13/09/2021
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ , എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്‌ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം 'തുഞ്ചൻ'(ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നു എന്ന് തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ.ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പ് ആണ് കവിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്.
ജനനം ...
തൃക്കണ്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം
തുഞ്ചൻ സ്മാരകം
അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം ചിറ്റൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു. സംസ്കൃതം, ജ്യോതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്ന, അക്കാലത്തെ അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന അപൂർവ്വം ചില സമുദായങ്ങൾക്കൊപ്പം, എഴുത്തച്ഛൻ സമുദായത്തിലെ പലരും ഉണ്ടായിരുന്നു .
കിളിപ്പാട്ടു പ്രസ്ഥാനം
കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണ രീതിയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടു പ്രസ്ഥാനം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങുകയാണ്
മഹാഭാരതം കിളിപ്പാട്ട്
ശ്രീമയമായ രൂപം തേടും പൈങ്കിളിപ്പെണ്ണേ
സീമയില്ലാതസുഖം നല്കണമെനിക്കുനീ
ഈ രീതിയിൽ തത്തയെക്കൊണ്ടു പാടിക്കുന്നതായിട്ടാണ് കിളിപ്പാട്ടുകളിൽ കാണുന്നത്.
രാമചരിതത്തിൽ നിന്ന് എഴുത്തച്ഛനിലെത്തുമ്പോൾ മലയാളഭാഷയുടെ വികാസപരിണാമങ്ങളിൽ സംസ്കൃതത്തിന്റെ സ്വാധീനം വ്യക്തമായി കാണാവുന്നതാണ്. മണിപ്രവാളഭാഷയും പാട്ടിന്റെ വൃത്തരീതിയും ചേർന്ന രചനാരീതി കണ്ണശ്ശന്മാരിലുണ്ടെങ്കിലും അത് എഴുത്തച്ഛനിലെത്തുമ്പോൾ കുറേക്കൂടി വികസിതമാകുന്നു. അതേവരെയുള്ള കാവ്യങ്ങളുടെ നല്ല ഗുണങ്ങളെയെല്ലാം സമ്മേളിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് എഴുത്തച്ഛന്റെ പ്രത്യേകത. അതു് കിളിപ്പാട്ടു പ്രസ്ഥാനമായി വികസിക്കുകയും ചെയ്തു. നിരവധി കവികൾ ഈ രീതിയിൽ രചന നിർവഹിച്ചിട്ടുണ്ട്. കിളി മാത്രമല്ല, അരയന്നവും വണ്ടും മറ്റും കഥ പറഞ്ഞിട്ടുണ്ട്.
ഇതിനുള്ള കാരണം പല തരത്തിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യരചനയുമായി ബന്ധപ്പെട്ട് സാധാരണയായി അറം പറ്റുക എന്നു പ്രയോഗിക്കാറുണ്ട്. കാവ്യത്തിലൂടെ പറഞ്ഞ കാര്യങ്ങൾ കവിക്ക് ദോഷകരമായി സംഭവിക്കുന്നതിനെയാണ് അറം പറ്റുകയെന്നു പറയാറ്. ഇത്തരത്തിലുള്ള ദോഷം രചയിതാവിനെ ബാധിക്കാതിരിക്കുന്നതിനു് കിളി പറയുന്നതായി സങ്കല്പിക്കുകയും കാവ്യരചന നിർവഹിക്കുകയും ചെയ്യുന്നു. വാഗ്ദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ട് കഥ പറയിക്കുമ്പോൾ അതിനു കൂടുതൽ ഉൽകൃഷ്ടതയുണ്ടാവും എന്ന വിശ്വാസവും, ഈശ്വരൻ എഴുത്തച്ഛനോടു ശുകരൂപത്തിലെത്തി ആവശ്യപ്പെട്ടു. അതുകൊണ്ട് കിളിയെക്കൊണ്ട് കഥ പറയിച്ചു എന്ന വിശ്വാസവും ഇതോടൊപ്പം പറഞ്ഞുവരുന്നുണ്ട്. ഈ രീതി മലയാളത്തിൽ ആദ്യം ഉപയോഗിക്കുന്നത് എഴുത്തച്ഛനാണ്. കിളിപ്പാട്ടു സങ്കേതം തമിഴിലുണ്ടെങ്കിലും അതു ഭിന്നമാണ്. കിളിദൂത്, കിളിവിടുത്ത് എന്നെല്ലാം പറയുന്ന അതിൽ കവി കിളിയോടു കഥ പറയുകയാണ് ചെയ്യുന്നത്. കിളിപ്പാട്ടു പ്രസ്ഥാനത്തിലെ കിളി ശുക മഹർഷിയുടെ കയ്യിലെ കിളിയാണെന്നും ഒരു വിശ്വാസമുണ്ട് .
പ്രധാന കൃതികൾ,
കേക , കളകാഞ്ചി , കാകളി , അന്നനട , മണികാഞ്ചി , ഊനകാകളി , ദ്രുതകാകളി.
വസ്തുതകൾ പ്രാചീന കവിത്രയം ...
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധമായ ഐതിഹ്യമാലയിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥയുണ്ട്. കീഴാളനായ എഴുത്തച്ഛനെ ബ്രാഹ്മണവൽക്കരിക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ് ഈ ഐതിഹ്യം. അതിങ്ങനെ: വാല്മീകി മഹർഷിയാൽ എഴുതപ്പെട്ട രാമായണത്തോട് ഉപമിക്കുമ്പോൾ അധ്യാത്മരാമായണം ഋഷിപ്രോക്തമല്ല എന്നാണ് വിശ്വസിക്കപ്പെടുന്നത് കാരണം വാല്മീകിരാമായണത്തിലും മറ്റും രാമൻ വിഷ്ണുവിന്റെറ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായി ചിത്രീകരിക്കുമ്പോൾ അദ്ധ്യാത്മരാമായണം രാമൻ ഈശ്വരനാണെന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനു കാരണമായി പറയുന്നത് വിഷ്ണുഭക്തനായ ഒരു ബ്രാഹ്മണനാണ് ഇത് എഴുതിയത് എന്നതാണ്. അദ്ദേഹം തന്റെ അദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ഗന്ധർവൻ അദ്ദേഹത്തിന് ഗോകർണ്ണത്തു വച്ച് ഒരു തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രിനാളിൽ വരുമെന്നു അദ്ദേഹത്തെ കണ്ട് ഗ്രന്ഥം ഏൽപ്പിച്ചാൽ അതിന് പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു. ബ്രാഹ്മണൻ അതുപോലെ തന്നെ പ്രവർത്തിച്ചു. എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ വേദവ്യാസനും പട്ടികൾ വേദങ്ങളും ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധർവനെ ശൂദ്രനായി ജനിക്കാനുള്ള ശാപവും നൽകി. അദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിക്കുകയും ചെയ്തു. അത് തുഞ്ചത്ത് എഴുത്തച്ഛനായിട്ടായിരുന്നു എന്നാണ് നിഗമനം. അതാണ് അദ്ദേഹത്തിന് രാമായണം കിളിപ്പാട്ട് എഴുതാൻ അദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തിൽ കഴമ്പില്ല. ശൂദ്രനായ എഴുത്തച്ഛനേയും ബ്രാഹ്മണ/ഉന്നതകുലവത്‌കരിക്കാനുള്ള ശ്രമമാണിതെന്ന് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
ആധുനിക മലയാളഭാഷയുടെ പിതാവ്
എഴുത്തച്ഛനു മുമ്പും മലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത് വന്നിരുന്നിട്ടും എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതുന്നു. എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ കെ.പി. നാരായണ പിഷാരടിയുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം. തീക്കടൽ കടഞ്ഞ് തിരുമധുരം( ജീവചരിത്രാഖ്യായിക), തുഞ്ചത്തെഴുത്തച്ഛൻ(ജീവചരിത്രം), വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ(ഉപന്യാസ സമാഹാരം) തുടങ്ങിയ കൃതികൾ എഴുത്തച്ഛനെ അറിയാൻ ആശ്രയിക്കാവുന്നതാണ്. ലക്ഷ്മണ സാന്ത്വന൦
ഇതുവഴി ആണ് അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനമൂല്യങ്ങൾ ആവിഷ്കരിച്ചതും. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടി ജനങ്ങൾക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാൻ. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.
എഴുത്തച്ഛന്റെ കൃതികൾ
തുഞ്ചൻപറമ്പിൽ സൂക്ഷിച്ചിരിക്കുന്ന അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ പകർപ്പ്
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകൾ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികൾക്ക് പുറമേ ഹരിനാമകീർത്തനം, ഭാഗവതം കിളിപ്പാട്ട്, ചിന്താരത്നം , ബ്രഹ്മാണ്ഡപുരാണം , ശിവപുരാണം , ദേവീ മാഹാത്മ്യം , ഉത്തരരാമയണം , ശതമുഖരാമായണം , കൈവല്യനവനീതം എന്നീ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഇരുപത്തിനാലു വൃത്തം എന്ന കൃതി എഴുത്തച്ഛന്റേതാണെന്നു് ഇരുപതാംനൂറ്റാണ്ടുവരെ പലരും വിശ്വസിച്ചിരുന്നുവെങ്കിലും ഉള്ളൂർ, എൻ. കൃഷ്ണപിള്ള, എ. കൃഷ്ണപിഷാരടി തുടങ്ങിയവർ ഈ വാദം തെറ്റാണെന്നു് ശക്തമായ രചനാലക്ഷണങ്ങൾ ചൂണ്ടിക്കാട്ടി സമർത്ഥിച്ചിട്ടുണ്ടു്. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തിൽ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുന്നുണ്ട്. ഉത്തരരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്റെ കൃതിയായി കരുതിപ്പോരുന്നുണ്ടെങ്കിലും, കെ. എൻ. എഴുത്തച്ഛൻ തുഞ്ചത്തെഴുത്തച്ഛന്റെ കൃതികളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ഉത്തരരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്റെ ശിഷ്യരിൽ ആരുടെയോ രചനയാണെന്ന് സമർത്ഥിക്കുന്നു. ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീർത്തനങ്ങൾ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങൾ ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യധർമ്മം ഏറെയും ശ്രദ്ധ പതിപ്പിച്ചതു്.
അദ്ധ്യാത്മരാമായണം, അയോദ്ധ്യാകാണ്ഡം - ശ്രീരാമൻ ലക്ഷ്മണനുപദേശിക്കുന്നത്:
“ മാതാപിതൃഭ്രാതൃമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ
ക്രോധം മൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം
ക്രോധമല്ലോ യമനായതു നിർണ്ണയം
വൈതരണ്യാഖ്യയാവുന്നതു തൃഷ്ണയും
സന്തോഷമാകുന്നതു നന്ദനം വനം...
”
ഭാരതത്തിൽ അതിശ്രേഷ്ഠമായി കരുതപ്പെടുന്ന ഇതിഹാസങ്ങളുടെ കേവലം തർജ്ജമകളായിരുന്നില്ല എഴുത്തച്ഛന്റെ രാമായണവും, മഹാഭാരതവും. കാവ്യരചനയുടെ പല ഘട്ടങ്ങളിലും യഥാർത്ഥ കൃതികളിലെ ആഖ്യാനങ്ങൾ ചുരുക്കിപ്പറയുവാനും സംഭവങ്ങൾക്കും സന്ദർഭങ്ങൾക്കും സ്വന്തമായി ആഖ്യാനങ്ങൾ എഴുതിച്ചേർക്കുവാനും എഴുത്തച്ഛൻ സ്വാതന്ത്ര്യം എടുത്തുകാണുന്നുണ്ട്. കേരളത്തിൽ അന്നു നിലനിന്നിരുന്ന ഭക്തിപ്രസ്ഥാനവുമായും ജനജീവിതവുമായും സ്വരൈക്യം ലഭിക്കുവാൻ ഈ സ്വാതന്ത്ര്യം അദ്ദേഹം സൗകര്യപൂർവ്വം വിനിയോഗിക്കുകയും ചെയ്തിരിക്കുന്നു.
ആരണ്യകാണ്ഡം - സീതാപഹരണവേളയിൽ മാരീചനിഗ്രഹം കഴിച്ചുവരുന്ന രാമൻ, ലക്ഷ്മണനെ ദൂരെപ്പാർത്തു അവതാരലക്ഷ്യം മറച്ചുവയ്ക്കുന്ന രംഗം:
“ ലക്ഷ്‌മണൻ വരുന്നതു കണ്ടു രാഘവൻതാനു-
മുൾക്കാമ്പിൽ നിരൂപിച്ചു കൽപിച്ചു കരണീയം.
"ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-
മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.
രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ-
ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു?
അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ
ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.
ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്ലാമല്ലോ
രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ-
ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ
അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ
കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ
അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ
രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം.
പുഷ്‌കരോൽഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ-
യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ്പിറന്നതും.
മായാമാനുഷനാകുമെന്നുടെ ചരിതവും
മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും
ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന
മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.
ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാൻ
പ്രാകൃതപുരുഷനെപ്പോലെ"യെന്നകതാരിൽ
നിർണ്ണയിച്ചവരജനോടരുൾചെയ്തീടിനാൻ
”
വാല്മീകി രാമായണത്തിൽ ഇത്തരമൊരു വർണ്ണന കാണില്ല, സീതയെ കുറിച്ച് വ്യാകുലപ്പെടുന്ന രാമനെയാണ് കാണാനാകുക. മൂലകൃതിയായ വാല്മീകി രാമായണത്തിൽ രാമൻ ദൈവികപരിവേഷങ്ങളില്ലാത്ത മനുഷ്യരൂപനാണെങ്കിൽ എഴുത്തച്ഛന്റെ രാമായണത്തിൽ, രാമൻ ത്രികാലങ്ങൾ അറിയുന്നവനും തന്റെ ദൈവികവും ധാർമികവുമായ ധർമ്മങ്ങളെ കുറിച്ച് ഉത്തമബോധ്യമുള്ളവനുമാണ്.
രാമായണം എഴുതുവാൻ എഴുത്തച്ഛൻ തിരഞ്ഞെടുത്തിരിക്കുന്ന വൃത്തങ്ങളും ശ്രദ്ധേയമാണ്. ദ്രാവിഡനാടോടിഗാനങ്ങളിൽ നിന്നും, ആര്യാവർത്തികളുടെ സംസ്കൃത ഛന്ദസ്സുകളിൽ നിന്നും വ്യത്യസ്തമായി പ്രാചീനദ്രാവിഡ കവനരീതിയാണ് എഴുത്തച്ഛൻ അവലംബിച്ചിരിക്കുന്നത്. കഥാഗതിയുടെ അനുക്രമമനുസരിച്ച് ആഖ്യാനത്തിൽ താളബോധം വരുത്തുവാനെന്നോളം ഓരോ കാണ്ഡങ്ങൾക്കും അനുയോജ്യമായ വൃത്തങ്ങളാണ് എഴുത്തച്ഛൻ ഉപയോഗിച്ചിരിക്കുന്നത്. ബാലകാണ്ഡത്തിലും ആരണ്യകാണ്ഡത്തിലും കേക വൃത്തമാണെങ്കിൽ അയോദ്ധ്യാകാണ്ഡത്തിനും യുദ്ധകാണ്ഡത്തിനും കാകളിയും ഇടയിൽ സുന്ദരകാണ്ഡത്തിനുമാത്രമായി കളകാഞ്ചിയും ഉപയോഗിച്ചിരിക്കുന്നു. പാരായണത്തിൽ ആസ്വാദ്യമായ താളം വരുത്തുവാൻ ഇത്തരം പ്രയോഗത്തിലൂടെ എഴുത്തച്ഛനു സാധിച്ചിരുന്നു.
എഴുത്തച്ഛന്റെ കൃതികൾ അവയുടെ കാവ്യമൂല്യങ്ങൾക്കപ്പുറം സാംസ്കാരികപരിച്ഛേദങ്ങൾക്ക് പ്രശസ്തമാവുകയാണുണ്ടായത്. മലയാളഭാഷയുടെ സംശ്ലേഷകൻ എന്നതിലുപരി എഴുത്തച്ഛനു സാംസ്കാരികനായകന്റെ പരിവേഷം നൽകുവാനും അദ്ദേഹത്തിന്റെ കാവ്യങ്ങൾക്കായിരുന്നു.
“ രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം
രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
ഇന്ദിരാരമണമിന്ദീവരദളശ്യാമ-
മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
സുന്ദരം സുകുമാരം സുകൃതിജനമനോ-
മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം ”
എന്നാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിലെ "വിരാധവധം" എന്ന ഭാഗത്തിൽ ശ്രീരാമനെ കവി പ്രകീർത്തിക്കുന്നത്.
ചെറുശ്ശേരിയിൽ നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളർച്ച മദ്ധ്യകാലത്തുനിന്നു് ആധുനികകാലത്തേക്കുള്ള വളർച്ചയായി കരുതാവുന്നതാണ്. രാവണൻ, ദുര്യോധനൻ എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്. ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവിൽ ചേർത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന. അദ്ദേഹം കഥപറയുന്നതിൽ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയിൽ അനന്യസാധാരണമായ ശൈലിയിൽ വർണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകരമായി.
ചിറ്റൂരിലെ ഗുരുമഠം
ശോകനാശിനിപ്പുഴ/ചിറ്റൂർ പുഴ
ശോകനാശിനി അഥവാ ചിറ്റൂർ പുഴയുടെ തീരത്തുള്ള എഴുത്തച്ഛന്റെ വാസസ്ഥാനമായിരുന്നു ഭാഗവതം കിളിപ്പാട്ടിന്റെ രചന, അദ്ദേഹത്തിൻറെ ശിഷ്യൻ സൂര്യനാരായണൻ നിർവഹിച്ചത്. ദേശസഞ്ചാരം കഴിഞ്ഞ് സ്വദേശത്തതു തിരിച്ചു വന്ന എഴുത്തച്ഛൻ ജീവിതാവസാനകാലത്ത് സന്യാസം സ്വീകരിച്ച് ചിറ്റൂരിൽ ഒരു ഗുരു മഠം സ്ഥാപിച്ചതായും കരുതുന്നു . പാലക്കാട്ടു ജില്ലയിലെ ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് ഗുരുമഠം . രാമാനന്ദാശ്രമത്തിൽ അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡം സൂക്ഷിച്ചുവച്ചിട്ടുണ്ട് . എഴുത്തച്ഛന്റെ സമാധി ചിറ്റൂരിലെ മഠത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു . ചിറ്റൂരിൽ മഠം തീർത്ത് ആധ്യാത്മികജീവിതം നയിക്കുകയാണ് എഴുത്തച്ഛൻ അവസാനകാലം ചെയ്തത് .
തുഞ്ചൻ സ്‌മാരകം / തുഞ്ചൻ പറമ്പ്
തുഞ്ചൻ പറമ്പ്
1964 ജനുവരി 15ന് തുഞ്ചൻസ്‌മാരകം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. എഴുത്തച്ഛന്റെ സ്‌മരണ നിലനിർത്താനായി ഇവിടെ എല്ലാവർഷവും തുഞ്ചൻദിനം ആഘോഷിക്കുന്നു. കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ ചെയർമാൻ. ഇപ്പോൾ എം.ടി വാസുദേവൻ നായരാണ് ചെയർമാൻ. മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്‍ഥലമാണ് തിരൂർ തൃക്കണ്ടിയൂരിന്നടുത്ത അന്നാര എന്ന സ്ഥലം. "തുഞ്ചൻ പറമ്പ്" (ഇംഗ്ലീഷ്: Thunjan Parambu or Thunchan Parambu) എന്ന പേരിൽ ഇപ്പോൾ ഈ സ്‍ഥലം അറിയപ്പെടുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ-പൂങ്ങോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകം ആണ് തുഞ്ചൻ പറമ്പ് എന്ന് അറിയപെടുന്നത്. എല്ലാ വിദ്യാരംഭ വർഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട്. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം, പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം.
തുഞ്ചൻ ദിനം
തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണയ്ക്ക് എല്ലാ വർഷവും ഡിസംബർ 31 ന് തുഞ്ചൻ ദിനമായി ആചരിക്കുന്നു.