Ali Miyan School of Thought

Ali Miyan School of Thought Sayid Abul Hasan Ali Nadwi believed that Islam has a universal message that should be shared with all

വന്ദേമാതരം : പ്രായോഗിക സമര-നിയമ പോരാട്ടങ്ങളില്ലാത്ത പണ്ഡിത പ്രസ്താവനകൾ വെറുംവാക്കുകൾ മാത്രം“വന്ദേമാതരം മുസ്ലിംകൾക്ക് പാട...
20/05/2026

വന്ദേമാതരം : പ്രായോഗിക സമര-നിയമ പോരാട്ടങ്ങളില്ലാത്ത പണ്ഡിത പ്രസ്താവനകൾ വെറുംവാക്കുകൾ മാത്രം

“വന്ദേമാതരം മുസ്ലിംകൾക്ക് പാടാൻ കഴിയില്ല” എന്നത് പതിറ്റാണ്ടുകളായി പണ്ഡിത സംഘടനകൾ ആവർത്തിക്കുന്ന നിലപാടാണ്. അത് തൗഹീദിന് വിരുദ്ധമാണെന്നും പറയുന്നു.

പക്ഷേ ഒരു ചോദ്യം ബാക്കിയാകുന്നു:

ശരിക്കും അത് വിശ്വാസപരമായി അത്ര ഗൗരവമുള്ള വിഷയമാണെങ്കിൽ, പിന്നെ അതിനെ സർക്കാർ സംവിധാനങ്ങളിലൂടെ നിർബന്ധമാക്കുമ്പോൾ അതിനെതിരെ ശക്തമായ നിയമ പോരാട്ടങ്ങളും ജനാധിപത്യ സമരങ്ങളും എവിടെയാണ്?

കോടതിയെ സമീപിക്കാതെ, ഭരണഘടനാപരമായ വെല്ലുവിളികൾ ഉയർത്താതെ, പൊതുസമൂഹത്തിൽ രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിക്കാതെ വെറും പ്രസ്താവനകളിലൂടെ സാധാരണ വിശ്വാസികളെ വികാരപരമായി ചൂടാക്കുന്നതിൽ എന്ത് കാര്യമുണ്ട്?

ഒന്നുകിൽ പറയണം:
“ഇത് അടിസ്ഥാനപരമായ വിശ്വാസ പ്രശ്നമാണ്. അതിനാൽ ഞങ്ങൾ അതിനെ നിയമപരമായും രാഷ്ട്രീയമായും എതിർക്കും.”

അല്ലെങ്കിൽ തുറന്നു പറയണം:
“ഇത് വ്യക്തിപരമായ ഒരു മതപരമായ തിരഞ്ഞെടുപ്പാണ്.”

ഈ രണ്ടിനും ഇടയിൽ നിന്നുകൊണ്ട്,
വികാരപ്രസംഗങ്ങൾ നടത്തുകയും യാതൊരു പ്രായോഗിക പ്രതിരോധവും നടത്താതിരിക്കുകയും ചെയ്യുന്നത് വിശ്വാസി സമൂഹത്തോടുള്ള ആത്മാർത്ഥ സമീപനമല്ല. അവരെ അനാവശ്യമായ വൈകാരിക പ്രപഞ്ചങ്ങളുടെ പടുകുഴികളിൽ ചാടിക്കൽ മാത്രമാണത്.

വിശ്വാസ കാര്യങ്ങളിൽ വ്യക്തത മാത്രം പോര,
ആർജവവും വേണം.

Mubarak Ravuthar

അന്ധവിശ്വാസവും യഥാർത്ഥ വിശ്വാസവും — ഇസ്‌ലാം പറയുന്നത്ഒരു നമ്പർ, ഒരു ദിവസം, ഒരു വസ്തു, ഒരു സംഭവം — ഇവയ്ക്ക് സ്വതന്ത്രമായി...
20/05/2026

അന്ധവിശ്വാസവും യഥാർത്ഥ വിശ്വാസവും — ഇസ്‌ലാം പറയുന്നത്

ഒരു നമ്പർ, ഒരു ദിവസം, ഒരു വസ്തു, ഒരു സംഭവം — ഇവയ്ക്ക് സ്വതന്ത്രമായി നന്മയോ ദോഷമോ വരുത്താൻ കഴിയും എന്ന് വിശ്വസിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തോട് യോജിക്കുന്നതല്ല. സൃഷ്ടികളിൽ ചിലതിനെ ദോഷത്തിന്റെ ഉറവിടമായും ചിലതിനെ ഭാഗ്യത്തിന്റെ കാരണമായും കാണുന്ന സമീപനം മനുഷ്യനെ യഥാർത്ഥ വിശ്വാസത്തിൽ നിന്ന് അകറ്റുന്ന ഒന്നാണ്.

ഇസ്‌ലാം പഠിപ്പിക്കുന്നത്, പ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളും അല്ലാഹുവിന്റെ അറിവോടും ഇച്ഛയോടും തീരുമാനത്തോടും കൂടിയാണ് നടക്കുന്നതെന്ന സത്യമാണ്. ഒരു മനുഷ്യന് ലഭിക്കുന്ന നന്മയോ ദോഷമോ, വിജയമോ പരാജയമോ, എല്ലാം അല്ലാഹുവിന്റെ വിധിയുടെയും പരീക്ഷണത്തിന്റെയും ഭാഗമാണ്.

ഈ അടിസ്ഥാന വിശ്വാസത്തെയാണ് ‘തൗഹീദ്’ എന്ന് പറയുന്നത് — അല്ലാഹുവിനെ മാത്രം സകല കാര്യങ്ങളുടെയും നിയന്ത്രകനായി അംഗീകരിക്കൽ. അതിനാൽ തന്നെ, ചില നമ്പറുകളെയോ ദിവസങ്ങളെയോ വസ്തുക്കളെയോ ഭയപ്പെടുകയും അവയ്ക്ക് അതിഭൗതിക ശക്തി നൽകുകയും ചെയ്യുന്നത് തൗഹീദിന്റെ ആത്മാവിനോട് വിരുദ്ധമാണ്.

നബി മുഹമ്മദ് ﷺ അശുഭവിശ്വാസത്തെ ശക്തമായി എതിർത്തിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

«“ത്വിയാറ (അപശകുനം നോക്കൽ) ശിർക്കിന്റെ ഒരു രൂപമാണ്.”
(സുനൻ അബൂദാവൂദ്)»

‘ത്വിയാറ’ എന്ന് പറയുന്നത്, ഒരു ശകുനമോ അടയാളമോ കണ്ട് അതിനെ അടിസ്ഥാനമാക്കി ദോഷം പ്രതീക്ഷിക്കുന്ന മനോഭാവമാണ്. പുരാതന കാലത്ത് പക്ഷികളുടെ ചലനങ്ങൾ കണ്ട് ആളുകൾ തീരുമാനങ്ങൾ എടുത്തിരുന്നതിനാലാണ് ആ പേര് വന്നത്. എന്നാൽ അതിന്റെ അർത്ഥം ഇന്നും വ്യാപകമാണ്.

“13-ാം നമ്പർ ദോഷകരമാണ്”,
“ചില ദിവസങ്ങൾ അപശകുനമാണ്”,
“ഒരു പ്രത്യേക വാഹനം ഉപയോഗിച്ച ശേഷം ദുരന്തങ്ങൾ തുടങ്ങി”,
“പൂച്ച കുറുകെ ചാടിയാൽ കാര്യങ്ങൾ മോശമാകും”

എന്നിങ്ങനെ കരുതുന്ന മനോഭാവങ്ങൾ എല്ലാം ഇതേ വിഭാഗത്തിൽപ്പെടുന്നു.

ഒരു യഥാർത്ഥ വിശ്വാസി മനസ്സിലാക്കേണ്ടത്, സൃഷ്ടികൾക്ക് സ്വതന്ത്രമായി ഒരു ശക്തിയുമില്ല എന്നതാണ്. നമ്പറുകൾക്കും ദിവസങ്ങൾക്കും വാഹനങ്ങൾക്കും വസ്തുക്കൾക്കും സ്വയം ഗുണമോ ദോഷമോ ചെയ്യാനാവില്ല. അല്ലാഹു നിശ്ചയിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ല. അതുകൊണ്ട് ഭയം അല്ലാഹുവിനോടു മാത്രമായിരിക്കണം; ആശ്രയം അവനിലായിരിക്കണം.

ഇസ്‌ലാം മനുഷ്യനെ അന്ധവിശ്വാസത്തിന്റെ ഇരുട്ടിൽ നിന്ന് മോചിപ്പിച്ച് ആത്മവിശ്വാസത്തിന്റെയും ദൈവവിശ്വാസത്തിന്റെയും വെളിച്ചത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ടുതന്നെ നബി ﷺ ‘ത്വിയാറ’യെ നിരുത്സാഹപ്പെടുത്തി; അതിന് പകരം ‘ഫഅ്‌ല്’ — നല്ല വാക്കുകളും ശുഭപ്രതീക്ഷകളും — പ്രോത്സാഹിപ്പിച്ചു.

നബി ﷺ പറഞ്ഞു:

«“ഇസ്‌ലാമിൽ അപശകുനമില്ല. എന്നാൽ എനിക്ക് ‘ഫഅ്‌ല്’ ഇഷ്ടമാണ്.”
സ്വഹാബികൾ ചോദിച്ചു: “എന്താണ് ഫഅ്‌ല്?”
അവിടുന്ന് മറുപടി നൽകി: “നല്ല വാക്കും ശുഭപ്രതീക്ഷയും.”
(സ്വഹീഹുൽ ബുഖാരി)»

അതായത്, ഒരു വിശ്വാസി ജീവിതത്തെ നിരാശയോടും ഭയത്തോടും അല്ല, പ്രത്യാശയോടും അല്ലാഹുവിലുള്ള വിശ്വാസത്തോടുമാണ് കാണേണ്ടത്. പ്രതിസന്ധികൾ വന്നാൽ അവൻ ശകുനങ്ങളെ കുറ്റപ്പെടുത്തുകയല്ല ചെയ്യുക; മറിച്ച് അത് അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കി ക്ഷമയോടെയും പ്രാർത്ഥനയോടെയും മുന്നോട്ട് പോകും.

വിശുദ്ധ ഖുർആൻ പറയുന്നു:

«“നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കിൽ അവനൊഴികെ അത് നീക്കം ചെയ്യാൻ മറ്റാരുമില്ല.”
(സൂറത്തുൽ അൻആം : 17)»

ഇന്ന് ശാസ്ത്രബോധവും പുരോഗമനവും സംസാരിക്കുന്ന സമൂഹങ്ങളിലും അന്ധവിശ്വാസങ്ങൾ പല രൂപത്തിൽ തുടരുന്നത് നാം കാണുന്നു. വിദ്യാഭ്യാസവും സാമൂഹിക പദവിയും ഉയർന്നവരിൽ പോലും ഇത്തരം ഭയങ്ങൾ നിലനിൽക്കുന്നു. എന്നാൽ ഒരു മുസ്ലിമിന്റെ ശക്തി അവന്റെ തവക്കുലിലാണ് — അല്ലാഹുവിലുള്ള പൂർണ്ണമായ ഭരമേൽപ്പിക്കൽ.

അന്ധവിശ്വാസം മനുഷ്യനെ ഭയത്തിന്റെ തടവുകാരനാക്കും. ഓരോ സംഭവത്തിന്റെയും പിന്നിൽ മറഞ്ഞിരിക്കുന്ന അപശകുനങ്ങളെ തേടുന്ന മനസ്സ് ഒരിക്കലും സമാധാനം കണ്ടെത്തുകയില്ല. എന്നാൽ യഥാർത്ഥ വിശ്വാസം മനുഷ്യനെ സ്വതന്ത്രനാക്കുന്നു. കാരണം അവൻ മനസ്സിലാക്കുന്നു: നന്മയും ദോഷവും, ജീവിതവും മരണവും, വിജയവും പരാജയവും — എല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.

അവിടെയാണ് ഇസ്‌ലാമിന്റെ വിശ്വാസം മനുഷ്യന് നൽകുന്ന ആത്മശക്തിയും മാനസിക സ്വാതന്ത്ര്യവും നിലകൊള്ളുന്നത്.

- മുബാറക് റാവുത്തർ

സോഷ്യൽ മീഡിയ നശിപ്പിച്ച വിശ്വാസ സംഹിതകൾ..... ഹലാൽ എന്ന് തോന്നിക്കുന്ന, എന്നാൽ ഹറാമായ 5 കാര്യങ്ങൾ1. നിസ്സാരമായി കാണുന്ന പ...
09/05/2026

സോഷ്യൽ മീഡിയ നശിപ്പിച്ച വിശ്വാസ സംഹിതകൾ.....

ഹലാൽ എന്ന് തോന്നിക്കുന്ന, എന്നാൽ ഹറാമായ 5 കാര്യങ്ങൾ

1. നിസ്സാരമായി കാണുന്ന പരദൂഷണം

"ഞാൻ വെറും സങ്കടം പങ്കുവെച്ചതാണ്" അല്ലെങ്കിൽ "മനസ്സ് തുറന്നതാണ്" അതുമല്ലെങ്കിൽ "ഇതാണ് അയാളെ സംബന്ധിച്ച സത്യം " എന്ന് നാം ന്യായീകരിക്കാം.
പക്ഷേ, ഒരാൾക്ക് ഇഷ്ടപ്പെടാത്ത കാര്യം അയാളുടെ അസാന്നിധ്യത്തിൽ പറയുന്നത് — അത് സത്യമാണെങ്കിലും — പരദൂഷണമാണ്.

പ്രവാചകൻ (സ) പറഞ്ഞു:
"നിന്റെ സഹോദരൻ ഇഷ്ടപ്പെടാത്ത കാര്യം അവനെക്കുറിച്ച് പറയുന്നതാണ് പരദൂഷണം." (Sahih Muslim)

ഗുണമില്ലാത്ത ഇത്തരം സംസാരങ്ങൾ നമ്മുടെ സൽകർമ്മങ്ങളെ ഇല്ലാതാക്കാൻ കാരണമാകും.

2. തമാശയുടെ പേരിലുള്ള പരിഹാസം

ട്രോളുകൾ, റോസ്റ്റുകൾ, തമാശകൾ… പലപ്പോഴും മറ്റൊരാളുടെ വേദനയിലാണ് നമ്മുടെ ചിരി പിറക്കുന്നത്.

Quran മുന്നറിയിപ്പ് നൽകുന്നു:
"നിങ്ങൾ പരിഹസിക്കുന്നവർ അല്ലാഹുവിന്റെ അടുക്കൽ നിങ്ങളേക്കാൾ ഉത്തമരായേക്കാം."

ഒരാളുടെ ആത്മാഭിമാനം തകർക്കുന്ന തമാശ ഒരിക്കലും നിരപരാധിയല്ല.

3. ഒളിഞ്ഞിരിക്കുന്ന പലിശ (രിബ)

"ഇത് ചെറിയ ഫീസല്ലേ" അല്ലെങ്കിൽ "സാധാരണ ചാർജ് മാത്രമാണ്" എന്ന് കരുതി പലിശയെ നിസ്സാരമാക്കരുത്.

ലേറ്റ് ഫീസ്, കരാർ നിബന്ധനകൾ, ക്രെഡിറ്റ് കാർഡ് സംവിധാനങ്ങൾ എന്നിവയിൽ പലിശ ഒളിഞ്ഞിരിക്കാം.

ഹലാൽ വരുമാനം ജീവിതത്തിൽ ബറകത്ത് കൊണ്ടുവരും.

4. “ഇൻഷാ അല്ലാഹ്” ഒഴിഞ്ഞുമാറാനുള്ള വാക്കാക്കുന്നത്

ചെയ്യാൻ താൽപര്യമില്ലാത്ത കാര്യങ്ങൾക്ക് നേരെ "ഇല്ല" എന്ന് പറയാതെ "ഇൻഷാ അല്ലാഹ്" എന്ന് പറയുന്ന പതിവ് പലർക്കുമുണ്ട്.

അല്ലാഹുവിന്റെ നാമം ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമാക്കരുത്.
അത് ഒരു വാഗ്ദാനമാണ് — അതിനെ അത്രയും ഗൗരവത്തോടെ കാണുക.

5. ഹറാമായ ഉള്ളടക്കങ്ങൾ ആസ്വദിക്കുന്നത്

"ഞാൻ വെറുതെ ഒന്ന് നോക്കിയതാണ്" എന്ന ചിന്തയിൽ നാം പല ഹറാമായ കാര്യങ്ങളും ലഘൂകരിക്കുന്നു.

അശ്ലീലം, അഹങ്കാരം, പരിഹാസം, ധാർമ്മിക വിരുദ്ധ ഉള്ളടക്കങ്ങൾ സ്ക്രീനിൽ മാത്രം നിൽക്കില്ല — അത് ഹൃദയത്തെയും സ്വഭാവത്തെയും ബാധിക്കും.

നിങ്ങൾ കാണുന്നതും കേൾക്കുന്നതും നിങ്ങളുടെ ഹൃദയത്തെ രൂപപ്പെടുത്തുന്നു.

27/11/2025

മരിക്കുമ്പോൾ ശഹീദായി മരിക്കണം : ശഹീദ് പളനി ബാബ

16/06/2024

Eid Mubarak🌙✨

14/06/2024

നംറൂദും ഫിര്‍ഔനും ലോകത്ത് അക്രമം അഴിച്ചു വിട്ടു കൊണ്ടേയിരിക്കുന്നു...
ഇബ്രാഹീമും മൂസയുമെവിടെ? : M***i Ameen Mahe

14/06/2024

Inspiration 💚 Moulana Tariq Jameel - MTJ Fans India

ഓർമ്മകളിൽ വീണ്ടും ഹസ്രത്ത് മൗലാന വിരുന്നെത്തുകയാണ്.അന്ന്  ഇത് പോലൊരു ഡിസംബർ 31  ( 1999 ലെ റമദാൻ 22) ആയിരുന്നു. ഇതേ പോലെ ...
31/12/2023

ഓർമ്മകളിൽ വീണ്ടും ഹസ്രത്ത് മൗലാന വിരുന്നെത്തുകയാണ്.

അന്ന് ഇത് പോലൊരു ഡിസംബർ 31 ( 1999 ലെ റമദാൻ 22) ആയിരുന്നു. ഇതേ പോലെ തന്നെ വെള്ളിയാഴ്ച്ച, ലക്‌നോവിൽ നിന്ന് അൽപ്പമകലെ യുള്ള തക്കിയക്കലൻ ഗ്രാമത്തിലെ മസ്ജിദിൽ ജുമുഅ നമസ്കരിക്കാൻ ആളുകൾ എത്തിത്തുടങ്ങി. വിശുദ്ധ റമസാനിലെ അവസാന പത്തിലെ പുണ്യ ദിനത്തെ ഭക്ത്യാദരപൂർവ്വം വിശ്വാസികൾ വരവേറ്റു. ആ ഗ്രാമത്തിന്റെ ആത്മീയ സുൽത്താൻ ഏറെ അവശനയിരുന്നു. രോഗവും പ്രായവും തളർത്തിയിട്ടും ഖാദിമീങ്ങളുടെ സഹായത്തോടെ അദ്ദേഹവും വെള്ളിയാഴ്ച പള്ളിയിലേക്ക് വരാൻ കുളിച്ചൊരുങ്ങി, വിറയാർന്ന ചുണ്ടുകൾ വിശുദ്ധ ഖുർആൻ പാരായണം തുടങ്ങി, സൂറത്ത് യാസീൻ പാരായണത്തിന്റെ ഏതോ മുഹൂർത്തത്തിൽ വുളുവോട് കൂടെ ജുമുഅ അടുപ്പിച്ച് അദ്ദേഹം പരലോകത്തേക്ക് യാത്ര ചെയ്തു. ഇന്ത്യൻ മുസ്ലിംകളുടെ നായകനായിരുന്ന മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി (റ), ആ പേര് തന്നെ ഹൃദയങ്ങളെ ത്രസിപ്പിക്കും, കണ്ണുകളെ ഈറണനിയിക്കും.

ഹസ്രത്ത് മൗലാന യാത്രയായി, പള്ളിയിലെ ജനക്കൂട്ടത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വാർത്ത. മൗലാന അഅസമി കടന്ന് വന്നു, മിഹ്റാബിൽ നിന്ന് ജനക്കൂട്ടത്തോട് സിദ്ദീഖ് (റ) ന്റെ വാക്കുകൾ വിളിച്ചു പറഞ്ഞു.
"ആരെങ്കിലും മുഹമ്മദ് നബിയെയാണ് ആരാദിച്ചിരുന്നുവെങ്കിൽ, നിശ്ചയം മുഹമ്മദ് നബി മരണപ്പെട്ടിരിക്കുന്നു.!

8 പതിറ്റാണ്ടിലധികം നീണ്ട ആ ജീവിതയാത്രയിൽ വ്യത്യസ്ത മേഖലകളിൽ ആഴത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമായിരുന്നു ആ മഹാപണ്ഡിതൻ ചരിത്രത്തിന്റെ ഭാഗമായത്. സമകാലിക സാഹചര്യത്തിൽ അലി മിയാൻ ഓർക്കപ്പെടേണ്ടതുണ്ട് എന്നു താത്പര്യപ്പെടാൻ ന്യായമേറെയാണ്. പണ്ഡിത ദൗത്യത്തെ ജീവിതം കൊണ്ട് വരച്ചു കാണിച്ച അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹം. തന്റെ വ്യക്തിപ്രഭാവം കൊണ്ട് ഒരു കാലഘട്ടത്തെ സ്വാധീനിച്ച ആ ബഹുമുഖ പ്രതിഭ ഇന്ത്യയുടെ ഇസ്‌ലാമിന്റെ ആഘോള മുഖമായിരുന്നു. വിവിധ ആശയാദര്ശങ്ങളിളായി വ്യത്യസ്ത വീക്ഷണഗതികൾ പുലർത്തുന്നതോടൊപ്പം മുസ്ലിം സമുദായത്തിൽ പരസ്പരം സഹിഷ്ണുത സാധുവും സാധ്യവുമാണെന്ന സന്ദേശം നൽകുകയും പണ്ഡിതോചിതമായി ത് പ്രയോഗവത്കരിക്കുകയും ചെയ്തു ആ മാതൃകാപുരുഷൻ. ആദർശപരമായി അഭിപ്രായ വെത്യാസമുള്ളവരുടെ വേദികളിൽ പോലും സമവായത്തിന്റെ സന്ദേശമുയർത്തിക്കൊണ്ട്‌ കടന്ന് ചെന്ന അലി മിയാൻ സമുദായത്തിനു ഐക്യത്തിന്റെ മഹാ സന്ദേശം നൽകുകയുണ്ടായി.

ഇന്ത്യയിലെ നാനാജാതി മതസ്ഥർക്കിടയിൽ ഒരുമയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ച ആ മഹാമനീഷിയുടെ ജീവിത ദൗത്യങ്ങളുടെ പ്രകാശനത്തിന് എന്തു കൊണ്ടും സമകാലിക പ്രസക്തി ഏറെയാണ്.
പ്രവാചക സന്താന പരമ്പരയിൽ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ മൗലാന സയ്യിദ് അബ്ദുൽ ഹയ്യ് ന്റെ പുത്രനായി 1913 ൽ ഉത്തർ പ്രദേശിലെ റായ്ബറേലി യിലായിരുന്നു സയ്യിദ് അബുൽ ഹസൻ അലി യുടെ ജനനം.അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ സയ്യിദ് അഹമ്മദ് ശഹീദ് ഈ പരമ്പരയിലെ മുന്ഗാമിയായിരുന്നു. പാണ്ഡിത്യവും ലാളിത്യവും കൈമുതലായ കുടുംബ പശ്ചാത്തലത്തിൽ നിന്ന് മതപരവും സാമൂഹികവുമായ അവബോധവും സാഹിത്യഭിരുചിയും അദ്ദേഹത്തിന് ജന്മസിദ്ധമായി ലഭിച്ചു. പിതാവ് മൗലാന അബ്ദുൽ ഹയ്യിന്റെ വിശ്വ പ്രസിദ്ധമായ ഗ്രന്ഥമാണ് 'നുസ്ഹത്തുൽ ഖവാത്തിർ'. ഇന്ത്യയിൽ ജീവിച്ച മഹാ പണ്ഡിതന്മാരുടെ വിവരണങ്ങളാണതിൽ. 5000 ത്തോളം ഇന്ത്യൻ പണ്ഡിതന്മാരുടെ ചരിത്രം പറയുന്ന 8 വാള്യങ്ങളായി 6000 ലധികം താളുകളുള്ള ബ്രഹത്തായ രചനയാണിത്. പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസം നേടിയ ശേഷം ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയ സയ്യിദ് അബുൽ ഹസൻ അലി പിന്നീട് ലക്‌നൗ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമായിലും , ദാറുൽ ഉലൂം ദേവ്ബന്ദിലും ഉന്നത മത വിദ്യാഭ്യാസം പൂർത്തിയാക്കി. മൗലാന സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനി യുടെ കീഴിലായിരുന്നു ദേവ്ബന്ദിലെ പഠനം. പിന്നീട് നദ്‍വത്തുൽ ഉലമായിൽ അധ്യാപകനായി ചുമതലയേറ്റു.തുടർന്ന് ഇസ്‌ലാമിലെ ആത്മീയ സരണികളിലും പ്രബോധന പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം സാമൂഹമധ്യത്തിലിറങ്ങി രാജ്യത്തിനും സമുദായത്തിനും മതപരവും ധൈഷണികവും രാഷ്ട്രീയവുമായ സമഗ്ര സംഭാവനകളർപ്പിച്ചു. ആദരവിന്റെ പ്രതീകമായി അദ്ദേഹത്തെ 'അലി മിയാൻ' എന്നു വിളിക്കപ്പെട്ടു.മതപ്രബോധനം തന്റെ സുപ്രധാന ദൗത്യമായി പ്രായോഗികവത്കരിച്ചതോടൊപ്പം മാനവികതയുടെ സന്ദേശം വിവിധ മതവിഭാഗങ്ങൾക്കിടയിൽ പ്രഘോഷനം ചെയ്യുന്നതിൽ മൗലാന അലി മിയാൻ അനൽപ്പമായ സംഭാവനകൾ നൽകി. തന്റെ 22 ആം വയസ്സിൽ ഡോ.അംബേദ്ക്കറെ സന്ദർശിക്കുകയും ഇസ്‌ലാമിന്റെ സന്ദേശവും അനിവാര്യതയും അദ്ദേഹത്തോട് ഉണർത്തുകയും ചെയ്തത് പിന്നീട് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.

ഇന്ത്യൻ മുസ്ലിംകളുടെ നവജാഗരണത്തിലും അവകാശ പോരാട്ടത്തിലും മൗലാന അലി മിയാന്റെ സംഭാവനകൾ നിസ്തുലമാണ്.
രാജ്യത്ത് മുസ്ലിംകളാദി ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ പരിഹാരങ്ങളിലായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ഇത്തരം ഒരു ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് അദ്ദേഹം വിവിധ മുസ്ലിം നേതാക്കളെ ഒരുമിപ്പിച്ചു കൊണ്ട് ആൾ ഇന്ത്യാ മജ്ലിസേ മുശാവറ എന്നൊരു സംഘത്തിന് രൂപം നൽകി. വിവിധ കോണുകളിലുള്ള മുസ്ലിം നേതാക്കളുമായി നല്ല ബന്ധം പുലർത്തുകയും അത്തരം വ്യക്തിത്വങ്ങൾ ചേർന്ന് കൊണ്ടുള്ള ഒരു ദേശീയധാരയുടെ പ്രാരംഭ പ്രവർത്തനങ്ങലിലേർപ്പെടുകയും ചെയ്തു. എന്നാൽ ഉത്തരേന്ത്യൻ മണ്ണിൽ മുസ്ലിം സ്വത്വ രാഷ്ട്രീയം വേരു പിടിപ്പിക്കാനുള്ള വെല്ലുവിളികളും അതിന്റെ പ്രായോഗിക പ്രയാസങ്ങളും അത് മൂലമുണ്ടാകുന്ന പരിണിതിയും കൃത്യമായി ബോധ്യപ്പെട്ടത് കൊണ്ടാവണം പിൽക്കാലത്ത് അലി മിയാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ മുസ്ലിം നേതാക്കൾ മതേതര മുഖ്യധാരാ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തുക മാത്രം ചെയ്തത്. എങ്കിലും കേരളത്തിന്റെ വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ താല്പര്യത്തോടെ വീക്ഷിച്ച അദ്ദേഹം ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്, ഗുലാം മഹമൂദ് ബനാത്ത് വാല സാഹിബ് തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുകയും സമുദായത്തിന്റെ അവകാശ പോരാട്ടങ്ങൾക്കും ആഭ്യന്തര കൂട്ടായ്മകൾക്കും അവരെ മുന്നിൽ നിർത്തുകയും ചെയ്തു. ശരീഅത്ത് സരക്ഷണ യജ്ഞത്തിന് വേണ്ടി കേരളത്തിലെ എല്ലാ മുസ്ലിം വിഭാഗങ്ങളും ഒരുമിപ്പിച്ച് മുതലക്കുളം മൈതാനിയിൽ അദ്ദേഹം ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചത് കൂടി ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ കാലത്ത് അതുമായി സഹകരിച്ചഅലി മിയാൻ പിൽക്കാലത്തെ സയ്യിദ് മൗദൂദിയുടെ കാഴ്ചപ്പാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ആ സഹകരണം അവസാനിപ്പിച്ചു. സയ്യിദ് മൗദൂദിയുടെ ഇസ്‌ലാമിക, രാഷ്ട്രീയ വീക്ഷണങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഒരു പുസ്തകം രചിക്കുകയും ചെയ്തു. ആ പുസ്തകത്തിൽ ശക്തമായ വിമർശനം സയ്യിദ് മൗദൂദിക്കെതിരെ ഉന്നയിക്കുമ്പോഴും അദ്ദേഹത്തെ അൽ ഉസ്താദ് മൗദൂദി എന്നാണ് സംബോധന ചെയ്തത് എന്നത് അലി മിയാന്റെ സവിശേഷ ഗുണത്തെ കാണിക്കുന്നു.

കേവലം ഒരു മത പണ്ഡിതൻ എന്ന നിലയിൽ തന്റെ സമുദായത്തിന്റെ അതിരുകളിൽ പരിമിതപ്പെട്ടതായിരുന്നില്ല അദ്ദേഹത്തിന്റെ
പ്രവർത്തന മണ്ഡലം.ഭരണാധികാരികളും സഹോദര സമുദായ നേതാക്കളും അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു.
മാനവികതയുടെ സന്ദേശം പ്രചാരണം ചെയ്യുന്നതിനായി കൊണ്ട് പയാമെ ഇൻസാനിയ്യത്ത് അഥവാ മാനവികതയുടെ സന്ദേശം എന്ന പ്രസിദ്ധമായ മൂവ്മെന്റിന് അദ്ദേഹം രൂപം കൊടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിവിധ മതസ്ഥർക്കിടയിൽ അദ്ദേഹം മാനവികതയുടെ മഹത്തായ സന്ദേശവുമായി കടന്നു ചെലുകയും അതിന് വേണ്ടി നിരവധി തവണ തൂലിക ചലിപ്പിക്കുകയും ചെയ്തു. ഹിന്ദു മുസ്ലിം നേതാക്കന്മാർ ഒരുമിച്ചു ചേർന്നു കൊണ്ടുള്ള സാമൂഹിക ഇടപെടലുകളുടെ പ്രായോഗികതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കലുഷിതമായ പല സാഹചര്യങ്ങളിലും നിശ്ചയ ദാർഢ്യത്തോട് കൂടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ വലിയ ഭവിഷ്യത്തുകൾ ഒഴിവാക്കിയതായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമുദായിക ചരിത്രത്തെ കുറിച്ച് പ്രാഥമിക ധാരണയുള്ളവർക്ക് പോലും സുപരിചിതമാണ്. രാജ്യത്തെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായി അദ്ദേഹം ഇടപെട്ടിരുന്നു . രാജ്യം പാരമ്പര്യമായി കാത്ത് പോരുന്ന മൂല്യങ്ങളിൽ നിന്നും സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആസൂത്രിതമായ വ്യതിചലനത്തെ കുറിച്ച് അദ്ദേഹം ഭരണാധികാരികൾക്ക് എഴുതുകയും അവരെ നേരിൽ കണ്ട് ആശങ്കകൾ പങ്കു വെക്കുകയും ചെയ്തിരുന്നു.

തന്റെ മാതൃകാ പുരുഷനായിരുന്ന ശൈഖ് അഹമ്മദ് സർഹിന്ദി യുടെ സാമൂഹിക ഇടപെടലുകൾ അദ്ദേഹം പ്രായോഗികവത്കരിച്ചു. സയ്യിദ് അലി മിയാനോട് അന്നത്തെ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി അടക്കമുള്ള ഭരണകർത്താക്കൾ ഉപദേശങ്ങൾ തേടിയിരുന്നതായി കാണാം. എന്നാൽ അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് ശ്രീമതി ഇന്ദിരാ ഗാന്ധിയോട് പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറായി. ഷാബാനു കേസുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിയെ നിരവധി തവണ സന്ദർശിക്കുകയും ഇസ്‌ലാമിക ശരീഅത്തിനെ കുറിച്ചും മുസ്ലിം വ്യക്തിനിയമത്തിന്റെ സാധുതയെക്കുറിച്ചും ബോധ്യപ്പെടുത്തുകയുണ്ടായി. 1998 ൽ ഉത്തർ പ്രദേശ് സർക്കാർ പൊതു വിദ്യാലയങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിട്ടപ്പോൾ അതിനെതിരെ അദ്ദേഹം ശക്തമായി നിലക്കൊള്ളുകയും ബി.ജെ.പി സർക്കാർ അത് പിൻവലിക്കാൻ നിര്ബന്ധിതരാകുകയും ചെയ്തു. നരസിംഹ റാവുവിന്റെ നങ്ങളിലുള്ള വിയോജിപ്പ് നേരിട്ടറിയിക്കുകയും ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാൻ ഉപദേശിക്കുകയും "റാവൂജീ ഏറ്റവും വലിയ രാഷ്ട്രീയം ഉദ്ദേശ ശുദ്ധിയാണെന്ന് " തുറന്നടിക്കുകയും ചെയ്തു, അക്കാലത്ത് പത്മഭൂഷൻ പുരസ്കാരം മൗലാന നിരസിക്കുകയും ചെയ്തു,
ശ്രീ. ദേവഗൗഡ പ്രധാനമന്ത്രി പദം ഏറ്റെടുത്തപ്പോൾ നദ്വത്തുൽ ഉലൂമിൽ ചെന്ന് നദ്‌വി സാഹിബിനെ സന്ദർശിച്ചിരുന്നു.

മുസ്ലിം വ്യക്തിനിയമ സരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ആ ധന്യ ജീവിതത്തിൽ എടുത്ത് പറയാനുള്ള മറ്റൊരു അധ്യായം. 1985-ല്‍ ശബാനു കേസിനെ തുടര്‍ന്ന്‌ ഇന്ത്യയെ പിടിച്ചുകുലുക്കിയ ശരീഅത്ത്‌ വിവാദത്തില്‍ ഇന്ത്യയൊന്നാകെ മുഴങ്ങിയ മുസ്‌ലിം പ്രതിഷേധത്തിനും ചെറുത്തുനില്‌പിനും നേതൃത്വം വഹിച്ചത്‌ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ ചെയര്‍മാന്‍ കൂടിയായിരുന്ന ശൈഖ്‌ നദ്‌വി തന്നെയായിരുന്നു. ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് അധ്യക്ഷനായി 1983 മുതൽ തന്റെ മരണം വരെ സേവനം ചെയ്തു.
1948 നവംബര്‍ മുതല്‍ ദാറുല്‍ ഉലൂം നദ്‌വതുല്‍ ഉലമായുടെ ഭരണ സമിതി അംഗമായ അദ്ദേഹം 1953 ഡിസംബറില്‍ അതിന്റെ പ്രിന്‍സിപ്പാലായും 1961 ജൂണില്‍ റെക്ടറായും നിയമിതനായി. ദാറുല്‍ ഉലൂം ദയൂബന്ദ്, ദാറുല്‍ മുസന്നിഫീന്‍ അഅ്‌സംഗഡ് എന്നിവയുടെ ഉപദേശകസമിതി അംഗമായിരുന്നു. ഉത്തര്‍പ്രദേശ് ദീനി തഅ്‌ലീമി കൗണ്‍സില്‍, അക്കാദമി ഓഫ് ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് പബ്ലിക്കേഷന്‍സ് എന്നിവയുടെയും തലവനായിരുന്നു. 1993-ല്‍ ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ അദ്ദേഹമായിരുന്നു മുഖ്യരക്ഷാധികാരി. റാബിത്വതുല്‍ അദബില്‍ ഇസ്‌ലാമി എന്ന അന്തരാഷ്ട്ര ഇസ്‌ലാമിക സാഹിത്യ സംഘത്തിന്റെ അധ്യക്ഷനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ദിശാ ബോധനമുള്ള നേതാവും ചിന്തകനുമായിരുന്നു അദ്ദേഹം. വിഖ്യാത ചിന്തകനായിരുന്ന അല്ലാമാ ഇഖ്ബാൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.
തന്റെ കൗമാര പ്രായത്തിൽ വിശ്വ മഹാ കവി അല്ലാമ മുഹമ്മദ്‌ ഇഖ്‌ബാലുമായുണ്ടായ കൂടിക്കാഴ്ച്ചയെക്കുറിച്ച്‌ അലി മിയാൻ വൈകാരികമായി തന്റെ നഖൂഷെ ഇഖ്ബാൽ എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്‌.
വിവിധ കാലങ്ങളിലെ ചിന്താ പ്രസ്ഥാനങ്ങളെ സൂക്ഷ്മമായി അപഗ്രഥനം ചെയ്ത അദ്ദേഹം ഇസ്ലാമിക ചരിത്രത്തിനും സാഹിത്യത്തിനും സമഗ്രസംഭാവനകൾ നൽകി. ഇമാം ഗസാലി, ജലാലുദീൻ റൂമി, ശൈഖ് സർഹിന്ദി, ശാഹ് വലിയുല്ലാഹ് ദഹ്‌ലവി, അല്ലാമാ ഇഖ്ബാൽ തുടങ്ങിയവരുടെ ഓരോരുത്തരുടെയും ധൈഷണിക ജീവതത്തെ അടയാളപ്പെടുത്തിയ ബ്രഹത്തായ ജീവചരിത്രഗ്രന്ഥങ്ങൾ അദ്ദേഹം എഴുതി.

പണ്ഡിതൻ, പ്രബോധകൻ, എന്നതിലുപരി പ്രഗത്ഭനായ ചരിത്രകാരനും ഗ്രന്ഥകാരനുമായി അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു.ഇസ്ലാമിക ചരിത്രവും മാനവ ചരിത്രവും കൃത്യമായി അപഗ്രഥനം ചെയ്ത് ചരിത്ര പരമായ ആധികാരികതയോടെയും സൂക്ഷമതയോടെയുമായിരുന്നു മൗലാന അവറുകൾ ഗ്രന്ഥരചന നടത്തിയത്.സത്യ സന്ധവും വസ്തു നിഷ്ടവുമായ സമീപനമാണു എഴുത്തിനോട് സയ്യിദ് അലി മിയാൻ പുലർത്തിയിരുന്നത്‌. ഏത്‌ വിഷയത്തെയും മുൻ വിധിയില്ലാതെ സമീപിക്കുകയും ലളിതവും ഗ്രാഹ്യവുമായ ഭാഷാശൈലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന അലി മിയാന്റെ രീതി അദ്ദേഹത്തെ സർവ്വ സമ്മതനാക്കി. ഇസ്ലാമിക സമൂഹത്തിന്റെ ഉദ്ധാന പതനങ്ങളും അതിന്റെ മൂല കാരണങ്ങളും പരിഹാരവും വസ്തുനിഷ്ടമായി വിവരിക്കുന്നതാണ് നദ്‌വി കൃതികൾ.

തന്റെ 17 ആം വയസ്സിൽ ഈജിപ്തിലെ റശീദ് റിദ പത്രാധിപരായിരുന്ന അൽ മനാറിൽ പ്രസിദ്ധീകരിച്ച സയ്യിദ് അഹമ്മദ് ശഹീദിനെ കുറിച്ചുളള ലേഖനമായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. 20 വയസ്സുള്ളപ്പോൾ എഴുതിയ സീറത്തു സയ്യിദ് അഹമ്മദ് ശഹീദ് എന്ന ബ്രഹത്തായ രചനയാണ് ഗ്രന്ഥ രചനയിലേക്ക് സയ്യിദ് നദ്‍വിക്ക് വാതിൽ തുറന്നു കൊടുത്തത്. തുല്യതയില്ലാത്ത ധിഷണാ പാടവവും രചനാ വൈഭവവും അലി മിയാനെ വ്യത്യസ്തനാക്കി.
പിന്നീട് അറബിയിലും ഉറുദുവിലുമായി 300 നടുത്ത് ഗ്രന്ഥങ്ങൾ മൗലാന അലി മിയാൻ എഴുതി. അറബ് ലോകത്തെ സ്വാധീനിച്ച ഒരു പിടി ഗ്രന്ഥങ്ങളും പ്രഭാഷങ്ങളും മൗലാനായിൽ നിന്ന് പിറന്നു. അറബ്‌ ദേശീയതയെ ശക്തമായി വിമർ ശിക്കാറുണ്ടായിരുന്ന മൗലാനയുടെ പ്രഭാഷണങ്ങളും എഴുത്തുകളും തങ്ങൾക്ക്‌ ദിശാബോധം നൽകുകയുണ്ടായെന്ന് ശൈഖ്‌ അലി ത്വൻ താവി ഒരിക്കൽ പറഞ്ഞത്‌ ശ്രദ്ധേയമാണ്.. 1980 ൽ കിംഗ് ഫൈസൽ അവാർഡിന് അദ്ദേഹം അർഹനായി, അറബ് ലോകത്ത് നിന്ന് മറ്റനേകം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. അറബ് ലോകത്തെ സ്വാധീനിച്ച അദ്ദേഹത്തിന്റെ സുപ്രധാന കൃതികളാണ് മാദാ ഖസിറൽ ആലം ബി ഇൻഖിതാതിൽ മുസ്ലിമീൻ, കാർവാനെ മദീന, സീറത്തു നബവിയ്യ, റിജാലിൽ ഫികരി വ ദഅവ തുടങ്ങിയവ.അറബ്‌ ലോകം അറബിയിലെ പരമോന്നത വിശേഷണമായ `സമാഹത്തുശ്ശൈഖ്‌' എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചു. പ്രമുഖ സുഊദീപണ്ഡിതനും സുഊദി അറേബ്യയിലെ ഗ്രാന്റ്‌ മുഫ്‌തിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്ലാ ഇബ്‌നുബാസിനു മാത്രമായിരുന്നു ജീവിതകാലത്ത്‌ മേല്‍ വിശഷണം അറബ്‌ ലോകം നല്‌കിയിരുന്നത്‌.മദീനയില്‍ ഒരു ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ 1962-ല്‍ സുഊദി ഭരണകൂടം ഉദ്ദേശിച്ചപ്പോള്‍ നദ്‌വി സാഹിബിനെ അവിടെ അധ്യാപകനായി നിയമിക്കാന്‍ തീരുമാനിക്കുകയും തന്റെ തീരുമാനം അറിയാന്‍ ഇന്ത്യയിലെ സുഊദി അംബാസിഡര്‍ ശൈഖ്‌ യൂസുഫ്‌ അദ്ദേഹത്തെ സമീപിക്കുകയുമുണ്ടായി. ഒരു സ്ഥിരം ജോലി സ്വീകരിക്കാനുള്ള തന്റെ വൈമനസ്യം അറിയിക്കുകയും താല്‌ക്കാലിക സേവനത്തിന്‌ ഒരുക്കമാണെന്ന്‌ സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്ന്‌ മദീനാ യൂണിവേഴ്‌സിറ്റിയുടെ സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ മെമ്പറായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയാണുണ്ടായത്‌. കൗണ്‍സിലിന്റെ യോഗങ്ങള്‍ക്കുവേണ്ടിയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേക വിഷയങ്ങള്‍ അവതരിപ്പിക്കാനും മൗലാന അലി മിയാൻ മദീനയിലേക്ക്‌ ഇടക്കിടെ ക്ഷണിക്കപെട്ടിരുന്നു. ഇസ്‌ലാമും പാശ്ചാത്യ ലോകവുമായുള്ള ഒരു പാലമായും അദ്ദേഹം വർത്തിച്ചിരുന്നു.

അറബ്, പാശ്ചാത്യ, ഇന്ത്യൻ സംസ്കാരങ്ങളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചും ചിന്തകളെ കുറിച്ചുമെല്ലാം ആഴത്തിൽ അറിയുകയും എഴുതുകയും ചെയ്‌തതിനാൽ അലി മിയാൻ ലോകമാകെ ചർച്ച ചെയ്യപ്പെട്ടു. പാശ്ചാത്യ സംസ്കാരവും അറബ് ദേശീയതയുമെല്ലാം അലി മിയാന്റെ വിമർശനത്തിന് പാത്രമായി. അറബ് ലോകവും യൂറോപ്പുമെല്ലാം അദ്ദേഹത്തെ ശ്രദ്ധയോടെ വായിച്ചു. അവിടങ്ങളിലെല്ലാം അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി, അവരെല്ലാം അദ്ദേഹത്തെ ആദരിച്ചു. പാശ്ചാത്യർക്കിടയിൽ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിന് അലി മിയാൻ കൃതികൾ നിദാനമായിട്ടുണ്ട്. ഓക്സ്ഫോർഡ് സർവ്വകലാശാല ഇസ്ലാമിക് ചെയർ അധ്യക്ഷനായിരുന്നു അദ്ദേഹം.

മൗലാന അബ്ദുൽ ഖാദർ റായ്പൂരി ആയിരുന്നു അദ്ദേഹത്തിന്റെ ആത്മീയ ഗുരു. മൗലാന റഷീദ് അഹമ്മദ് ഗംഗോഹി യുടെ ഖലീഫ ആയിരുന്ന മൗലാന അബ്ദുൽ റഹീം റായ്പൂരി യുടെ ഖലീഫ ആയിരുന്നു മൗലാന അബ്ദുൽ ഖാദർ...
സയ്യിദ് മൗദൂദി സാഹിബിന്റെ കാഴ്ചപ്പാടുകളോട് പൊരുത്തപെടാൻ സാധിക്കാതെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം അവസാനിപ്പിച്ച കാലത്ത് ഷെയ്ഖ് മൗലാന മുഹമ്മദ് ഇല്യാസ് അവറുകളുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹം രൂപം നൽകിയ തബ്‌ലീഗ് പ്രവർത്തനത്തിൽ അലി മിയാൻ തന്റെ ശൈഖിനൊപ്പം സജീവമായി നിലകൊണ്ടു, ശൈഖ് ഇല്യാസിന്റെ നിർദേശാനുസരണം സ്വദേശത്തും വിദേശത്തും ഉൾപ്പെടെ അനേകം യാത്രകളിൽ മൗലാന അലി മിയാൻ പങ്കാളിയായി, വർഷങ്ങളോളം മൗലാന ഇല്യാസ് അവറുകളുടെ സഹചാരിയായി നിലകൊള്ളുകയും അദ്ദേഹത്തിന്റെ ജീവിതം അടുത്ത് നിന്ന് വീക്ഷിക്കുകയും ചെയ്തു. പിൽക്കാലത്ത് 'മൗലാന മുഹമ്മദ് ഇല്യാസ്' എന്ന പേരിൽ ബ്രഹത്തായ ഒരു ഗ്രന്ഥം സയ്യിദ് അലി മിയാൻ രചിക്കുകയുണ്ടായി. മൗലാന ഇല്യാസ് കാന്തലവി (റ) യുടെ മരണം വരെ ഖിദ്മത്തിലും പ്രബോധന പ്രവർത്തനത്തിലുമായി നിസമുദീനിൽ അദ്ദേഹത്തോടൊപ്പം ക്കഴിഞ്ഞു കൂടി .. മൗലാന ഇല്യാസ് അവറുകളുടെ മരണം വിശ്വസിക്കാൻ കഴിയാതെ ഡൽഹി നിസാമുദീൻ മർക്കസിന് മുമ്പിൽ കൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് മൗലാന യുടെ മരണ വാർത്തയും സമുദായത്തിന്റെ ദൗത്യവും വിവരിച്ചു കൊണ്ട് മൗലാന അലി മിയാൻ ഒരു പ്രഭാഷണം നടത്തിയത് അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഇല്യാസ് മൗലാനയുടെ മരണ ശേഷം തബ്ലീഗ് പ്രവർത്തനത്തിൽ സജീവമായി നിലകൊണ്ടില്ലെങ്കിലും 1999 ൽ തന്റെ മരണം വരെ തബ്ലീഗ്‌ പ്രവർത്തനവുമായി അടുത്ത ബന്ധം അലി മിയാൻ പുലർത്തി. മൗലാന അലി മിയാൻ മരണപ്പെട്ട വർഷം തന്റെ മുറ്റത്ത് വെച്ച് നടന്ന വലിയ തബ്‌ലീഗ് കൂട്ടായ്മയിൽ പതിനായിരങ്ങളെ അദ്ദേഹം സംബോധന ചെയ്യുകയും ആ പ്രവർത്തനത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഊന്നിപ്പറയുകയുമുണ്ടായി.

ശ്രോതാക്കളെ പിടിച്ചു നിർത്താൻ കഴിവുള്ള മികച്ച വാഗ്മിയുമായിരുന്നു മൗലാന അലി മിയാൻ. മസ്ജിദ് നബവിയിൽ റൗദ യുടെ ചാരത്ത് നിന്ന് പ്രഭാഷണം നടത്താൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളാണ് മൗലാന അലി മിയാൻ. ഒന്നിലേറെ തവണ അദ്ദേഹത്തെ പ്രത്യേകമായി കഅബക്കകത്ത് പ്രവേശിപ്പിക്കുകയുമുണ്ടായി. വിവിധ യൂണിവേഴ്സിറ്റികളിൽ, സെമിനാറുകളിൽ, സിംപോസിയങ്ങളിൽ, ദീനീ മജ്ലിസുകളിൽ മൗലാനയുടെ വാഗ്ധോരണി ഇസ്‌ലാമിക ലോകം ചെവിയോർത്തു. അമേരിക്ക,യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ഒട്ടനേകം രാഷ്ട്രങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തുകയുണ്ടായി. അറബ് ലോകത്ത് അദ്ദേഹം ഏറെ സ്വീകാര്യനായിരുന്നു.
ഇവിടങ്ങളിലെ പ്രഭാഷണങ്ങൾ നിരവധി പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ലോക പ്രശസ്‌ത അന്തര്‍ദേശീയ സര്‍വകലാശാലയായ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി അവിടെ ഒരു ഇസ്‌ലാമിക്‌ ചെയര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അതിന്റെ ചെയര്‍മാനായി മൗലാന അലി മിയാനെ നിർദേശിച്ചത് അദ്ദേഹത്തിന്റെ ആഗോള പ്രശസ്തിയും വൈഭവവും കൊണ്ട് തന്നെയായിരുന്നു.നിരവധി സ്ഥാനമാനങ്ങൾ നൽകി വിവിധ യൂണിവേഴ്സിറ്റികൾ മൗലാന യെ ആദരിച്ചു.കോളേജ് വിസിറ്റിംഗ് പ്രൊഫസര്‍, ഓക്‌സ്ഫഡ് സര്‍വകലാശാല ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന്റെ മുഖ്യ ഉപദേഷ്ടാവ്, റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി സ്ഥാപകാംഗം, ആള്‍ജീരിയന്‍ ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് സ്ഥിരാംഗം, മദീന സര്‍വകലാശാല, ബൈറൂത്ത് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് എന്നിവയുടെ ഉപദേശകസമിതി അംഗം, ജനീവ ഇസ്‌ലാമിക് സെന്റര്‍ അംഗം, ദമസ്‌കസിലെ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍ അക്കാദമി അംഗം എന്നിങ്ങനെ അക്കാദമിക്ക് രംഗത്ത് വലിയ അംഗീകാരം ലഭിച്ചു കൊണ്ടേയിരുന്നു.1981-ല്‍ കാശ്മീര്‍ യൂണിവേഴ്‌സിറ്റി അറബി സാഹിത്യത്തില്‍ ഡിലിറ്റ് നല്‍കി ആദരിക്കുകയും ചെയ്തു.

വ്യക്തി ജീവിതത്തിൽ ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്നു അദ്ദേഹം. തന്റെ ഗ്രാമത്തിൽ വൈദ്യുതിയെത്താത്ത വീട്ടിൽ മെഴുകുതിരി വെട്ടത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞു കൂടിയിരുന്നത്‌, സാധാരണ കയറിന്റെ കട്ടിലിൽ കിടന്നായിരുന്നു വിശ്രമിച്ചിരുന്നത്‌ വിശ്രമം, ആ വേഷത്തിലും ലാളിത്യം പ്രകടമായിരുന്നു, സൗദി അറേബ്യയുടെ പരമോന്നത ബഹുമതിയായ ഫൈസൽ അവാർഡ്‌ മൗലാനയെ തേടി വന്നപ്പോൾ ആ തുക മുഴുവൻ പാവങ്ങൾക്ക്‌ വിതരണം ചെയ്തു, മരണം വരെ ലളിത ജീവിതം നയിച്ച ആ മഹാ പണ്ഡിതൻ ഇന്നത്തെ പണ്ഡിത സമൂഹത്തിനു വലിയ സന്ദേശം നൽകുന്നുണ്ട്‌, ഖുർആൻ പാരായണം, ദിക്ർ എന്നിവയിൽ സദാ മുഴുകിയിരുന്ന അദ്ദേഹം മണിക്കൂറുകളോളം ഗ്രന്ഥ രചനക്കും പൊതു ചർച്ചക്കുമായി മാറ്റി വെച്ചിരുന്നു.

മൗലാന നദ്‌വിയുടെ ദിനചര്യകൾ ശിഷ്യനായ ഡോ. യൂസുഫ് നദ്‌വി അനുസ്മരിക്കുന്നതിങ്ങനെ..

" ഗൗരവമേറിയ ചിന്തകളും പൂര്‍ണഭക്തിയും നിറഞ്ഞതായിരുന്നു നദ്‌വി സാഹിബിന്റെ ദൈനംദിന ജീവിതം. `നിന്റെ നാവ്‌ എപ്പോഴും ദിക്‌റിന്റെ നനവിലായിരിക്കട്ടെ' എന്ന നബി(സ)യുടെ ഉപദേശം ജീവിതത്തില്‍ പാലിച്ച മൗലാനയെ ഏത്‌ സമയവും ദിക്‌റില്‍ മുഴുകിയ നിലയിലായിരുന്നു കാണപ്പെടാറുണ്ടായിരുന്നത്‌. സ്വുബ്‌ഹിന്റെ ഒരു മണിക്കൂര്‍ മുമ്പ്‌ ഉണരും. അംഗശുദ്ധി വരുത്തി തഹജ്ജൂദ്‌ നമസ്‌കരിക്കും. സ്വുബ്‌ഹ്‌ നമസ്‌കാരാനന്തരം ഒരു ജുസ്‌ഇല്‍ കുറയാതെ ഖുര്‍ആന്‍ പാരായണം ചെയ്യും. ഒരു ജുസ്‌അ്‌ പാരായണത്തിന്ന്‌ ആരോഗ്യനില അനുവദിക്കാതിരുന്നാല്‍ നിസാറുല്‍ ഹഖ്‌ നദ്‌വിയെക്കൊണ്ടോ മറ്റോ ഒരു ജുസ്‌അ്‌ ഖുര്‍ആന്‍ തന്റെ സവിധത്തില്‍ ഓതിക്കുകയും അത്‌ സശ്രദ്ധം ശ്രവിക്കുകയും ചെയ്യും. ശേഷം അല്‌പദൂരത്തെ നടത്തം. പിന്നീട്‌ പ്രാതല്‍ കഴിച്ച്‌ കത്തുകള്‍ക്ക്‌ മറുപടി എഴുതും. ഏത്‌ ചെറിയവന്റെയും കത്തുകള്‍ക്ക്‌ ആ വലിയ മനുഷ്യന്‍ മറുപടി എഴുതാറുണ്ടായിരുന്നു. പിന്നീട്‌ പുസ്‌തകരചന, പ്രബന്ധമെഴുത്ത്‌ തുടങ്ങിയവയായിരിക്കും.

ളുഹ്‌റ്‌ നമസ്‌കാരാനന്തരം ഉച്ചയുറക്കം. പിന്നെ, അസ്വ്‌ര്‍ വരെ പുസ്‌തകവായന, ദിനപത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ വായനക്കും സമയം കണ്ടെത്തുന്നു. അസ്വ്‌ര്‍ നമസ്‌കാരാനന്തരം വിശിഷ്‌ടാതിഥികള്‍ക്കു വേണ്ടിയുള്ള മജ്‌ലിസായിരിക്കും. മത, രാഷ്‌ട്രീയ, സാമൂഹിക പ്രവര്‍ത്തകരായിരിക്കും ഈ മജ്‌ലിസിലെ സന്ദര്‍ശകര്‍. നദ്‌വയിലെ പ്രധാന ഉസ്‌താദുമാരെല്ലാം വേദിയില്‍ സന്നിഹിതരായിരിക്കും. ആനുകാലിക സംഭവവികാസങ്ങളെ സംബന്ധിച്ചും മറ്റും ചോദ്യങ്ങളുയരുകയും അദ്ദേഹം മറുപടി പറയുകയും പതിവാണ്‌.

ഇശാ നമസ്‌കാരാനന്തരം വീണ്ടും മജ്‌ലിസുണ്ടാവും. നദ്‌വ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന വിദ്യാര്‍ഥികളായിരിക്കും കൂടുതല്‍. മൗലാനമാരും ഖാദിമുമാരുമുണ്ടാകും. വിവിധ വിഷയങ്ങള്‍ ചോദിക്കപ്പെടുന്നതും ഉത്തരം കൊടുക്കുന്നതും സദസ്സില്‍ കാണാം. രാത്രി പതിനൊന്നു മണിയോടെ വിശ്രമമാരംഭിക്കും."

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദിനം (1999 ഡിസംബര്‍ 31-ന്‌) ഹിജ്‌റ 1420 റമദാന്‍ 22-ന്‌ വിശുദ്ധ മാസത്തിലെ ഒടുവിലത്തെ വെള്ളിയാഴ്‌ച ധന്യമായ ജീവിതത്തിന് വിശുദ്ധിയോടെയുള്ള സമാപനം.

ശൈഖിന്റെ വിയോഗത്തിന്‌ ശേഷം ഡോ. യൂസുഫുല്‍ ഖറദാവി, അശ്ശര്‍ഖുല്‍ ഔസത്വ്‌ എന്ന അറബി പത്രത്തില്‍ എഴുതിയ അനുസ്‌മരണ ലേഖനത്തിന്റെ ശീര്‍ഷകം `റബ്ബാനിയ്യത്തുല്‍ ഉമ്മ: വദാഇയത്തുല്‍ ഇസ്‌ലാം അല്‍ അല്ലാമാ അബുല്‍ ഹസന്‍ അലി നദ്‌വി ഫീദിമ്മതല്ലാഹ്‌' (സമുദായത്തിന്റെ ഇമാമും ഇസ്‌ലാമിന്റെ മഹാപ്രബോധകനുമായ അല്ലാമാ അബുല്‍ഹസന്‍ അലി നദ്‌വി അല്ലാഹുവിന്റെ സംരക്ഷണത്തിലെത്തി)

************************
മമ്മൂട്ടി അഞ്ചുകുന്ന്
Mammootty Anjukunnu

17/12/2023
അല്ലാമാ റാബിഅ് ഹസനി നദ്‌വി അനുസ്മരണം
11/05/2023

അല്ലാമാ റാബിഅ് ഹസനി നദ്‌വി അനുസ്മരണം

Address

Calicut

Alerts

Be the first to know and let us send you an email when Ali Miyan School of Thought posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ali Miyan School of Thought:

Shortcuts

Share

Category