08/09/2021
വകുപ്പ് മന്ത്രിയുടെ പോസ്റ്റ്...
സംസ്ഥാനത്തെ ജനവിഭാഗങ്ങളെയാകെ ചേർത്തുപിടിച്ചു മുന്നോട്ടു നയിക്കുക എന്നുള്ളതാണ് സർക്കാർ നയം. എല്ലാവരുടെയും ക്ഷേമം ഉറപ്പു വരുത്തുന്നതോടൊപ്പം ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് കൂടുതൽ ശ്രദ്ധയും നൽകേണ്ടതായിട്ടുമുണ്ട്.
പട്ടികജാതി, പട്ടികവർഗ്ഗ ജനവിഭാഗമാണ് സംസ്ഥാനത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗം. വിദ്യാഭ്യാസമേഖലയിലെ മുന്നേറ്റത്തിലൂടെ മാത്രമേ സാമൂഹിക മുന്നേറ്റവും യാഥാർത്ഥ്യമാകൂ എന്ന കാഴ്ചപ്പാടോടു കൂടിയാണ് പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പുകൾ പ്രവർത്തിച്ചുവരുന്നത്.പ്രാഥമികതലം മുതൽ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗം വരെയുള്ള പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗം വിദ്യാർഥികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ മുഖേന വിദ്യാഭ്യാസ ആനുകൂല്യം നൽകിവരുന്നുണ്ട്.കൂടാതെ ഇതരസംസ്ഥാനങ്ങളിലെയും, വിദേശരാജ്യങ്ങളിലെയും മികച്ച സർവ്വകലാശാലകളിൽ നിന്നും വിദ്യാഭ്യാസം നേടുന്നതിനും ധനസഹായം ഉണ്ട് .
വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകി അവരെ സാങ്കേതിക വിജ്ഞാന മേഖലകളിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടുകൂടി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 44 ഐ.ടി.ഐ.കളിലെ 2021-22 അക്കാദമിക വർഷത്തേക്കുള്ള അഡ്മിഷന് ഇപ്പോൾ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. 2021 സെപ്തംബർ 15 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 80 ശതമാനം സീറ്റുകൾ പട്ടികജാതി വിദ്യാർഥികൾക്കും , 10 ശതമാനം സീറ്റുകൾ വീതം പട്ടികവർഗ്ഗ, പൊതു വിഭാഗവിദ്യാർത്ഥികൾക്കുമായി മാറ്റിവക്കപ്പെട്ടിരിക്കുന്നു.
കോഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനം പൂർണ്ണമായും സൗജന്യമായിരിക്കും.കൂടാതെ യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ,
ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.scdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്