദ് നൂറാനി തലയാടാണ് ഗുജറാത്തിലെ മുസ്ലിം ചരിത്രം പറഞ്ഞു തന്നത്. ചരിത്ര വ്യക്തികളുടെയും റഫറൻസുകളുടെയും പേരും വർഷങ്ങളും അനായേസേനെ ഉദ്ധരിച്ച് അദേഹം സംസാരിച്ചപ്പോൾ ആവേശ പൂർവ്വം കേട്ടിരുന്നു. മുസ്ലിം ചരിത്രത്തിൻ്റെ , പ്രത്യേകിച്ചും ഗുജറാത്തിൻ്റെ മികച്ച ഹിസ്റ്ററി റിസോഴ്സാണ് ആബിദ് നൂറാനി. അദ്ധേഹമാണ് 500 ലധികം ഗുജറാത്തി കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് നേതൃത്വം നൽകുന്നത് . വയനാട്ടുകാരനായ നൗഫൽ നൂറാനി പിണങ്ങോട്, മലപ്പുറത്ത് നിന്നുള്ള ഹാറൂൻ മാഷും ജഅഫർ സഅദിയും എല്ലാമുണ്ടായിരുന്നു അവിടെ.സ്കൂളിൻ്റെ പ്രധാന സപ്പോർട്ടറായ ഖമർ ഭായിയുടെ മകൻ്റെ കല്യാണ വിശേഷം അവർ പങ്ക് വെച്ചു. എല്ലാവരേയും പേരും അഡ്രസും എഴുതിയ കത്ത് നൽകി ക്ഷണിക്കലാണ് ഗുജറാത്ത് ശൈലി. സ്റ്റാഫുകൾ അഡ്രസെഴുതാൻ ഖമർ ഭായിയെ ഇപ്പോൾ സഹായിച്ചു കൊണ്ടിരിക്കുകയാണ്.വെജ് ഭക്ഷണമൊരുക്കി ഹിന്ദുക്കൾക്ക് ഒരു ദിവസം പ്രത്യേക വിവാഹ സൽക്കാരമൊരുക്കുന്ന സൗഹാർദ്ധ രീതി അവർ പറഞ്ഞപ്പോൾ ഇന്ത്യയുടെ ബഹുസ്വരമായ ലോകത്തിൻ്റെ സൗന്ദര്യം പ്രതിഫലിക്കുകയായിരുന്നു .
സംസാരത്തിനടക്ക് ആബിദ് നൂറാനി ഇന്ത്യയിലെ ആദ്യ മസ്ജിദിനെക്കുറിച്ച് വിവരിച്ചു. ഗുജറാത്തിലെ ഘോഗയിലുള്ള ജൂനി മസ്ജിദ് AD 623 ൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.അറബി വ്യാപാരിസമൂഹമാണ് മുഹമ്മദ് നബിയുടെ ജീവിതകാലത്തുതന്നെ ഈ പള്ളി നിർമ്മിച്ചത് എന്നു കരുതുന്നു.ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക ആരാധനാലയമായി പൊതുവെ കരുതപ്പെടുന്ന കേരളത്തിലെ തൃശൂർ കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദ് AD 629 ലാണ് നിർമ്മിക്കപ്പെട്ടത്. കാംബേ കടലിടുക്കിനോടു ചേർന്ന്
സൗരാഷ്ട്രത്തിൻ്റെ കിഴക്കേതീരത്ത് ഭാവ്നഗർ ജില്ലയിലുൾപ്പെട്ട തുറമുഖ നഗരമാണ് ഘോഗ. എന്നാൽ ഈ മസ്ജിദിൻ്റെ ഖിബ്‌ല നിൽക്കുന്നത് ബൈതുൽ മുഖദ്ദസ് അഭിമുഖമായിട്ടാണ്. ഇന്ത്യയിൽ ഈയൊരു പള്ളി മാത്രമേ ഇത്തരത്തിലുള്ളൂ.AD 624 ലാണല്ലോ ഖിബ്‌ല മക്കയിലേക്ക് മാറ്റുന്നത്.
ബർവാഡാ മസ്ജിദിലെ പിൻഭിത്തിയിൽ കരിങ്കല്ല് കൊണ്ട് അർദ്ധവൃത്താകൃതിയിൽ നിർമ്മിച്ച മിഹ്റാബിൻ്റെ ഖിബ്‌ല 295° NW കാണിക്കുന്നു. എന്നാൽ ബർവാഡാ പുതിയ പള്ളിയുടെയും ഗുജറാത്തിലെ തന്നെ മറ്റു പള്ളികളുടെയും ഖിബ്ല 275° NW ആണ് കാണിക്കുന്നത്. ഏതായാലും കേരളത്തെപ്പോലെ നബി കാലത്ത് തന്നെ ഇസ്ലാം എത്തിയ പാരമ്പര്യം ഗുജറാത്തിനുണ്ട്. ഇന്ത്യയുടെ ഹജ്ജ് ചരിത്രത്തിലും ഗുജറാത്തിന് വലിയ ഇടമുണ്ട്.
യാത്രക്കാർക്ക് സബ്‌സിഡി നൽകുകയും സർക്കാർ ചെലവ് വഹിക്കുകയും ചെയ്ത ഹജ്ജ് യാത്രക്ക് രൂപം നൽകിയത് അക്ബർ ചക്രവർത്തിയാണ്. അദ്ദേഹം യാത്രക്കാർക്കായി മക്കയിൽ ഒരു അഭയകേന്ദ്രം സ്ഥാപിച്ചു. 1500 ആളുകളെ വരെ വഹിക്കാൻ കെൽപുള്ള കപ്പലുകൾ നിർമിക്കുകയും ‘ബാബുമക്ക’ എന്ന് പേര് ലഭിക്കത്തക്ക വിധം ഗുജറാത്തിലെ സൂറത്ത് കപ്പൽ ഹജ്ജ് യാത്രയുടെ തലസ്ഥാനമാവുകയും ചെയ്തു.
പതിനാറാം നൂറ്റാണ്ടിൽ യെമനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ പ്രമുഖനായ സൂഫി വര്യനും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു സയ്യിദ് ശൈഖ് അബൂബക്കർ ബിൻ അബ്ദുള്ള ഐദറൂസ്.അദ്ദേഹത്തിൻറെ ചരിത്രഗ്രന്ഥംالنور السافر
ഹിജ്റ പത്താം നൂറ്റാണ്ടിനും കുറിച്ചുള്ള പ്രധാന രേഖയാണ്. അദ്ദേഹത്തിന്റെ കുടുംബപരമ്പരയിലെ പണ്ഡിതന്മാരും സയ്യിദുമാരും ഭറൂച്ച്, അഹമ്മദാബാദ്, സൂറത്ത് എന്നീ പ്രദേശങ്ങളിൽ ഇസ്‌ലാമിക പ്രബോധനത്തിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിച്ചു. കേരളത്തിലെ ശൈഖ് സൈനുദ്ധീൻ മഖ്ദുമിനെപ്പോലെ ഗുജറാത്തിലെ ശൈഖ് വജീഹുദ്ദീൻ അലവി, സയ്യിദ് ശൈഖ് ബിൻ അബ്ദുള്ള ഐദറൂസ് തുടങ്ങിയവർ ഇബ്നു ഹജറുൽ ഹൈതമിയുമായി നടത്തിയ കത്തിടപാടുകൾ ഈ ചരിത്ര ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയുമായി ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വൈജ്ഞാനിക വ്യവഹാരങ്ങളും സാമൂഹിക കൈമാറ്റങ്ങളും യാത്രകളും കൃത്യമായി ഇപ്പോൾ തന്നെ രേഖപ്പെടുത്തണം. കേവല വാട്ട്സ്ആപ്പ് സന്ദേശ കൈമാറ്റങ്ങൾക്കപ്പുറം കത്തിലൂടെ ഡോക്യുമെൻ്റ് ചെയ്യപ്പെട്ട് ഭാവി ചരിത്രരേഖകൾ സംരക്ഷിക്കപ്പെടട്ടെ.
ആസഫ് മുഹമ്മദ് നൂറാനി വരപ്പാറ
17/12/2025
മുംബൈ യാത്ര- 9
ഹാജി അലി ദർഗ
ഖവ്വാലിയുടെ ശബ്ദത്തിനൊപ്പം ലയിച്ച് സകലതും മറന്നിരിക്കുന്ന മനുഷ്യനെ ശ്രദ്ധിച്ച് കൊണ്ടാണ് അക്കത്തേക്ക് എത്തിയത്. ആ മനുഷ്യൻ്റെ ജീവവായു അതായിരിക്കും. മുംബൈയിലെ ഹാജി അലി ദർഗ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകത നിറഞ്ഞതാണ്.മുംബൈയിലെ വോർളി തീരത്ത് ഒരു ചെറിയ ദ്വീപിലാണ് ദർഗ സ്ഥിതി ചെയ്യുന്നത്.ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ ജനിച്ച
സയ്യിദ് ഫീർ അലി ഷാ ബുഖാരി എന്ന മഹാനും സഹോദരനും കച്ചവടാർത്ഥമാണ് മുംബൈയിലേക്ക് വന്നത് .പിന്നീട് അദ്ദേഹം മുംബൈയിൽ താമസമാക്കുകയും സഹോദരൻ ബുഖാറയിലേക്ക് പോകുകയും ചെയ്തു.
നാല് ഭാഗവും കടൽ കൊണ്ട് ചുറ്റപ്പെട്ട ഏഷ്യയിലെ ഏക ദർഗയാണിത്.
നാനാ ജാതി മത വിശ്വാസികളായ നിരവധി തീർഥാടകരാണ് ദിവസവും
ദർഗയിലെത്തുന്നത്.
ഇന്തോ -ഇസ്ലാമിക് വാസ്തുവിദ്യയിലാണ് ദർഗയും അതിന് സമീപമുള്ള പള്ളിയും.
മാർബിൾ കൊണ്ട് നിർമിച്ചതാണെങ്കിലും സാധാരണ പോലെ തിളക്കമില്ലാത്തത് ഉപ്പ് കാറ്റ് മൂലമാണത്രെ .
ദർഗകൾ സമൂഹത്തിൽ നിർവ്വഹിക്കുന്ന വിവിധങ്ങളായ ധർമ്മങ്ങളുണ്ട്. 'ദർഗ' എന്ന പേർഷ്യൻ പദം 'വാതിൽപടി','കൊട്ടാരം' എന്നീ അർത്ഥങ്ങളെയാണ് കുറിക്കുന്നത്.പ്രഥമവും പ്രധാനവുമായത് വലിയ്യിൻ്റെ സാന്നിദ്ധ്യ ബറകതിനാലും തവസ്സുൽ പ്രാർത്ഥനയാലും ഈ വ്യക്തിയിൽ തൗഹീദും അള്ളാഹുവിലുള്ള വിശ്വാസവും വർദ്ധിക്കുകയും വലിയ്യിൻ്റെ മാതൃകയിൽ നന്മ ചെയ്യാൻ പ്രേരകമാവുകയും ചെയ്യുന്നു. ഒരു പാട് മനുഷ്യരുടെ മെൻ്റൽ ഹെൽത്ത് കെയർ ചെയ്യുന്ന കൗൺസിലിംഗ് സെൻ്ററുകളാണ് ഭർഗകൾ. സന്ദർശകർക്കുള്ള വ്യക്തിപരമായ ഈ ഗുണങ്ങൾക്ക് പുറമെ അരികുപറ്റി നിൽക്കുന്ന ഭിക്ഷകനും കച്ചവടക്കാരനും വാഹനക്കാരനും ജീവിതം നൽകുന്നു. ഭർഗകളിൽ നൽകുന്ന ഭക്ഷണമായ ലങ്കറുകൾ വിശപ്പിനുള്ള ആശ്വാസമാണ്. മതങ്ങൾക്കും ജാതിക്കും അപ്പുറമുള്ള മനുഷ്യ സംഗമം സോഷ്യൽ ഇൻ്റഗ്രേഷൻ സ്വാഭാവികമായി സാധ്യമാക്കുന്നുണ്ട്. അങ്ങനെ മനുഷ്യേതര ജീവികളും പ്രകൃതിയും അടക്കം ദർഗാ പരിസരങ്ങളെ ബഹുസ്വരമാക്കുന്നു. ഓരോ വലിയ്യിനേയും കേന്ദ്രീകരിച്ച് ഭർഗകൾ സ്വാഭാവികമായി വലിയ സാമൂഹിക നിർമ്മാണമാണ് സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്. ചരിത്രപരമായും സംസ്കാരികമായും ദർഗകൾ വഹിക്കുന്ന ഇടങ്ങൾ കൂടി ഇതിനോട് ചേർത്ത് വെക്കണം. ഹാജി അലി ദർഗ ഇത്തരം ദർശനങ്ങളുടെ നിദർശനമായി കരുതപ്പെടാം. ജനം നിറഞ്ഞ മുംബയിയുടെ തിരക്കിൽ നിന്ന് അകലെ കടലിൻ്റെ പ്രക്ഷുബ്ധതയില്ലാത്ത മനസ്സ് നിറയുന്ന മറ്റൊരിടം.
ഭൂമിക്കടിയിലെ നീണ്ട ഇടനാഴി കടന്ന് ഹാജി അലി ദർഗയുടെ ഖുബ്ബ ദർശിച്ചപ്പോൾ ആർക്കിടെക്ച്ചറുമായി ബന്ധപ്പെട്ട് ചില ആലോചനകൾ നടത്തി. ഇന്ത്യയുടെ പ്രാചീന വാസ്തുവിദ്യയിൽ സിന്ധു നദീതട സംസ്കാരവും ബുദ്ധമത വാസ്തുവിദ്യയും ശേഷം ഹൈന്ദവ ക്ഷേത്ര വാസ്തു വിദ്യയും വന്നു. മധ്യ കാലഘട്ടത്തിൽ മുസ്ലിം ഭരണാധികാരികളുടെ വരവോടെ ഇന്ത്യൻ ശൈലിയുമായി പേർഷ്യൻ, അറബിക് രൂപങ്ങൾ ചേർന്ന് ഇന്തോ- ഇസ്ലാമിക് വാസ്തുവിദ്യ രൂപപ്പെട്ടു.ഇസ്ലാമിക് വാസ്തുവിദ്യ എന്നത് കമാനങ്ങൾ (arches), താഴികക്കുടങ്ങൾ (domes), മിനാരങ്ങൾ (minarets) എന്നിവയുടെ ഉപയോഗം, മനുഷ്യരൂപങ്ങൾ ഒഴിവാക്കി കാലിഗ്രാഫി (kaligraphy)യും ജ്യാമിതീയ പാറ്റേണുകളും (geometric patterns) അലങ്കാരത്തിനായി ഉപയോഗിക്കൽ, വിശാലമായ സ്ഥലങ്ങൾ എന്നിവ പ്രധാനമായിട്ടുള്ള വാസ്തുശൈലിയാണ് . സിവിൽ എഞ്ചിനീയറിംഗ് മാത്രം നിർമ്മാണത്തിൽ ഇടപെട്ടിരുന്ന പഴയ രീതി മാറി ആർക്കിടെക്ച്ചർ കൂടി പരിഗണിക്കുന്നതാണ് പുതിയ ട്രെൻറ്. മനുഷ്യനിൽ സൗന്ദര്യബോധവും വ്യത്യസ്തതയും കാഴ്ച്ചകളും വർദ്ധിച്ചതാണ് ഈ മാറ്റത്തിന് പ്രധാന കാരണം.സ്പൈസ് മാനേജ്മെൻ്റ്, മിനിമലിസം, sustainable architecture(പ്രകൃതി സൗഹൃദം), ബഡ്ജറ്റ് പ്ലാനിംഗ് തുടങ്ങിയ ആശയങ്ങളുടെ സ്വാധീനവും ഇതിന് നിമിത്തമായിട്ടുണ്ട്. ഓരോ നിർമ്മാണവും ബഹുമുഖമായി ഉപയോഗിക്കുന്ന ജീവിതശൈലീ മാറ്റവും അടിസ്ഥാന ആവശ്യനിർവ്വഹണം ഏറ്റവും ക്രിയാത്മക്കാനുള്ള ശ്രമങ്ങളും ആർക്കിടെക്ച്ചറിനെ ഇപ്പോൾ വലിയ ആവശ്യമാക്കിയിരിക്കുകയാണ്. നിർമ്മാണങ്ങളെ എല്ലാ വശങ്ങളും ശ്രദ്ധിച്ച് ഫലപ്രദമാക്കുന്നതാണല്ലോ ഏറ്റവും നല്ലത്. ദർഗകളുടെ ധർമ്മ നിർവ്വഹണങ്ങൾ സാധിപ്പിക്കുന്നതിൽ ആത്മീയ ഘടകങ്ങൾക്കൊപ്പം ആർകിടെക്ക്ച്ചറിനും ഗണ്യമായ പങ്കുണ്ട്. ഹാജി അലി ദർഗയുടെ കടൽ തീരത്തെ മനോഹരായ കല്ലുകൾക്ക് മുകളിലിരുന്ന് ലാകോം സലാം ചൊല്ലിയപ്പോൾ യു.പി.യിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനും ആവേശപൂർവ്വം ഞങ്ങൾക്കൊപ്പം ചേർന്നു.
ആസഫ് മുഹമ്മദ് നൂറാനി വരപ്പാറ
17/12/2025
മുംബൈ യാത്ര - 8
മലയാളിയുടെ മുംബെയും ബോംബെ തെരുവിലെ മലയാള ബോഡുകളും
'ടിപ് ടോപ്പ് ഹയർ സലൂൺ' എന്ന പച്ചമലയാളത്തിലുള്ള പഴയ ബോഡ് മും മുംബയിൽ കണ്ടപ്പോൾ വീണ്ടും മുംബൈ മലയാളിയെക്കുറിച്ച് പഠിക്കാൻ കൗതുകം വർദ്ധിച്ചു. ജാമിഅ മദീനതുനൂർ ഇൻ്റസ്ട്രിയൽ വിസിറ്റിൻ്റെ ഭാഗമായതിനാൽ കുട്ടികൾക്ക് ഫീൽഡ് സ്റ്റഡി റിപ്പോർട്ട് തയ്യാറാക്കാനാണ് സാധാരണക്കാരോട് സംസാരിക്കുക എന്ന ലക്ഷ്യത്തിൽ സകരിയ്യ മസ്ജിദ് സ്ട്രീറ്റിൽ എത്തിയത്. അപ്പോഴാണ് മുംബയിലെ നിറഞ്ഞ മലയാളി സാന്നിദ്ധ്യം നേരിട്ടറിയുന്നത്.പ്രവാസത്തിന്റെ നാള്‍ വഴികളില്‍ ചെന്നൈയോ (മദിരാശി) കല്‍ക്കത്തയോ ഡല്‍ഹിയോ പോലെ തന്നെ മലയാളിക്ക് ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ് മുംബൈ. ജോലിക്ക് പുറമെ ഹജ്ജ് യാത്ര കൂടിയായപ്പോൾ മുംബൈ മലയാളികളുടേത് കൂടിയായി. അത്കൊണ്ടായിരിക്കും മായാത്ത മലയാള അക്ഷരങ്ങൾ കൂടി പതിഞ്ഞത്. 1930-കളോടെ ആരംഭിച്ച ബോംബെയിൽ നിന്നുള്ള തീർത്ഥാടനമായിരുന്നു കേരളീയരുടെ ഹജ്ജ് യാത്രകളുടെ എണ്ണം കൂട്ടിയത്. കേരളത്തിൽ നിന്ന് ട്രെയിനുകളിലായിരുന്നു ബോംബെയിലേക്കുള്ള സഞ്ചാരം. ട്രെയിനിറങ്ങി തുറമുഖത്തെത്തുവാൻ കാളവണ്ടികളും പുറപ്പെടുവോളം താമസിക്കാൻ മുസാഫർഖാനകളും വാടക റൂമുകളും ഉണ്ടായിരുന്നു. വഴി വക്കിൽ സ്വൽപമെങ്കിലുമുള്ള ലഗേജുമായി നിൽക്കാൻ അന്നത്തെ ബോംബെയുടെ സാഹചര്യം യോജിച്ചതായിരുന്നില്ല. അത്രക്കുണ്ടായിരുന്നുവത്രെ വഴികൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യപ്പെടുത്തലുകൾ. മലയാളി മുസ്‌ലിം ജമാഅത്ത്, ഖുദ്ദാമുൽ ഇസ്‌ലാം സഭ തുടങ്ങിയ സംഘടിത ശ്രമങ്ങളുടെ ഫലമായി പിൽക്കാലത്ത് ഒരു പരിധിവരെ സമാധാനം സ്ഥാപിക്കാൻ സാധ്യമായി.1995-ൽ കപ്പൽ മുഖേനയുള്ള ഹജ്ജ് പൂർണ്ണമായും നിർത്തലാക്കി.
രാജ്യത്തിന്റെ വ്യാവസായിക സിരാകേന്ദ്രമായതുകൊണ്ട് എല്ലാത്തരത്തിലുമുള്ള ജനങ്ങളും മുംബൈയെ ആശ്രയിച്ചു ; ചെറുകിട ബിസിനസ്സുകളും ടൈപ്പ് റൈറ്റിങ്ങും മറ്റനവധി ജോലികളുമായി തുടങ്ങിയ ആ കുടിയേറ്റം എഴുപതുകളായപ്പോഴേക്കും കേരളത്തിന്റെ ഓരോ പഞ്ചായത്തിലെയും ഒരാളെങ്കിലും മുംബൈക്കാരനാവുന്ന തരത്തിലേക്ക് മാറി. വി. കെ. കൃഷ്‌ണമേനോൺ 1952-ല്‍ വടക്കന്‍ മുംബൈയില്‍ കോൺഗ്രസ്സ് സ്ഥാനാര്‍ഥിയായതോടെ കേരളത്തിനു പുറത്ത് ആദ്യമായി ഒരു മലയാളി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച പ്രദേശവുമായി. പക്ഷേ,മലയാളിയുടെ ജോലി തേടിയുള്ള മുംബൈയിലേക്കുള്ള വരവ് അടുത്ത കാലങ്ങളില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നഗരം വികസിച്ചതോടെ വന്‍കിട കെട്ടിട നിർമ്മാതാക്കൾ നഗരത്തിലെ തുണിമില്ലുകള്‍ ഏറ്റെടുത്ത് 90-100 നിലകളുള്ള ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണി തീര്‍ത്തപ്പോള്‍ ദക്ഷിണ മുംബൈ മൊത്തത്തില സമ്പന്നരുടേത് മാത്രമായി. നേരത്തെ നഗരത്തില്‍ സ്ഥിര താമസമാക്കിയിരുന്ന മലയാളികള്‍ മാത്രമല്ല, സാധാരണക്കാരായ മറ്റു ഭാഷക്കാര്‍ കൂടി മുംബൈയുടെ പ്രാന്ത പ്രദേശങ്ങളിലേക്ക് മാറിത്താമസം തുടങ്ങി. പത്തന്‍പതു വര്‍ഷം മുന്‍പ് മാട്ടുംഗയും കിംങ്‌സ് സർക്കിളുമൊക്കെയായിരുന്നു മലയാളികളുടെ താമസ കേന്ദ്രങ്ങളായിരുന്നതെങ്കിൽ ഇപ്പോൾ ഡോംബിവ്‌ലിയും കല്യാണും നവി മുംബൈയും മീരാറോഡും വസായിയുമൊക്കെയാണ് അവര്‍ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങള്‍.
ആദ്യ കാലത്ത് സജീവമായിരുന്ന മിക്ക മലയാളി സമാജങ്ങളും ഇപ്പോള്‍ നിര്‍ജീവങ്ങളാണ്. മലയാളം ഭാഷാ പഠന വിരക്തിയും പുതു തലമുറക്ക് കേരളത്തിന്റെ സംസ്‌കാരം പ്രധാനമല്ലാത്തതും ഇതിന് കാരണമാണ്.കേരള സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന മലയാളം മിഷനും മലയാളം ഭാഷാപ്രചാരണ സംഘവും നഗരത്തിലെമ്പാടും ഭാഷാ ക്‌ളാസുകള്‍ നടത്താറുണ്ടെങ്കിലും ഒരു ചെറിയ വിഭാഗം മാത്രമേ അതില്‍ ചേർന്ന് പഠിക്കാന്‍ ഉത്സാഹം കാണിക്കാറുള്ളുവത്രെ .ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്ത് മലബാറിൽനിന്ന് മുംബൈയിൽ കുടിയേറി കച്ചവടംചെയ്തിരുന്ന ഒരുപറ്റം യുവാക്കൾ ചേർന്നാണ് കേരള മുസ്ലിം ജമാഅത്ത് രൂപവത്കരിച്ചത്. സ്വാതന്ത്ര്യാനന്തരം 1948-ൽ ബോംബെ കേരള മുസ്ലിം ജമാഅത്ത് എന്നപേരിൽ രജിസ്റ്റർചെയ്തു.ഡോംഗ്രിക്ക് സമീപം കടക്ക് എന്ന സ്ഥലത്ത് തലശ്ശേരി കേയി കുടുംബം പടുത്ത വിശാലമായ മാപ്പിളമസ്ജിദ് എന്ന പ്രാർഥനാലയവും കടകളും ഇപ്പോൾ ബോംബെ കേരള മുസ്‍ലിം ജമാഅത്തിന് കീഴിലാണ് . സമസ്ത ചരിത്രത്തിലെ പ്രധാനമായ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാമിനെ ഓർമ്മിപ്പിച്ച് അവിടെയും ഒരു ഖുവ്വത്തുൽ ഇസ്ലാമുണ്ട്.
മുംബൈ മർകസ് ഓഫീസ് കേന്ദ്രീകരിച്ച് സജീവമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇസ്ലാമിക് എജുക്കേഷനൽ ബോഡ് ഓഫ് ഇന്ത്യയുടെ (lEBl) കീഴിലുള്ള മക്തബകളുടെ കോഡിനേഷൻ, മലയാളികൾക്കുള്ള ഹെൽപ് ഡസ്ക്, ആത്മീയ മജ്ലിസ്, മുംബയ്കാരായ വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാനുള്ള ഗൈഡൻസ് & അഡ്മിഷൻ സെൽ, ധാരാവി മസ്ജിദും മദ്രസയും, ചേരിപ്രദേശങ്ങളിലെ പാവപ്പെട്ടവർക്ക് ചാരിറ്റി പ്രവർത്തനങ്ങൾ അടക്കം നിരവധി പദ്ധതികളുണ്ട്. സഹായങ്ങൾക്ക് അബ്ദുള്ള സഖാഫി 8075073784 മുംബൈ മർകസ് '
ആസഫ് മുഹമ്മദ് നൂറാനി വരപ്പാറ
16/12/2025
മുംബൈ യാത്ര - 6
മുംബയിലെ അൻജുമനെ ഇസ്ലാമും മുസ്ലിം വിദ്യാഭ്യാസ പ്രവർത്തനങ്ങളും.
നിസ്കാരത്തിന് പള്ളി അന്വേഷിച്ചപ്പോഴാണ് ഒരു വിദ്യാർത്ഥി തൻ്റെ സ്ഥാപനത്തിൽ പള്ളിയുണ്ടെന്ന് പറഞ്ഞ് അൻജുമനേ ഇസ്ലാമിൻ്റെ കാമ്പസിലേക്ക് കൊണ്ട് പോയത്. ഉയർന്ന കെട്ടിടങ്ങളോട് കൂടെ പ്രൗഢിയും നിലവാരവുമുള്ള കാമ്പസും ചേർന്ന് പള്ളിയും കണ്ടപ്പോൾ മുസ്ലിം വിദ്യാഭ്യാസത്തിനുള്ള വിവിധ ശ്രമങ്ങൾ ഓർത്തുപോയി.1874 ൽ മുംബൈയിൽ സ്ഥാപിതമായ അൻജുമൻ്റെ ശില്പി ബോംബെ ഹൈ കോർട്ട് ആദ്യ ചീഫ് ജസ്റ്റിസ് ബദ്റുദ്ദീൻ ത്വയ്ബജി ആണ്.മഹാരാഷ്ട്രയിലുടനീളം അനേകം സ്കൂളുകൾ, കോളേജുകൾ, ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഹോസ്റ്റലകൾ, സാമൂഹ്യ-സേവന കേന്ദ്രങ്ങൾ എന്നിവ ഇതിന് കീഴിലുണ്ട്.
പ്രത്യേകിച്ചും പിന്നാക്ക സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആവശ്യക്കാർക്ക് സ്കോളർഷിപ്പുകൾ നൽകുന്നുമുണ്ട്. കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തര തലങ്ങൾ വരെയുള്ള സമഗ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് .വർഷവും ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് പഠനവും കൂടാതെ 50,000 പേർക്ക് ആരോഗ്യ പരിചരണവും നൽകുന്നു.Early Childhood Development (ECD), Community Health Program, Research and Development , Women Empowerment Program ,ഉറുദു ഗവേഷണം,മാനേജ്മെന്റ്, മെഡിക്കൽ, ഫാർമസി, എഞ്ചിനീയറിംഗ് പഠനങ്ങൾ,ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങി വൈവിധ്യ മേഖലകളിൽ പ്രവർത്തിക്കുന്നു. 1968 മുതൽ തങ്ങളുടെ ടിബിയ കോളേജ് ഫോർ യുനാനി മെഡിസിൻ 2,000-ത്തിലധികം ഡോക്ടർമാരെ സൃഷ്ടിച്ചിട്ടുണ്ട്.മുംബൈയിലെ വെർസോവയിലും പൂനെയിലെ ബണ്ട് ഗാർഡനിലുമുള്ള അനാഥാലയങ്ങൾ പെൺകുട്ടികൾക്കുള്ളതാണ്.ഇന്നും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലൂടെ സമൂഹത്തിന് സേവനം ചെയ്ത് വരുന്ന അൻജുമനേ ഇസ്ലാം, മഹാരാഷ്ട്രയിലെ മുസ്ലിം വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു സുപ്രധാന പങ്ക് വഹിച്ച സ്ഥാപനം എന്ന നിലയിൽ അറിയപ്പെടുന്നു.
മുസ്ലിംകളുടെ ആധുനിക വിദ്യാഭ്യാസ പഠനം ലക്ഷ്യമാക്കി വ്യത്യസ്ഥ സംവിധാനങ്ങൾ വ്യക്തികളുടെയും കൂട്ടായ്മകളുടെയും ശ്രമഫലമായി ഇന്ത്യയിൽ വളർന്നു വന്നിട്ടുണ്ട് . 1875 ൽ അലീഗർ മുസ്ലിം യൂണിവേഴ്സിറ്റിയെ (ആദ്യം മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്,1920 മുതൽ AMU) പോലുള്ള പൊതു സ്ഥാപനങ്ങളുണ്ട്.മത സാംസ്കാരികപരമായ അടിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇവയ്ക്കെതിരെ വിമർശനങ്ങളുണ്ടായിരുന്നു. കൊളോണിയൽഭരണ സാഹചര്യങ്ങളും അതേയസമയത്ത് ആഗോളതലത്തിൽ ആധിപത്യം ചെലുത്തിയ പാശ്ചാത്യൻ ആധുനിക വിദ്യാഭ്യാസവും ലോക ക്രമത്തിൽ വരുത്തിയ മാറ്റങ്ങളെ അഭിമുഖീകരിക്കാൻ മുസ്ലീങ്ങളുടെ പക്ഷത്തുനിന്ന് ഉണ്ടായ വ്യത്യസ്ത ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇവയെല്ലാം.ഒരു വിഭാഗം ആധുനികതയെ അതേപടി പെട്ടെന്ന് സ്വീകരിക്കുന്ന രീതിയാണ് കൈക്കൊണ്ടത്.ആശങ്കകളോ പ്രതിസന്ധികളോ ആഗ്രഹങ്ങളോ സ്വാധീനങ്ങളോ തുടങ്ങി വ്യത്യസ്ത കാരണങ്ങൾ ഇതിന് പിന്നിൽ വർത്തിച്ചിട്ടുണ്ടാകും.സൂക്ഷ്മാർഥത്തിലൂടെ ആലോചിച്ചു കൊണ്ട് തന്നെ മുസ്ലിം മതപണ്ഡിതരും ഈ സാഹചര്യത്തിൽ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്.അവരുടെ നേതൃത്വത്തിൽ ആത്മസംസ്കരണജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ദാറുൽ ഉലൂം മദ്രസ സംവിധാനങ്ങളും മത വിദ്യാഭ്യാസത്തെയും ആധുനിക വിദ്യാഭ്യാസത്തെയും സമന്വയിപ്പിക്കുന്ന കരിക്കുലങ്ങളും സാംസ്കാരികാടിത്തറ നിലനിർത്തി കൊണ്ടുള്ള ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളം ഉണ്ടായത് മുസ്ലിം സാമൂഹിക മുന്നേറ്റത്തിൽ ചേർത്തുവെക്കേണ്ട കാര്യങ്ങളാണ്. 1766 ൽ വെല്ലൂർ ലത്തീഫിയ്യ,1857 ൽ വെല്ലൂർ ബാഖിയാത്ത്,1866 ൽ ദാറുൽ ഉലൂം ദയൂബന്ദ് ,1873 ൽ മദ്‌റസേ ആലിയ ഹൈദരാബാദ്,1876 ൽ ജാമിഅ നിളാമിയ്യ ഹൈദരാബാദ്,1893 ൽ
ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ ലഖ്നൗ യു.പി. തുടങ്ങി പത്തൊൻപതാം നൂറ്റാണ്ടിലും ശേഷം ഇരുപതാം നൂറ്റാണ്ടിലും ധാരാളം സ്ഥാപനങ്ങൾ ഉണ്ടായിട്ടുണ്ട്.പൊതുവായി മുസ്ലിം സ്ഥാപനങ്ങളെ രണ്ടായി തിരിക്കാം.ഒന്ന് മത പഠനത്തെ ഫോക്കസ് ചെയ്യുന്ന ദാറുൽ ഉലൂം മദ്രസകൾ .മതവിജ്ഞാനീയങ്ങളെ ആഴത്തിൽ പഠിക്കുന്നതോടൊപ്പം തന്നെ ആധുനിക വിദ്യാഭ്യാസവും ഭാഷകളും ടെക്നോളജിയും സമന്വയിപ്പിച്ചുകൊണ്ട് വർത്തമാന ലോകത്തോട് ബന്ധിപ്പിക്കുന്ന മാറ്റങ്ങൾ ഇത്തരം സംവിധാനങ്ങളിൽ നടക്കേണ്ടതുണ്ട്.രണ്ടാമത്തേത് ആധുനിക വിദ്യാഭ്യാസം ഫോക്കസ് ചെയ്യുന്ന കോളേജുകളാണ്.ഇസ്ലാമിൻറെ സാംസ്കാരികമായ മൂല്യങ്ങളെ അടിസ്ഥാനവഹിച്ചുകൊണ്ടുള്ള സംവിധാനങ്ങൾ ആയി ഇവയെ നിലനിർത്താനും സാധിക്കണം. ഈരണ്ടു സംവിധാനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടും വർത്തമാന സാഹചര്യത്തിൽ വരുത്തേണ്ട മാറ്റങ്ങൾ രൂപപ്പെടുത്താനുള്ള ദേശീയ കൂട്ടായ്മകൾ അനിവാര്യമാണ്.
ഇന്ത്യയിലെ മുസ്ലിം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സാന്നിദ്ധ്യത്തെക്കുറിച്ച് അവസാനമായി വന് AISHE 2021-2022 റിപ്പോർട്ട് വിലയിരുത്തുന്നത് ആവശ്യമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആകെ എൻറോൾമെൻ്റിൻ്റെ 4.87% മാത്രമാണ് മുസ്ലിം വിദ്യാർത്ഥികൾ.ഇത് ദേശീയ ജനസംഖ്യയിലെ 14% എന്ന ശതമാനത്തേക്കാൾ വളരെ കുറവാണ്.
IIT, IIM, NIT പോലുള്ള പ്രധാന ദേശീയ സ്ഥാപനങ്ങളിലെ മുസ്ലിം വിദ്യാർത്ഥികളുടെ പങ്കാളിത്തം 1.76% ആണ്.ഉന്നത ഗവേഷണ കോഴ്സുകളിലെ (Ph.D.) പങ്കാളിത്തം 0.17% മാത്രമാണ്.
വളർച്ചാ പ്രവണത: 2014-15 മുതൽ 2021-22 വരെ മൊത്തം മുസ്ലിം എൻറോൾമെൻ്റിൽ 37.5% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും
2019-20 (5.5%) നെ അപേക്ഷിച്ച് 2021-22 (4.87%) കാലയളവിൽ മുസ്ലിം വിദ്യാർത്ഥികളുടെ ആകെ പങ്കാളിത്ത ശതമാനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്.കേരളവും (14.36%)പശ്ചിമ ബംഗാളും 12.33% ആണ് മുന്നിലുള്ളത്.ഉത്തർപ്രദേശും 4.68%
മഹാരാഷ്ട്രയും 3.38 ഏറ്റവും പിറകിലുമാണ്. ആലിമുകളുടെ നേതൃത്വത്തിൽ അൻജുമനേ ഇസ്ലാം, അലീഗഡ് പ്രസ്ഥാനങ്ങളുമായി ചേർന്ന് കൊണ്ടുള്ള പ്രവർത്തനളാണ് വേണ്ടത്. മദ്രസാ മോഡേണൈസേഷനടക്കമുള്ള വ്യാപകമായി ആവശ്യമായ പദ്ധതികൾ അടിയന്തരമായി പ്രയോഗവൽക്കരിക്കാനുള്ള വഴികളെ ഇവ എളുപ്പമാക്കും.
ആസഫ് മുഹമ്മദ് നൂറാനി വരപ്പാറ
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Markaz Garden
Calicut