22/10/2022
കൊറോണയും പരിസ്ഥിതി മാറ്റങ്ങളും
Dr Arun K Sreedhar,Geological Survey of India, Bangalore
2019 ഡിസംബര്‍ അവസാനം ചൈനയിലെ വുഹാന്‍ പട്ടണത്തിലുള്ള ഹുനാന്‍ സീ ഫുഡ് മാര്‍ക്കെറ്റില്‍ നിന്നാണ് കൊറോണ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയില്‍ ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 30-1-2020-ല്‍ ആണ്. കൊറോണ വൈറസ് അഥവാ SARS-CoV-2 മൂലമുണ്ടാകുന്ന ഈ രോഗം മനുഷ്യരിലെ ശ്വസന സംവിധാനത്തെ സാരമായി ബാധിക്കുന്നു . വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. പനി, ചുമ, വിറയല്‍,ശ്വാസതടസം, പേശി വേദന, തളര്‍ച്ച, ഛര്‍ദി തുടങ്ങിയവയാണ് Covid-19-ന്‍റെ രോഗ ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ അത് മരണത്തിനു വരെ കാരണമാകാം. 70% ആളുകളിലും ഈ രോഗം പ്രത്യേക ചികിത്സ കൂടാതെ ഭേദപ്പെടുന്നു. എന്നാല്‍ പ്രായമായവരിലും, രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവരില്‍ ഈ രോഗം ഗുരുതരമാവാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ, ചുമ, തുമ്മല്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന കണങ്ങള്‍ വഴിയോ ആണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. കൊറോണ വൈറസുകളുടെ പ്രധാന ഉറവിടം വവ്വാലുകലാണ്. വവ്വാലുകള്‍ക്ക് രോഗം പിടിപെടാതെ 200 കൊറോണ വൈറസുകളെ വരെ വഹിക്കാന്‍ കഴിയും.
മാസ്ക്, കൈയ്യുറ തുടങ്ങിയവ ധരിച്ചും, കൈകള്‍ അടിക്കടി സോപ്പ് ഉപയോഗിച്ച് കഴുകിയും, സാമുഹിക അകലം പാലിച്ചും ഈ രോഗം പടരുന്നത് തടയാവുന്നതാണ്. അടുത്തയിടെ ഇന്ത്യ കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള വാക്സിന്‍ നിര്‍മ്മിക്കുകയുണ്ടായി.
Lock down ഇന്ത്യയിലെ 1.3 billion ആളുകളെയാണ് ബാധിച്ചത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കണക്കാണ്. Lock down ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ മറ്റു പല രാജ്യങ്ങളിലെയും സാമുഹ്യ-സാമ്പത്തിക ഘടനയെ സാരമായി ബാധിക്കുകയുണ്ടായി. ആഗോള പരിതസ്ഥിയില്‍ lock down മൂലം പല നല്ല ഫലങ്ങളും അതുപോലെ തന്നെ ചീത്ത ഫലങ്ങളും ഉണ്ടാവുകയുണ്ടായി.
വായു മലിനീകരണത്തിലുണ്ടായ മാറ്റങ്ങള്‍
2017-ല്‍ ഇന്ത്യയില്‍ വായു മലിനീകരണം മൂലം 12.4 ലക്ഷം ആളുകള്‍ ആണ് മരണമടഞ്ഞത്. ഇങ്ങനെ മരണമടഞ്ഞവരില്‍ ഏറെപ്പേരും 70-വയസില്‍ താഴെയുള്ളവര്‍ ആയിരുന്നു. National Ambient Air Quality Standards-അനുസരിച്ച് ഇന്ത്യലെ 77% ആളുകള്‍ സുരക്ഷാപരിധിക്ക് മുകളിലുള്ള ബാഹ്യമായ വായു മലിനീകരണത്തിന് വിധേയരാണ്. ഡല്‍ഹിയില്‍ ആണ് ഇന്ത്യയില്‍ ഏറ്റവുമധികം വായു മലിനീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്‍റെ പ്രധാന സ്രോതസുകള്‍ വ്യവസായശാലകളില്‍ നിന്നുള്ള പ്രസരണങ്ങള്‍, കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മാലിന്യങ്ങളുടെ ജ്വലനം തുടങ്ങിയവയാകുന്നു. ഈ മലിനീകരണങ്ങള്‍ എല്ലാം തന്നെ മനുഷ്യരില്‍ പല രോഗങ്ങളുമുണ്ടാകാന്‍ കാരണമാകുന്നവയാണ്
വായുവില്‍ തങ്ങി നില്‍ക്കുന്ന, വ്യത്യസ്ത വലിപ്പവും, രാസ ഘടനയുമുള്ള ഖരത്തിന്‍റെയോ ദ്രാവകത്തിന്‍റെയോ കണികകളെയാണ് എയ്റോസോള്‍ എന്ന് പറയുന്നത്. Biomass-കളുടെ ജ്വലനം, സസ്യങ്ങള്‍ മറ്റു സൂഷ്മജീവികള്‍ തുടങ്ങിയവയാണ് എയ്റോസോളുകളു പ്രധാന സ്രോതസുകള്‍. മനുഷ്യരില്‍ ഇത് ആസ്തമ, bronchitis,ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നു.
ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ ഉന്നത മേഖലകളിലും അതുപോലെതന്നെ പ്രതലത്തിലും ഓസോണ്‍ കാണപ്പെടുന്നു. അന്തരീക്ഷത്തിന്‍റെ ഉന്നത മേഖലകളില്‍ കാണപ്പെടുന്ന ഓസോണിനെ സ്ട്രടോസ്ഫെറിക് ഓസോണ്‍ എന്ന് പറയുന്നു. സ്ട്രടോസ്ഫെറിക് ഓസോണ്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് മനുഷ്യര്‍ക്ക് സംരക്ഷണം നല്‍കുന്നു. എന്നാല്‍ മനുഷ്യ നിര്‍മ്മിതമായ രാസ വസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം ഭാഗിഗമായി തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഭൂമിയുടെ പ്രതലത്തില്‍ കാണുന്ന ഓസോണ്‍ മനുഷ്യരുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന മലിനീകരണ വസ്തുവാണ്. ഇതിന്‍റെ പ്രധാന സ്രോതസുകള്‍ വാഹനങ്ങള്‍, power plants, chemical plants, റിഫൈനറീസ് മുതലായാവയാണ്. സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ ഈ ഓസോണ്‍ പാളി പ്രതിപ്രവര്‍ത്തനം നടത്തുകയും, തുടര്‍ന്ന് കാറ്റ് അതിനെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് വഹിച്ചു കൊണ്ട് പോകുകയും ചെയ്യുന്നു. തൊണ്ടയില്‍.അണുബാധ, ശ്വാസകോശ രോഗങ്ങള്‍, ചുമ, പനി തുടങ്ങിയവയ്ക്ക് ഹാനികരമായ ഈ ഓസോണ്‍ പാളി കാരണമാകുന്നു.
അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ഖര-ദ്രാവക കണികകളുടെ മിശ്രിതത്തെയാണ് particulate matter എന്ന് പറയുന്നത്. ഇത് ഒരേ സമയം പ്രകൃതിദത്തവും, മനുഷ്യ നിര്‍മ്മിതവുമാണ്. എന്‍ജിനുകളുടെ ജ്വലനം, വീടുകളില്‍ ഉപയോഗിക്കുന്ന ഖര ഇന്ധനങ്ങള്‍, വ്യാവസായിക ഇന്ധനങ്ങള്‍ തുടങ്ങിയവയാണ് particulate matter-കളുടെ പ്രധാന സ്രോതസുകള്‍. ഇത് ആസ്തമ, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ മുതലായവയ്ക്ക് കാരണമാകുന്നു.
വാഹന മലിനീകരണം, ഫോസില്‍ ഇന്ധനങ്ങളുടെ ജ്വലനം തുടങ്ങിയവയാണ് അന്തരീക്ഷത്തിലുള്ള Nitrogen dioxide (NO2)-ന്‍റെ പ്രധാന ഉറവിടങ്ങള്‍. ലോകത്താകമാനം വര്‍ഷത്തില്‍ 4.6 million ആളുകളാണ് NO2-ന്‍റെ പ്രസരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാല്‍ മരണമടയുന്നത്. അന്തരീക്ഷത്തിലുള്ള NO2 ഓക്സിജനുമായും H2O-മായും പ്രതിപ്രവര്‍ത്തനം നടത്തുമ്പോള്‍ അമ്ല മഴയുണ്ടാകുന്നു. കൂടാതെ ഇത് പല ശ്വാസകോശ രോഗങ്ങളുമുണ്ടാകാന്‍ കാരണമാകുന്നു.
വ്യാവസായിക പ്രവര്‍ത്തനങ്ങളാണ് അന്തരീക്ഷത്തിലുള്ള sulphur dioxide (SO2)-ന്‍റെ പ്രധാന ഉറവിടം. ഇത് മനുഷ്യരില്‍ ശ്വാസതടസം, bronchitis തുടങ്ങിയ രോഗങ്ങള്‍ക്കും കൂടാതെ അമ്ല മഴക്കും കാരണമാകുന്നു.
വാഹനങ്ങള്‍, ഫര്‍ണസുകള്‍ തുടങ്ങിയവയാണ് അന്തരീക്ഷത്തിലുള്ള carbon monoxide-ന്‍റെ പ്രധാന സ്രോതസുകള്‍. തുടര്‍ച്ചയായി ശ്വസിച്ചാല്‍ ഇത് തലച്ചോറിന്‍റെയും, ഹൃദയത്തിന്‍റെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. Carbon monoxide രക്തത്തില്‍ കലര്‍ന്നാല്‍ ഹീമോഗ്ലോബിന് ഓക്സിജന്‍ തന്മാത്രകളെ വഹിച്ചുകൊണ്ട് പോകാന്‍ പറ്റാതാകുന്നു.
Lock down കാലത്ത് വ്യവസായശാലകളും പൊതുഗതാഗത സംവിധാനങ്ങളും അടഞ്ഞു കിടനനതിനാല്‍ Green House Gas-കളുടെ പ്രസരണത്തില്‍ വളരെയധികം കുറവുണ്ടായി. NO2 gas- പ്രസരണത്തിന്‍റെ 80% വാഹന മലിനീകരണത്തില്‍ നിന്നാണ് വരുന്നത് ബാക്കിയുള്ള 20% വരുന്നത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ്. Lock down കാലത്ത് ഡല്‍ഹിയില്‍ NO2 gas-ന്‍റെ പ്രസരണത്തില്‍ 70% കുറവ് അനുഭവപ്പെട്ടു. International Energy Agency (IEA)-യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്താകമാനം, കൊറോണ കാലത്ത്, എണ്ണയുടെയും കല്‍ക്കരിയുടെയും ആവശ്യകതയില്‍ വന്‍ ഇടിവുണ്ടായി.
ജലമലിനീകരണത്തിലുണ്ടായ മാറ്റങ്ങള്‍
വികസ്വര രാജ്യമായ ഇന്ത്യയിലെ പ്രധാന പ്രശ്നമാണ് ജലമലിനീകരണം. വ്യവസായശാലകളില്‍ നിന്നുള്ള മലിനീകരണത്തിന്, lock down കാലത്ത് 500% കുറവ് അനുഭവപെടുകയുണ്ടായി. ഗംഗാ നദിയിലുള്ള മൊത്തം 36 നിരീക്ഷണ കേന്ദ്രങ്ങളില്‍, 27 എണ്ണവും റിപ്പോര്‍ട്ട് ചെയ്തത്, lock down കാലത്ത് ജലമലിനീകരണം കാര്യമായി കുറഞ്ഞുവെന്നാണ്. Uttarakhand Pollution Control Board-ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, lock down സമയത്ത് ഗംഗാ ജലത്തിന്‍റെ ഭൌതിക രാസ ഘടകങ്ങളായ pH (7.4-7.8), dissolved oxygen (9.4-10.6 mg/L), biochemical oxygen demand (0.6-1.2 mg/L) and total coliform (40-90 MPN/100 ML) തുടങ്ങിയവ സുരക്ഷാപരിധിക്കുള്ളിലായിരുന്നു. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള coliform-ന്‍റെ കണക്ക് ഒഴിച്ചു നിര്‍ത്തിയാല്‍, ബാക്കിയുള്ള ഘടകങ്ങളെല്ലാം സൂചിപ്പിച്ചത് ഗംഗാ ജലം കുടിവെള്ള യോഗ്യമായിരുന്നു എന്നാണ്. ആളുകള്‍ കൂട്ടം കൂടുന്നതിനും, വിനോദ സഞ്ചാരികള്‍ക്കും വിലക്ക് ഉണ്ടായിരുന്നതിനാല്‍, ജലത്തിന്‍റെ ഗുണനിലവാരം പല സ്ഥലങ്ങളിലും ഉയരുകയുണ്ടായി. കയറ്റുമതി-ഇറക്കുമതി വ്യവസായത്തിന് നിരോധനം ഉണ്ടായിരുന്നതിനാല്‍ ചരക്കു കപ്പലുകളുടെ ചരക്കു നീക്കം നിലക്കുകയുണ്ടായി തന്മൂലം സമുദ്ര മലിനീകരണം വളരെയധികം കുറയുകയുണ്ടായി.
ശബ്ധമലിനീകരണത്തിലുണ്ടായ മാറ്റങ്ങള്‍
ശബ്ധമലിനീകരണം ഹൃദ് രോഗം, രക്തസമ്മര്‍ദം, ഉറക്കമില്ലായ്മ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ലോകത്താകമാനം 360 million ആളുകളാണ് ശബ്ധമലിനീകരണം മൂലം കേള്‍വിക്കുറവ് അനുഭവിക്കുന്നത്. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന നട്ടെലില്ലത്ത ജീവജാലങ്ങളെ ശബ്ധമലിനീകരണം സാരമായി ബാധിക്കുന്നു. Lock down സമയത്ത് ഡല്‍ഹിയില്‍ ശബ്ധമലിനീകരണത്തിന് 40-50% കുറവുണ്ടായി. Central Pollution Control Board of India-യുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയിലെ വാസസ്ഥലങ്ങളില്‍ ശബ്ധമലിനീകരണം പകല്‍ സമയത്ത് 40 decibel- ആയും രാത്രി സമയത്ത് 30 decibel-ആയും കുറഞ്ഞു. കൊറോണ സമയത്ത് ലോകത്താകമാനം ശബ്ധമലിനീകരണത്തില്‍ വലിയ കുറവ് ഉണ്ടായി.
ജൈവ വൈവിധ്യത്തിലുണ്ടായ മാറ്റങ്ങള്‍
ആവാസവ്യവസ്ഥക്ക് മൂന്നു തരത്തിലുള്ള വൈവിധ്യങ്ങള്‍ ആവശ്യമാണ് അവ (1) ജൈവപരം (2) ജനിതകപരം (3) പ്രവര്‍ത്തിപരം (functional) തുടങ്ങിയവയാകുന്നു. ഒരു പ്രദേശത്തുള്ള ജീവജാലങ്ങളുടെ സമ്പുഷ്ടതയെ ജൈവ വൈവിധ്യം എന്ന് പറയുന്നു. മാറുന്ന ചുറ്റുപാടുകളോട് ഇണങ്ങാനുള്ള ഒരു ജീവിയുടെ കഴിവിനെയാണ് ജെനിതക വൈവിധ്യം എന്ന് പറയുന്നത്. ഒരു പ്രദേശത്ത് നടക്കുന്ന ജൈവ-ഭൗതിക പ്രവര്‍ത്തനങ്ങളെ പ്രവര്‍ത്തിപരമായ വൈവിധ്യം എന്ന് പറയുന്നു. ജൈവ വൈവിധ്യത്തെവീണ്ടും മൂന്നായി തിരിക്കാം (a) ജെനിതക വൈവിധ്യം (b) ജീവികളുടെ വൈവിധ്യം (species diversity) (c) ആവാസവ്യവസ്ഥയുടെ വൈവിധ്യം. മനുഷ്യര്‍ നടത്തുന്ന അശാസ്ത്രിയ പ്രവര്‍ത്തനങ്ങള്‍ ആവാസവ്യവസ്ഥയുടെ സംതുലിതാവസ്ഥ തകരാറിലാക്കുന്നു. Lock down സമയത്ത് കഴുകന്‍ ഉള്‍പ്പടെയുള്ള ഒരുപാട് പക്ഷികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി, കൂടാതെ പരാഗണത്തിനു സഹായിക്കുന്ന കീടങ്ങള്‍ (insect pollinators) സസ്യങ്ങളിലും വിളകളിലും കൂടുതലായി കാണപ്പെടാന്‍ തുടങ്ങി. മലിനീകരണം കുറഞ്ഞതു മൂലം, നീണ്ട ദശകങ്ങള്‍ക്ക് ശേഷം ഇറ്റലിയിലെ ജലാശയങ്ങളിലേക്കും, ബംഗ്ലാദേശിലെ ബംഗാള്‍ ഉള്‍ക്കടലിലേക്കും ഡോള്‍ഫിനുകള്‍ തിരിച്ചുവന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്, lock down സമയത്ത് ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണം നടന്നുവെന്നാണ്.
പ്രകൃതിയിലുണ്ടായ വിപരീത ഫലങ്ങള്‍
കൊറോണ മൂലം ലോകത്താകമാനം ആരോഗ്യത്തിനു ഹാനികരമാകുന്ന medical waste-ന്‍റെ അളവ് കൂടുകയുണ്ടായി. കൊറൊണക്കാലത്ത് ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ എല്ലാ ദിവസവും 240 metric tone medical waste-ആണ് ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. അഹമ്മദാബാദില്‍, ഓരോ ദിവസവും 1000kg medical waste-ആണ് ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. മാസ്ക്കളുടെയും കൈയ്യുരകളുടെയും ഉപയോഗം കൂടിയത് കാരണം healthcare waste-കളുടെ അളവും കൂടുകയുണ്ടായി. കൊറോണക്കാലത്ത് പ്ലാസ്റ്റിക് PPE കിറ്റ്കളുടെ ഉല്‍പ്പാദനം വളരെയധികം കൂടുകയുണ്ടായി. Polypropylene ഉപയോഗിച്ചാണ് N-95 മാസ്ക്കുകള്‍ നിര്‍മ്മിക്കുന്നത് അതുപോലെതന്നെ Tyvek ഉപയോഗിച്ചാണ് സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്, ഇത് ആരോഗ്യത്തിനു ദോഷകരമായ dioxin മുതലായ elements പുറത്തു വിടുന്നു
കൊറോണക്കാലത്ത് അണുനാശിനികളുടെ ഉപയോഗം കൂടുകയുണ്ടായി ഇത് പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന ജീവികളെ നശിപ്പിക്കുന്നു. മലിന ജലത്തിലൂടെ കൊറോണ പടരുന്നത് തടയാന്‍ ചൈന ക്ലോറിന്‍ അണുനാശിനികളുടെ ഉപയോഗം കൂട്ടുകയുണ്ടായി. എന്നാല്‍ അമിതമായി ക്ലോറിന്‍ അണുനാശിനികള്‍ ജലത്തില്‍ പ്രയോഗിച്ചാല്‍ അത് ദോഷകരമായ പല ഉപോല്‍പ്പന്നങ്ങളും ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു
പ്രകൃതി എങ്ങനെ സംരക്ഷിക്കാം
താഴെത്തട്ടില്‍ ബോധവല്‍ക്കരണം നടത്തുകയാണ് പ്രകൃതി സംരക്ഷണത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം. ഇടയ്ക്കിടയ്ക്ക് ചെറിയ lock down-കള്‍ പ്രഖ്യാപിച്ചു പ്രകൃതിയുടെ പുനരുദ്ധാരണം സാധ്യമാക്കാം. തിരക്ക് പിടിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ periodically അടച്ചിട്ടുകൊണ്ട് പ്രകൃതി സംരക്ഷണം സാധ്യമാക്കാം. തരിശു ഭൂമികളില്‍ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. മലിന ജലം ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനു മുന്‍പ് ശാസ്ത്രീയമായ രീതിയില്‍ ശുദ്ധികരിക്കുക
References
(1) Rume, T and Didar-ul Islam, S.M (2020). Environmental effects of Covid-19 pandemic and potential strategies of sustainability. Heliyon, 6. pp 1-8.
(2) Gupta, N, Tomar, H and Kumar, V (2020). Effect of Covid-19 lock down on the air environment of India. Journal of environmental science and management, 6 (SI), pp 31-40
(3) Verma, A.K and Prakash S (2020). Impact of Covid-19 on environment and society. Journal of global biosciences, V9, N5, pp 7352-7363.
(4) Zambrano-Monserrate, M.A, Ruano, M.A and Sanchez-Alcalde, L (2020). Indirect effects of Covid-19 on the environment. Total environment. pp 2-4.