03/11/2022
കാവ്യനീതി തേടുന്ന മിശിഹ
കാവ്യനീതി എന്ന സങ്കല്പത്തിന് മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും മുമ്പിൽ പകച്ചുനിന്ന പ്രാചീന മനുഷ്യന് പ്രതീക്ഷയും ആശ്രയവും ഏകിയത് ഈ വിശ്വാസമാണ്. മനുഷ്യന് സമാനമായ ഒരു നീതിബോധം പ്രപഞ്ച നിയമങ്ങൾക്കും ഉണ്ട് എന്ന ചിന്ത. ചരിത്രത്തിൻറെ ആരംഭം മുതൽ ഇന്ന് വരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിശ്വാസപ്രമാണങ്ങളും ഐതിഹ്യങ്ങളും ഇതിഹാസങ്ങളും ഈ വിശ്വാസത്തിൻറെ പ്രതിഫലനങ്ങൾ ആണ്. നാം അറിഞ്ഞ ചരിത്രത്തിലും കഥകളിലും ഇതിൻറെ മാറ്റൊലി കേൾക്കാം. എന്തിനേറെ പറയുന്നു, കുപ്പ പെറുക്കുന്നവൻ മുതൽ കോടിയുടുക്കുന്നവൻ വരെ നീതിബോധത്തിന്റെ കണക്ക് പുസ്തകവുമായി ആരോ കാവലുണ്ട് എന്ന പ്രതീക്ഷയിലാണ് പ്രതിസന്ധികളെ നേരിടുന്നത്. അങ്ങനൊരു ജനതയുടെ ഹൃദയമിടിപ്പും പോരാട്ടവീര്യവും ആവേശവും ഉൾക്കൊണ്ട ഫുട്ബോൾ അതിൻറെ പാരമ്യത്തിൽ അരങ്ങേറുമ്പോൾ മറ്റേതൊരു ലോകകപ്പിനെക്കാളും വിശേഷപ്പെട്ടതാണ് ഇക്കുറി സംജാതമായിരിക്കുന്നത്. കാരണം ഒരു കൂട്ടം ഇതിഹാസങ്ങൾ ആണ് ഇവിടെ പടിയിറങ്ങുന്നത്. അതിൽ ഒരു മിശിഹയും ഉണ്ട് . അയാളുടെ കിരീടധാരണം നക്ഷത്രങ്ങളിൽ കുറിച്ചിട്ടുണ്ടോ എന്നതാണ് ഇതിൽ ഏറ്റവും ആകാംഷയോടെ നാം ഉറ്റു നോക്കുന്നത്.
ലയണൽ ആന്ദ്രെസ് മെസ്സി എന്ന കളിക്കാരനെ പറ്റി ഇനി എഴുതാൻ വാക്കുകളില്ല. ഏതൊരു കവിക്കും വർണ്ണിക്കാൻ കഴിയുന്നതിനുമപ്പുറം ഭംഗിയിൽ, മേന്മയിൽ മഹാകാവ്യങ്ങൾ അയാൾ പച്ചപ്പുൽ മൈതാനിയിൽ ഒരു തുകൽ പന്തുകൊണ്ട് നടത്തിക്കഴിഞ്ഞിരിക്കുന്നു. പെപ്പ് ഗാർഡിയോള പറഞ്ഞതുപോലെ "don't write about him, don't try to describe him, just watch him". കാൽപന്ത് കളിയിൽ അസാധ്യമായതും മനുഷ്യപരിമിതമായതും അയാൾ അനായാസം മറികടന്നിരിക്കുന്നു. ഒരു കമ്പ്ലീറ്റ് പാക്കേജ് എന്ന നിലയിൽ ഫുട്ബോളിൽ പല മേഖലകളിൽ ലോകോത്തര നിലവാരം കാഴ്ചവയ്ക്കുന്ന അപൂർവം ചില പ്രതിഭകൾ ഉണ്ട്, ഒന്നിലേറെ പൊസിഷനുകളിൽ മാറ്റുരയ്ക്കുന്നവർ. അതുപോലെ ഓരോ പൊസിഷനിലും എക്കാലത്തെയും മികച്ചത് എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചില അഗ്രഗണ്യരുമുണ്ട്. എന്നാൽ ഡ്രിബ്ലിംഗ്, പാസ്സിംഗ്, സ്കോറിംഗ് , ചാൻസ് ക്രിയേഷൻ, വിഷൻ, ബോൾ കണ്ട്രോൾ, പ്രസ്സ് റസിസ്റ്റൻറ്, സ്പേസ് ക്രിയേഷൻ എന്നിങ്ങനെ എല്ലാ മേഖലകളിലും തന്റേതായ ആധിപത്യം അരക്കിട്ട് ഉറപ്പിച്ച ഒരു പ്രതിഭാസം ചരിത്രത്തിൽ മെസ്സി അല്ലാതെ ആരെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നുള്ളത് സംശയകരമാണ്. ഫുട്ബോൾ ചരിത്രത്തിൽ അസംഭവ്യവും അസാധ്യവും ആയ കൊടുമുടികൾ കീഴ്പ്പെടുത്തിയ അദ്ദേഹത്തിന് പക്ഷേ എന്നും അന്യം നിന്നു പോയത് ഫുട്ബോളിലെ ഏറ്റവും അമൂല്യമായ ആ നിധിയാണ് - വേൾഡ് കപ്പ്.
ഫുട്ബോൾ എന്ന ലഹരി നുകർന്ന ആരും തന്നെ ലോകകപ്പിനെ സ്വപ്നം കാണാതിരുന്നിട്ടില്ല. തൻറെ പാദങ്ങളാൽ പന്തിനെ ചുംബിച്ച ഒരു വ്യക്തി പോലും അതിനെ കൊതിക്കാതെയും ഇരുന്നിട്ടില്ല. ഒരു ഫുട്ബോളർ, അയാൾ എത്ര വലിയവൻ ആയിരുന്നു എന്നിരുന്നാൽ കൂടി ലോകകപ്പിനെ സ്വന്തം കയ്യാൽ സ്പർശിക്കാൻ ആയില്ലെങ്കിൽ തന്റെ കരിയറിൽ ഒരു അപൂർണ്ണത, ഒരു നഷ്ടബോധം, അത് എക്കാലവും അവശേഷിക്കും. ആരും കൊതിക്കുന്ന നേട്ടങ്ങളെല്ലാം നേടിയെടുത്ത മെസ്സി താനിതുവരെ നേടിയെടുത്ത എല്ലാ നേട്ടങ്ങളെക്കാൾ വിലമതിക്കുന്നതും തൻറെ കരിയറിലെ ഏറ്റവും വലിയ നഷ്ടബോധമായി പറയുന്നതും തന്റെ മാതൃരാജ്യത്തിനുവേണ്ടി അയാൾക്ക് സമ്മാനിക്കാൻ സാധിക്കാതിരുന്ന ലോകകപ്പിനെയാണ്. എട്ടു വർഷങ്ങൾക്കു മുമ്പ് അന്ന് അയാൾ അത് സാക്ഷാത്കരിച്ചിരുന്നെങ്കിൽ ഫുട്ബോൾ ചരിത്രത്തിൽ മെസ്സിയുടെ കിരീടവകാശത്തെ സംബന്ധിച്ച് ഇന്ന് നാം കാണുന്ന ചർച്ചകൾ അപ്രസക്തമായേനെ. അന്ന് അയാൾ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവുമായി പടിയിറങ്ങിയത് അഭിമാനത്തോടെ അല്ല, മറിച്ച് ഹൃദയം നുറുങ്ങി ഒരു പരാജിതനെ പോലെ ആയിരുന്നു. അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് അവിടെ പൊലിഞ്ഞത്.
എന്നാൽ ഒരുപക്ഷേ 2014 ലോകകപ്പിലെ പരാജയമാകാം മെസ്സി എന്ന കളിക്കാരനെ ഇന്നിത്രയും ഔന്നിത്യത്തിൽ എത്തിച്ചത്. വീഴ്ചകളിൽ നിന്ന് മാത്രമേ നമുക്ക് പരിമിതികൾ മനസ്സിലാക്കാനും പുതിയ ഉയരങ്ങൾ കീഴടക്കാൻ ആവശ്യമായ കഴിവുകൾ മെച്ചപ്പെടുത്താനും സാധ്യമാകുകയുള്ളു. അതിനുത്തമ ഉദാഹരണമാണ് മെസ്സിയുടെ കരിയർ. മെസ്സി എന്ന പ്രതിഭയുടെ വേറൊരു തലം നമുക്ക് കാണാൻ സാധിച്ചത് 2014 ലോകകപ്പിന് ശേഷം ആണ്. മെസ്സി എന്ന ലീതൽ ഫോർവേഡിനെ കണ്ടു ശീലിച്ച നമുക്ക് ഒരു ക്രിയേറ്റീവ് ജീനിയസ് അയാളിൽ ഉറങ്ങി കിടപ്പുണ്ട് എന്ന് തിരിച്ചറിഞ്ഞത് 2014 ന് ശേഷമാണ്. എതിരാളികളെ നിഷ്പ്രഭം ആക്കുന്ന തന്റെ ഇടം കാലിനെ തന്റെ അതുല്യമായ ഫുട്ബോളിംഗ് ഇൻറലിജൻസ് നിയന്ത്രിക്കാൻ തുടങ്ങിയതോടുകൂടി ഫൈനൽ വൺ തേർഡിൽ മാൻ മാർക്കിങ്ങിനെ അതിജീവിക്കുന്ന ഫിനോമിനൽ അറ്റാക്കർ എന്നതിലുപരി കളിക്കളത്തിന്റെ ഏതു ഭാഗത്തുനിന്നും കളിയെ മാറ്റിമറിക്കാൻ കഴിയുന്ന സോണൽ മാർക്കിങ്ങിനു പോലും സ്പർശിക്കാൻ ആകാത്ത ദി മോസ്റ്റ് കംപ്ലീറ്റ് പ്ലെയർ എന്ന വിശേഷണത്തിന് അയാൾ അർഹനായി. എന്നിരുന്നാലും ആ ലോകകപ്പ് പരാജയം അദ്ദേഹത്തെയും അർജൻറീന ആരാധകരെയും എല്ലാകാലവും അലട്ടിക്കൊണ്ടിരുന്നു. പിന്നീട് ക്ലബ് ഫുട്ബോളിൽ നേട്ടങ്ങൾ കൊയ്തപ്പോഴും അർജൻറീനക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും തുടരെ സംഭവിച്ച കോപ്പ അമേരിക്ക ഫൈനലുകളിലെ പരാജയം അയാൾക്ക് താൻ ഏറ്റവും അധികം സ്നേഹിച്ച അർജൻറീനയുടെ ജേഴ്സിയിൽ ഒരു ദുരന്ത നായകൻറെ പരിവേഷമാണ് നൽകിയത്. അതേ തുടർന്നുണ്ടായ റിട്ടയർമെന്റും അതിനുശേഷം ഒരു നേരിയ പ്രതീക്ഷ നൽകിയ തിരിച്ചുവരവും ഒരു നല്ല കാലമല്ല അയാൾക്ക് സമ്മാനിച്ചത്. പിന്നീട് അർജൻറീന ടീമിന് വന്ന തകർച്ചയും അർജൻറീന ഗോൾഡൻ ജനറേഷന്റെ അവസാനവും എല്ലാം അയാൾക്ക് ഇനി ഒരിക്കലും ലോകകപ്പ് കിരീടം സ്വപ്നം കാണാൻ സാധിക്കില്ല എന്ന നിലയിലേക്കാണ് കാര്യങ്ങളെ കൊണ്ട് എത്തിച്ചത്.
ഈയൊരു അവസരത്തിലാണ് 2018 ലോകകപ്പിന് ശേഷം ലയണൽ സ്കലോണി അർജൻറീന നാഷണൽ ടീമിൻറെ പരിശീലകനാവുന്നത്. ഒരു തുടക്കക്കാരന്റെ യാതൊരു പകപ്പും കൂടാതെ സ്കലോണി തന്റെ സഹപ്രവർത്തകരും മുൻ അർജൻറീന താരങ്ങളും ആയ പാബ്ലോ അയ്മർ, റോബർട്ടോ അയാള, വാൾട്ടർ സാമുവൽ എന്നിവരടങ്ങുന്ന ഒരു ശക്തമായ ബാക്ക്റൂം കെട്ടിപ്പടുക്കുകയും അതോടൊപ്പം തന്നെ യുവത്വവും എക്സ്പീരിയൻസും ഒരേ പോലെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ടീം വാർത്ത് എടുക്കുകയും ചെയ്തു. വർഷങ്ങളായി നാം കണ്ടുവന്നിരുന്ന അർജൻറീന സ്ക്വാഡിന് വിപരീതമായി ഇത്തവണ പ്രതീക്ഷക്കു വക നൽകുന്ന ഒരുപാട് കാര്യങ്ങൾ നമുക്ക് കാണാനാകും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അർജൻറീന ഒരു പ്രോപ്പർ ബാലൻസ്ഡ് ഫുട്ബോൾ ടീമാണ് എന്നുള്ളതാണ്. ഇതിനുമുമ്പ് നടന്ന എല്ലാ ടൂർണമെന്റുകളിലും ഒരേ പൊസിഷനിൽ കളിക്കുന്ന ഒന്നിലധികം വേൾഡ് ക്ലാസ് പ്ലെയേഴ്സ് ആണ് ഉണ്ടായിരുന്നത്. ഡിഫൻസ്, മിഡ്ഫീൽഡ്, ഗോൾ കീപ്പർ എന്നീ മേഖലകളെല്ലാം തീർത്തും ശരാശരി ആയിരുന്നു. 2014 വേൾഡ് കപ്പിൽ അർജൻറീനയുടെ ഗോൾഡൻ ജനറേഷനിൽ മെസ്സി യോടൊപ്പം മുൻ നിരയിൽ ബാക്കി രണ്ട് പൊസിസിൽ ഡി മരിയ, അഗ്വേറോ, ഹിഗ്വെയ്ൻ, ലവേസ്സി എന്നിവർ ഉണ്ടായിരുന്നപ്പോൾ മറ്റു പൊസിഷനുകളിൽ വേൾഡ് ക്ലാസ് എന്ന് പറയാൻ മഷറാണോ, സബലേറ്റ എന്നിവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫെർണാണ്ടൊ ഗാഗോയും ഡെമിഷലീസും ടീമിൽ ഉണ്ടായിരുന്നു എങ്കിൽ കൂടി അവർ കരിയറിന്റെ നല്ലകാലം കഴിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ ഇന്ന് ആവട്ടെ മെസ്സിക്കും ഡി മരിയക്കും പുറമേ ലൗട്ടാറോ മാര്‍ട്ടിനെസ് മാത്രമേ വേൾഡ് ക്ലാസ് എന്ന വിശേഷണത്തിന് അർഹൻ ഉള്ളൂ. എന്നാൽ മറ്റു സ്ഥാനങ്ങളിൽ എല്ലാം തന്നെ എബൗവ് ആവറേജ് എന്ന് നമുക്ക് കരുതാവുന്ന ഡീ പോൾ, പരേഡസ്, ക്രിസ്ത്യൻ റോമേറോ, ലിസാൻഡ്രോ മാർട്ടിനസ്, എമിലിയാനോ മാർട്ടിനസ് എന്നിവർ കളിക്കുന്നുണ്ട്. അതിൽ ഏറ്റവും നിർണായകം കളിക്കളത്തിൽ ഇറങ്ങുന്ന 11 പേരും പരസ്പരം പോരായ്മകൾ പരിഹരിച്ച് ഒരു യൂണിറ്റായി കളിക്കുന്നു എന്നതാണ്. എല്ലാ പൊസിഷനുകളിലും വേൾഡ് ക്ലാസ് പ്ലെയേഴ്സ് ഉണ്ടെങ്കിൽ കൂടിയും ടീം ബാലൻസ്ഡ് അല്ലെങ്കിൽ എതിരാളികൾ ഒത്തിണക്കത്തോടെ കളിക്കുന്ന ശരാശരിക്കാരുടെ ഒരു ടീമിനു മുന്നിൽ അടിയറവ് പറയേണ്ടിവരും എന്നുള്ളത് ഫുട്ബോളിന്റെ ഒരു സവിശേഷതയാണ്. മുൻ വർഷങ്ങൾക്കു വിപരീതമായി സ്ക്വാഡിൽ വേൾഡ് ക്ലാസ് പ്ലെയേഴ്സിന്റെ എണ്ണം കുറവാണെങ്കിലും ഉള്ളവർ ഒരൊറ്റ മനസ്സും ഹൃദയവുമായി പോരാടുന്നു എന്നുള്ളതാണ് അർജൻറീനയുടെ ഏറ്റവും വലിയ ശക്തി, അതാണ് അർജൻറീനയെ ലോകകപ്പ് ഫേവറേറ്റുകളിൽ ഒന്ന് ആക്കുന്നതും.
ഇതിൽ എടുത്തു പറയേണ്ടത് ഈ കളിക്കാർ എല്ലാം തന്നെ ഭ്രാന്തമായ മെസ്സി ഫാൻ ബോയ്സ് ആണെന്നുള്ളതാണ്. ഡി മരിയയും ഒട്ടാമണ്ടിയും ഒഴിച്ചുള്ള ടീമിലെ എല്ലാ കളിക്കാർക്കും മെസ്സി ഒരു ടീം മേറ്റ് മാത്രമല്ല, അവരുടെ ചൈൽഡ്ഹുഡ് ഹീറോ കൂടിയാണ്. അവർ ഈ ലോകകപ്പ് കളിക്കുന്നത് തങ്ങൾ ജയിക്കണമെന്ന ആഗ്രഹത്തെക്കാൾ ഉപരി തങ്ങളുടെ ഹീറോയുടെ സ്വപ്ന സാക്ഷാത്കരത്തിൽ പങ്കു വഹിക്കുക എന്ന ദൃഢ നിശ്ചയത്തിലാണ്. 2021 കോപ്പയിലും ജൂണിൽ നടന്ന ഫൈനലിസ്സിമയിലും നാം അത് നേരിട്ട് കണ്ടതാണ്. അവർ അവരുടെ മിശിഹായ്ക്കായി യുദ്ധത്തിനു വരെ പോകാൻ തയ്യാറാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് കാണുന്ന ഓരോ മെസ്സി ആരാധകനും ആശ്വസിക്കാം, ഏതോ പത്ത് കളിക്കാർ അല്ല അയാളുടെ കൂടെ കളിക്കുന്നത്, അത് നമ്മെ പോലെ മെസ്സിയെക്കാൾ കൂടുതൽ മെസ്സി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന അയാളുടെ ആരാധകർ തന്നെയാണ്. അതുകൊണ്ട് എല്ലാം തന്നെ കാലത്തിൻറെ കാവ്യനീതി മെസ്സിയോടൊപ്പം ആണെന്ന് തോന്നുന്നതിൽ തെല്ലും തെറ്റില്ല.
ഇതിനെല്ലാം പുറമേ ഒരു ഇന്ത്യൻ കായികപ്രേമി എന്ന നിലയിൽ നമുക്ക് കാണാൻ സാധിക്കുന്ന ചില സമാനതകൾ ഉണ്ട്. മെസ്സിക്ക് മുമ്പ് നമ്മൾ ഹൃദയത്തിൽ ഏറ്റിയ മറ്റൊരു നമ്പർ 10 ഉണ്ട്, തൻറെ സിദ്ധി കൊണ്ട് ഉയരത്തിന്റെ പരിമിതിയെ അതിജീവിച്ച മറ്റൊരു മഹാപ്രതിഭ - സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റിൽ സച്ചിനും ഫുട്ബോളിൽ മെസ്സിയും തമ്മിൽ നമുക്ക് തോന്നുന്ന സമാനതകൾ ആകസ്മികമല്ല. ഇത്രയും അനായാസമായി കാവ്യാത്മകമായി ഇവരോളം ആരും തന്നെ കളിക്കളത്തിൽ വിസ്മയം തീർത്തിട്ടില്ല. Simplicity is genius എന്ന് ഐൻസ്റ്റീൻ പറഞ്ഞത് നിസ്സംശയം തെളിയിച്ചവർ. ബോത്ത് ആർ ജീനിയസസ്. ബോത്ത് ആർ ആർട്ടിസ്റ്റ്സ്. ഇവരുടെ കഴിവുകളിൽ മാത്രമല്ല കരിയറിനും ചില സമാനതകളുണ്ട്. 2014ൽ മെസ്സിക്ക് എന്ത് സംഭവിച്ചോ അതുതന്നെയാണ് 2003ൽ സച്ചിനും സംഭവിച്ചത്. രണ്ടുപേരും ടൂർണ്ണമെൻറിൽ എത്തിയത് ഗോൾഡൻ ജനറേഷനൊപ്പം. ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയേഴ്സ് ആയിരുന്നിട്ടു കൂടി ഫൈനലിൽ നിരാശ. തൊട്ടടുത്ത ലോകകപ്പിൽ തിരിച്ചടി. ഗോൾഡൻ ജനറേഷന്റെ അവസാനവും പ്രായാധിക്യവും ലോകകപ്പിന്റെ സാധ്യതകളെല്ലാം എഴുതിത്തള്ളിയപ്പോഴാണ് ക്രിക്കറ്റിന്റെ ദൈവത്തിനെ ആരാധിച്ച ഒരു യുവനിര അദ്ദേഹത്തെ ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് നയിച്ചത്. ക്രിക്കറ്റിന്റെ ദൈവത്തിന് തൻറെ 29-ാം വയസ്സിൽ അയാൾക്ക് നഷ്ടമായ അയാൾ അർഹിച്ച കിരീടം എട്ടുവർഷത്തിനുശേഷം തൻറെ അനുയായികളുടെ സഹായത്താലാണ് നേടിയെടുക്കാൻ ആയത്. ഫുട്ബോളിന്റെ മിശിഹായ്ക്ക് അയാളെക്കാലവും കൊതിച്ച അയാൾ അർഹിച്ച നേട്ടം എട്ടു വർഷങ്ങൾക്ക് ശേഷം പിടിച്ചെടുക്കാൻ തന്റെ അപ്പോസ്തലന്മാരുടെ അകമ്പടിയോടെ അയാളെത്തുമ്പോൾ നിമിത്തങ്ങൾ കണ്ടില്ല എന്ന് നടിക്കുക അസാധ്യം. കാലം അയാൾക്കായി എന്തോ കാത്തു വെച്ചതുപോലെ.
കാവ്യനീതി എന്നത് ഒരു സത്യമാണോ എന്നതിലുപരി അത് ഏകുന്ന പ്രതീക്ഷയാണ് അതിനെ പ്രസക്തമാക്കുന്നത്. അത് സാക്ഷാത്കരിച്ച അപൂർവ്വം നിമിഷങ്ങളെ ഉണ്ടായിട്ടുള്ളൂ. എന്നാൽ ആ നിമിഷങ്ങളാണ് മനുഷ്യന് പ്രതീക്ഷയും ഊർജ്ജവും പകർന്നത്. എല്ലാ സഹനത്തിനും സങ്കടത്തിനും അറുതിയായി അർഹിക്കുന്നവനെ തേടി അവൻ അവകാശപ്പെട്ടത് അവനിൽ എത്തും എന്ന വിശ്വാസം. അത്തരം നിമിഷങ്ങൾക്ക് എന്തോ ദൈവികതയുണ്ട് എന്ന് മനുഷ്യന് തോന്നിയത് ഒരുപക്ഷേ വെറുതെയായിരിക്കില്ല. ക്രിക്കറ്റിന്റെ ദൈവത്തിന് തനിക്ക് അർഹിച്ചത് ലഭിച്ചു, ഫുട്ബോളിന്റെ മിശിഹായ്ക്ക് അതിനുള്ള ഭാഗ്യം ലഭിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഒരു കാര്യം എന്തായാലും വ്യക്തമാണ്, മെസ്സിക്ക് ഫുട്ബോളിൽ ഇനി തെളിയിക്കാൻ ഒന്നും തന്നെ ബാക്കിയില്ല. എന്നാൽ ഫുട്ബോളിന് മെസ്സിയോടും ഫുട്ബോൾ ആരാധകരോടും ഒരു നീതി പുലർത്തേണ്ടതുണ്ട്. To not honor its greatest ever artist with its most coveted price, that's the failure of the art. ഫുട്ബോൾ എന്ന മഹാസൃഷ്ടി ഒരു നീതി നിഷേധത്തിന്റെ പേരിൽ അറിയപ്പെടുക എന്നുള്ളത് ഓരോ ആരാധകന്റെയും ഹൃദയത്തിലെ എക്കാലവും നീറുന്ന ഒരു മുറിവായിരിക്കും. ഡിയേഗോ മറഡോണയുടെ പിന്മുറക്കാർ ഈ ലോകകപ്പ് ഉയർത്തണം എന്നുള്ളത് അർജൻറീന ആരാധകരുടെ മാത്രമാഗ്രഹമല്ല, അത് മിശിഹായുടെ കിരീടധാരണം സ്വപ്നം കാണുന്ന ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ അനിവാര്യതയാണ്.
© Albiceleste Hearts of Kerala