16/11/2020
പ്രവാചക പ്രകീർത്തനത്തിന്റെ ആത്മീയാനുരാഗം
------------------------------------------------------------------
നബി കീർത്തനത്തിൽ ഞാൻ ചിന്താ തറച്ച മുതൽ...,
നബിയെന്റെ മോചകനായ് കണ്ടു ഞാൻ സർവ്വതിലും..
(ഖസീദതുൽ ബുർദ)
ഇമാം ബൂസ്വീരി(റ) പറയുന്നു "ഒരിക്കൽ എനിക്ക് പക്ഷ വാതം പിടിപെട്ടതിനാൽ ചലന ശേഷി നഷ്ടമായി. ചികിത്സകളൊന്നും ഫലിക്കുന്നില്ല. അവസാനം തിരു നബി (സ) യെ കുറിച്ച് ഒരു പ്രകീർത്തന കാവ്യം രചിക്കുക വഴി രോഗ ശമനത്തിന് പരിഹാരം തേടാമെന്ന് കരുതി. കവിത രചിച്ച ശേഷം രാത്രി ഞാൻ ഉറങ്ങി. തിരുനബിയെ സ്വപ്നത്തിൽ കണ്ട ഞാൻ എന്റെ രോഗവും വേദനയും തിരു മുമ്പിൽ അവതരിപ്പിച്ചു. ബുർദ മുഴുവൻ തിരു നബിയെ കേൾപ്പിച്ചു. അവിടുത്തെ കരം കൊണ്ട് നബി എന്റെ ശരീരമാകെ തടവി. ഞാൻ ഉണർന്നപ്പോൾ എനിക്ക് പൂർണ്ണാരോഗ്യം തിരിച്ച് കിട്ടിയിരിക്കുന്നു.
(ശറഹു ബുർദത്തുൽ ബൂസ്വൂരിയ്യ )
മറ്റൊരു അനുഭവം ബൂസ്വീരി തങ്ങൾ വിശദീകരിക്കുന്നു. ഞാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. വഴിയിൽ വെച്ച് കൂട്ടുകാരൻ അബൂ റജാഇനെ കണ്ടു. അദ്ദേഹം ചോദിച്ചു, താങ്കളുടെ നബി കീർത്തന കാവ്യം എനിക്കൊന്നു തരാമോ? ഏത് കവിത? നബിയെ കുറിച്ച് പല കവിതകളും ഞാൻ രചിച്ചിട്ടുണ്ടല്ലോ. ഞാൻ ചോദിച്ചു: "أمن تذكر جيران بذي سلم"എന്ന് തുടങ്ങുന്ന കാവ്യം, അബൂ റജാഅ മറുപടി പറഞ്ഞു. ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു: "അബൂ റജാ താങ്കൾ എവിടുന്നാണ് ഇത് കേട്ടത്? ഇത് ഞാൻ മറ്റൊരാൾക്കും കേൾപ്പിച്ചിട്ടില്ലല്ലോ..!". അദ്ദേഹം പറഞ്ഞു: "ഇന്നലെ രാത്രി താങ്കൾ ഈ കാവ്യം തിരു നബിക്ക് ചൊല്ലികൊടുക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. ഇളം കാറ്റിന്റെ തലോടലിൽ കുഞ്ഞിളം ചെടികൾ ഇളകിയാടുന്നത് പോലെ അവിടുന്ന് അത് ആസ്വദിക്കുന്നുണ്ടായിരുന്നു". ഞാൻ അബൂറജാഇന് ബുർദ കൊടുത്തു. അങ്ങനെ ബുർദ പ്രസിദ്ധമാകുകയും ചെയ്തു. (عصيدة الشهدة)
നബി കീർത്തനം അണമുറിയാതെ അനുരാഗത്തിന്റെ മന്ദമാരുതനായ് ഒഴുകണമെന്നത് ഇലാഹീ താല്പര്യമാണ്. അലം നശ്‌റഹ് സൂറത്തിലെ
ورفعنا لك ذكرك
(നിങ്ങളുടെ കീർത്തനത്തെ നാം ഉയർത്തി ) എന്ന ആയത്ത് ഇതിന്നുദാഹരണമാണ്. ഭൗതിക പ്രബഞ്ചത്തിനപ്പുറമുള്ള ലോകത്ത് ഇടമുറിയാതെ നബികീർത്തനം മുഖരിതമാകണം എന്ന അല്ലാഹുവിന്റെ താല്പര്യം ഖുർആൻ വിശ്വാസികളോട് ഏറ്റെടുക്കാൻ പറയുന്നുണ്ട്.
"തീർച്ച, അല്ലാഹുവും അവന്റെ മാലാഖമാരും നബിക്കായ് സ്വലാത്ത് വർഷിപ്പിക്കുന്നു. വിശ്വാസികളെ നിങ്ങളും സ്വലാത്തും, സലാമും തിരു സന്നിധിയിലേക്ക് സമർപ്പിക്കുക. (അഹ്സാബ് 56)
ആദികാലം മുതൽ തന്നെ അനുസ്യൂതം നിർവ്വഹിക്കപ്പെട്ട് വരുന്ന ഒരിനം ദിക്റാണ് സ്വലാത്ത് എന്ന് മേൽ സൂക്തം മനസ്സിലാക്കി തരുന്നു. സാങ്കേതികമായി ഈ സ്വലാത്തിനെ മൂന്നായി തിരിക്കാം. ദൈവീകമായവ, മലക്കുകളിൽ നിന്നുള്ളവ, മാനുഷികമായവ. ഈ മൂന്ന് വഴികളിലൂടെയും നബി(സ) എന്ന വ്യക്തിത്വത്തിന്റെ മേൽ സ്വലാത്ത്, സലാം വർഷിക്കപ്പെടുമ്പോൾ, "നിങ്ങളുടെ ദിക്റുകൾ നാം ഉയർത്തിയിരിക്കുന്നു" എന്ന അലം നശ്‌റഹിലെ പ്രസ്തുത സൂക്തത്തിന്റെ സൗന്ദര്യവും, പ്രതാപവും വർധിക്കുന്നു.
വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസമെന്ന് പഠിപ്പിക്കപ്പെട്ട ആരാധനയാണല്ലോ, "നിസ്കാരം". പ്രസ്തുത കർമ്മവും അതിന്റെ ഭാഗമായ വാങ്കും നബികീർത്തനത്തിൽ അന്തർലീനമാണ്. ഹസ്സാനുബിനു സാബിത് (റ) പറയുന്നു:
وضم الإلاه اسم نبي الي اسمه
إذ قال في الخمس المؤذن أشهد
"സ്വന്തത്തിലേക്കാ പ്രവാചക നാമം ചേർത്ത് വെച്ചു നാഥൻ,
പഞ്ച നിസ്‌കാരത്തിന്നായി ഉരുവിടും വാങ്കിൽ ചൊല്ലിടുന്നു ഞാൻ അശ്ഹദു". നിസ്കാരമാകട്ടെ റബ്ബിലേക്കുള്ള അഭിമുഖ ഭാഷണമാണ്. അത് തുടങ്ങിയാൽ പൂർത്തിയാക്കുന്നതിനിടയിൽ ലോകത്തെ മറ്റ് സൃഷ്ടികളോട് സംവദിച്ചാൽ കർമ്മം നിഷ്ഫലമാകുന്ന പോലെ തന്നെ മുത്ത് നബിയോട് അഭിവാദ്യമർപ്പിക്കാത്ത (..السلام عليك أيها النبي) പക്ഷവും നിസ്കാരം നിഷ്ഫലമാണ്. മൻഖൂസ് മൗലിദിൽ ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) പ്രതിപാദിച്ച പോലെ, "മാമരങ്ങളിൽ കുരുവികൾ കുറുകികൊണ്ടിരിക്കുന്ന കാലമത്രയും നബിയെ അങ്ങയുടെ മേൽ സ്വലാത്ത് വർഷിക്കട്ടെ ".
"ഓ നബിയെ താങ്കളെ നാം സാക്ഷിയായും സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുന്നവരായും, അവിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നവരായും, നാഥന്റെ സമ്മത പ്രകാരം ജനങ്ങളെ അവനിലേക്ക് ക്ഷണിക്കുന്നവരുമായി അയച്ചിരിക്കുന്നു". (33 : 45, 46). ഇങ്ങനെ പ്രവാചക പ്രകീർത്തനത്തിന്റെ മധുരം നൽകുന്ന ഖുർആനിക സൂക്തങ്ങളും, ഹദീസുകളും നിരവധിയാണ്.
ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് നിവേദനം. ഒരിക്കൽ പ്രവാചകരെ (സ) പ്രതീക്ഷിച്ചിരിക്കുന്ന സദസ്സിലേക്ക് കടന്ന് വന്ന നബി (സ) അവരെ ശ്രവിച്ച് കൊണ്ടിരുന്നു. ചിലർ ഇബ്രാഹിം നബിയെ (അ) കുറിച്ച് സംസാരിക്കുന്നു. മറ്റു ചിലർ മൂസാനബിയെ (അ) വാഴ്ത്തുന്നു. വേറെ ചിലർ ഈസ നബിയെ (അ) കുറിച്ചും ആദം നബിയെ (അ) കുറിച്ചുമൊക്കെ വാചാലമാകുന്നു. നബി (സ)അവരോട് സലാം കൊണ്ട് അഭിവാദ്യമർപ്പിച്ചു ഇപ്രകാരം പറഞ്ഞു. മുൻകാല പ്രവാചകന്മാരെ കുറിച്ച് നിങ്ങൾ പറഞ്ഞതെല്ലാം വസ്തുതകളാണ്. "അറിയുക ഞാൻ അല്ലാഹുവിന്റെ ഹബീബ് ആണ്. ഞാൻ അന്ത്യനാളിൽ ലിവാഉൽ ഹംദിന്റ വാഹകനാണ്. ഞാനാണ് ആദ്യമായി പുനർ ജനിക്കുന്നത്. എന്റെ കൂടെ ആ സമയത്ത് വിശ്വാസികളിലെ ദരിദ്രരരായ നിരവധി പേർ ഉണ്ടാകും (തുർമുദി).
പ്രതിഫലാർഹവും വിശുദ്ധവുമാണ് നബികീർത്തനങ്ങൾ, പ്രകീർത്തന സദസ്സുകളോടുള്ള വിമുഖത മുത്ത് നബിയോടുള്ള അനാദരവും, ധിക്കാരവുമാണ്. റബീഉൽ അവ്വലിൽ പ്രത്യേകിച്ചും പ്രവാചക പ്രകീർത്തന സദസ്സുകൾ ആസ്വദിക്കാകാതെ ഹാലിളകി നടക്കുന്നവർ തിരു നബിയെ(സ) മനസ്സിലാക്കാത്തത് കൊണ്ടാണ്. പ്രവാചകാനുരാഗത്തിൽ നബിയെ അധിക്ഷേപിച്ച സ്വപിതാവിനെ വധിച്ച സ്വഹാബി വര്യൻ അബൂ ഉബൈദ(റ) യെയും, നബിയെ ചീത്ത പറഞ്ഞതിന് സ്വന്തം പിതാവിന്റെ മുഖത്തടിച്ച അബൂബക്കർ(റ) വിനെയും പ്രവാചകപ്രേമത്തിന്റെ രീതികളെ ചോദ്യം ചെയ്യുന്നവർ ഏത് കണ്ണുകൊണ്ടാണ് നോക്കിക്കാണുന്നത്. പ്രവാചക പ്രകീർത്തനത്തിന്റെ ഗദ്യ, പദ്യ അവതരണങ്ങൾ ഖുർആൻ, ഹദീസ്, നബി സീറകൾ എന്നിവയിൽ നിന്ന് കടഞ്ഞെടുത്തതാണ്. ഇബിനു ഹിശാമിന്റെ സീറത്തുന്നബവിയ്യ, മുഹമ്മദുൽ ഗസ്സാലി (റ)യുടെ ഫിഖ്‌ഹുസ്സീറ, അല്ലാമാ ശഅറാവിയുടെയും, ഇബിനു ഹിബ്ബാന്റെയും, ഇബ്‌നു കസീറിന്റെയും നബി സീറകൾ പോലുള്ള മഹത് ഗ്രന്ഥങ്ങൾ പ്രസിദ്ധമാണ്.
പ്രവാചക പ്രകീർത്തത്തിലെ കവിയരങ്ങ്
അന്ധകാരം മുറ്റിയ ഹൃദയങ്ങളിൽ വെളിച്ചം കൊണ്ടുവന്ന 'സിറാജും, മുനീറു'മായ നബിയുടെ സ്വഭാവം, ആകാരം, എന്നിവയെ കുറിച്ചുള്ള വർണ്ണനകൾ. റൗളാ ശരീഫും മറ്റ് നബിയുടെ(സ) സാന്നിധ്യം കൊണ്ട് പവിത്രമായ സ്ഥലങ്ങളും സന്ദർശിക്കാനുള്ള അഭിനിവേശം,നബി ചരിത്രത്തിലെ ഏതെങ്കിലും സംഭവങ്ങളുടെ അനാവരണം, പ്രവാചകരെ ഉറക്കിൽക്കിലും, ഉണർവ്വിലും കാണാനുള്ള കൊതി, ശുപാർശയിൽ ഒരിടം ലഭിക്കാനുള്ള തേട്ടം ഇവയൊക്കെയാണ് പ്രകീർത്തന കാവ്യങ്ങളിലെ ഇതിവൃത്തം. നബി കീർത്തന കാവ്യങ്ങളുടെ വേരുകൾ തേടുമ്പോൾ, ഹസ്സാനുബ്നു സാബിത് (റ ), കഅബുബിനു സുഹൈർ (റ ), അബ്ദുല്ലാഹിബിനു റവാഹ (റ )തുടങ്ങി നബിയുടെ പ്രിയ സഖാക്കളിലേക്കാണ് എത്തുന്നത്.
ജന്മനാട്ടിലെ പീഡനങ്ങൾ അസഹ്യമായപ്പോൾ മദീനയുടെ മലർവാടിയിലേക്കണഞ്ഞ നബിയെ വരവേറ്റ ഇശലുകൾ, "طلع البدر علينا.." ("പൂർണ്ണ ചന്ദ്രൻ ഞങ്ങളിലേക്ക് ഉദിച്ചുയർന്നിരിക്കുന്നു..") തുടങ്ങുന്ന കാവ്യം ഹസ്സാൻ(റ) ന്റെതാണ് . നബി( സ) മദീനാ പള്ളിയിൽ പ്രത്യേകം ഇരിപ്പിടവും, സമ്മാനങ്ങളും നൽകി കവികളെ പ്രോത്സാഹിപ്പിച്ചത് പ്രകീർത്തനങ്ങളുടെ നീരൊഴുക്ക് അന്ത്യനാൾ വരെ പ്രവഹിക്കാനായിരുന്നു.
പ്രവാചകാനുരാഗികളായ സ്വഹാബികൾ തുടക്കം കുറിച്ച അപദാനങ്ങൾ താബിഉകളും, പിൽകാലക്കാരും നെഞ്ചിലേറ്റിയതോടെ കാവ്യ രൂപങ്ങൾക്ക് പുത്തനുണർവ് കൈവന്നു. ലോക പ്രശസ്ത കാവ്യ രചനയായ ഇമാം ബൂസ്വീരിയുട ഖസീദതുൽ ബുർദ, ഖസീദതുൽ മുഹമ്മദിയ്യ, ശൈഖ് ഉമർ വലിയുല്ലാഹിൽ ഖാഹിരിയുടെ അല്ലഫൽ അലിഫ്, മുഹമ്മദ് ഇബ്നു അബൂബക്‌ർ റഷീദുൽ ബാഗ്‌ദാദിയുടെ ഖസീദതുൽ വിത് രിയ്യ, യൂസുഫുന്നബ്ഹാനിയുടെ അൽ മജ്‌മൂഅതിന്നബ്ഹാനിയ്യ, ഉമർ ഖാളിയുടെ സ്വല്ലൽ ഇലാഹു ബൈത്, തുടങ്ങിയ കൃതികൾ, പ്രവാചക പ്രേമികൾക്ക് ആത്മീയ സായൂജ്യം നൽകികൊണ്ടിരിക്കുന്നവയിൽ ചിലതാണ്.
അലവി സഖാഫി അരിയൂര്