27/06/2026
ഇൻ്റഗ്രേറ്റഡ് പ്ലസ് ടു പൊങ്ങച്ചങ്ങളും
ഓടിത്തളരുന്ന കുട്ടികളും .....
കേരളത്തിലെ ഹയർസെക്കൻഡറി മേഖലയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ സംസ്കാരമാണ് ഇന്റഗ്രേറ്റഡ് ക്യാമ്പസുകൾ . പ്ലസ് വൺ പ്ലസ് ടു പഠനത്തിനോടൊപ്പം നീറ്റ് പരീക്ഷക്കും പരിശീലനം കൊടുത്തുകൊണ്ട് മുന്നോട്ടുപോകുന്ന സ്ഥാപനങ്ങൾ ഗ്രാമങ്ങളിൽ വരെ കൂണുപോലെ മുളച്ചുപൊന്തി കൊണ്ടിരിക്കുകയാണ്.പത്രങ്ങളിലെ ജാക്കറ്റ് പരസ്യങ്ങളിൽ വീണുപോകുന്ന രക്ഷിതാക്കൾ രണ്ടു കൊല്ലം ഒരു കുട്ടിയെ പഴുപ്പിക്കാൻ വിട്ടുകൊടുക്കുന്ന അവസ്ഥയാണ് പല സ്ഥലത്തും നടന്നുകൊണ്ടിരിക്കുന്നത്. നീറ്റ് (NEET) മാത്രമാണ് ജീവിതത്തിൻറെ ഏകലക്ഷ്യമെന്ന് രക്ഷിതാക്കളുടെ പൊതുബോധം പലപ്പോഴും ഒരു കുട്ടിയുടെ ആരോഗ്യ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നു.ഇത്തരം സ്കൂളുകളിൽ എത്ര കുട്ടികൾക്ക് നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിക്കുന്നു എന്ന് പരിശോധിച്ചു കഴിഞ്ഞാൽ ഒരു കാര്യം വ്യക്തമാവും.
പതിനായിരം കുട്ടികൾ ഒരു സ്കൂളിൽ ഉണ്ടെങ്കിൽ സ്വാഭാവികമായിട്ടും കുറച്ചുപേർക്ക് നീറ്റ് ലഭിക്കുന്നുണ്ട്. അത് മിടുക്കരായ വിദ്യാർത്ഥികൾക്കാണ്. പക്ഷേ അതിൽ ബാക്കിയുള്ള ആയിരങ്ങൾ എവിടെപ്പോകുന്നു ?
പത്രങ്ങളിലെ ഒരു ജാക്കറ്റ് പരസ്യത്തിൽ കൊള്ളാവുന്ന ഫോട്ടോകളുടെ എണ്ണം 100, 200 എടുക്കുക. എങ്കിൽ ആയിരങ്ങൾ പഠിക്കുന്ന ഇത്തരം സ്ഥാപനങ്ങളിലെ ബാക്കി കുട്ടികൾ എവിടെ പോകുന്നു ? അവരുടെ റിസൾട്ട് എന്താണ്?
ഇൻ്റഗ്രേറ്റഡ് കഴിഞ്ഞ ഒരു 10 കുട്ടികളെയും രക്ഷിതാക്കളെയും ഇൻറർവ്യൂ ചെയ്തു കഴിഞ്ഞാൽ ഇതിന്റെ സത്യാവസ്ഥ മനസ്സിലാകും .......
യഥാർത്ഥത്തിൽ രക്ഷിതാക്കളുടെ പൊങ്ങച്ചങ്ങളിൽ കോടിക്കണക്കിന് ആസ്തിയാണ് പല ഇന്റഗ്രേറ്റഡ് ക്യാമ്പസുകളും കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കുന്നത്. പിന്നീട് ഘട്ടംഘട്ടമായി ഇത്തരം സ്ഥാപനങ്ങൾ മുഖ്യധാരയിൽ നിന്ന് ഇല്ലാതാകുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.
എന്താണ് യാഥാർത്ഥ്യം?
കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാഭ്യാസം നീറ്റ് അധിഷ്ഠിത വിദ്യാഭ്യാസം മാത്രമാക്കി ചുരുക്കി എന്നുള്ളതാണ് ഇത് മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ വെല്ലുവിളി. പ്ലസ് ടു എന്ന് പറയുന്നത് തന്നെ നീറ്റാണ് എന്ന പൊതു ബോധത്തിലേക്ക് ഭൂരിഭാഗം രക്ഷിതാക്കളും വിദ്യാർത്ഥികളും എത്തിച്ചേരുന്നു.ഇത് വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളും വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്നങ്ങളും നമ്മൾ പലപ്പോഴും കാണാതെ പോകുന്നു.
കൊമേഴ്സിലെയും ഹ്യൂമാനിറ്റിസിലെയും വൈവിധ്യമാർന്ന വിദ്യാഭ്യാസ മേഖലകളെ അറിയാതെയും പരിചയപ്പെടാതെയും പോകുന്ന വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളുടെ താൽപര്യത്തിനനുസരിച്ച് പോകുമ്പോൾ നഷ്ടപ്പെടുന്നത് അനേകം പ്രതിഭകളെയാണ്.മറ്റൊന്ന് ഇതേ പരിശീലന പരിപാടികൾ ഉപയോഗിച്ചുകൊണ്ട് എഴുതാവുന്ന pure സയൻസിൽ എഴുതാവുന്ന നിരവധി എൻട്രൻസ് പരീക്ഷകളും നിലവിലുണ്ട്. മികച്ച ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്ന സ്ഥാപനങ്ങൾ നിരവധിയുണ്ട്.അമിതമായ നീറ്റ് പ്രചാരം കാരണം പക്ഷേ ഇതിലേക്കൊന്നും വലിയ തോതിൽ കുട്ടികളെ രക്ഷിതാക്കൾ വിടുന്നില്ല.
രാവിലെ മുതൽ വൈകുന്നേരം വരെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുടെ മുമ്പിൽ പകച്ചിരിക്കുന്ന വിദ്യാർഥികൾ ഒരു പൊതു സ്കൂളിൽനിന്ന് കിട്ടുന്ന ഒരു തരത്തിലുള്ള സാമൂഹ്യവൽക്കരണവും ഇല്ലാതെ തങ്ങളുടെ ഏറ്റവും കളർഫുൾ ആയ ജീവിതഘട്ടം അതിസമ്മർദ്ദങ്ങളുമായി മുന്നോട്ട് പേവേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഉള്ളത്.
ചില ഇന്റഗ്രേറ്റഡ് സ്കൂളുകളുടെ പരസ്യം തന്നെ ആറാം ക്ലാസ് മുതൽ നീറ്റിന് വേണ്ടി പ്രിപ്പയർ ആവാൻ എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ ക്യാമ്പസിൽ ഉണ്ട് എന്നാണ്. കുട്ടികൾക്ക് വിദ്യാഭ്യാസത്തിൻറെ മറ്റൊരു വൈവിധ്യമാർന്ന മേഖലകളെയും പരിചയപ്പെടുത്താതെ ഇതിലേക്ക് മാത്രം ചുരുങ്ങി പോവുകയും നമ്മുടെ വിദ്യാർത്ഥി വിഭവങ്ങളെ ഒരർത്ഥത്തിൽ ഇല്ലാതാക്കുകയും ആണ് ഇതിൽ ചെയ്യുന്നത്.നീറ്റ് പരീക്ഷയെ പൂർണമായി വിമർശിക്കുക അല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച് അതിന് കഴിവുള്ള വിദ്യാർത്ഥികൾ നിർബന്ധമായും അതിനുതന്നെ പോകണം.
നല്ല പ്രഗൽഭരായ ഡോക്ടർമാർ ഉണ്ടാവണം. അതിൽ താല്പര്യമുള്ള കുട്ടികൾ അത് തെരഞ്ഞെടുക്കുകയും. അതിൻറെ ഏറ്റവും ഉന്നതമായ തലങ്ങളിലേക്ക് എത്തുകയും വേണം.എന്നാൽ ഇന്ന് ഇന്റഗ്രേറ്റഡ് സ്കൂളുകളിൽ അല്ലെങ്കിൽ ഇത്തരം പരിശീലന കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന നൂറിൽ 75 പേരും രക്ഷിതാക്കളുടെ സമ്മർദ്ദവും പൊങ്ങച്ചത്തിന്റെയും പണത്തിന്റെയും ഭാഗമായിട്ടാണ് വരുന്നത്.
ലക്ഷങ്ങൾ മുടക്കി നീറ്റ് പരീക്ഷയിൽ എവിടെയും എത്താതെ പോകുമ്പോൾ കുട്ടിക്ക് ഒരു വർഷം നഷ്ടപ്പെടുകയും കുട്ടി വലിയ മാനസിക സമ്മർദ്ദത്തിലേക്ക് പിന്നീട് നീങ്ങുകയും ചെയ്യുന്നു.
യഥാർത്ഥത്തിൽ ഇൻഡഗ്രേറ്റഡ് സ്കൂളുകൾ ഭാവിയിൽ ഹയർ സെക്കൻഡറി അധ്യാപകരുടെ തൊഴിൽ ഇല്ലാതാക്കും എന്നുള്ളത് തീർച്ചയാണ്.മിക്കവാറും ഹയർ സെക്കൻഡറികളിൽ കുട്ടികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മികച്ച ഇന്റഗ്രേറ്റഡ് ക്യാമ്പസുകൾ തേടിപ്പോകുന്ന കുട്ടികളുടെ എണ്ണം കൂടുകയും നമ്മുടെ സർക്കാർ എയ്ഡഡ് മേഖലകളിലെ വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ഹയർസെക്കൻഡറി തസ്തികേൾ നഷ്ടപ്പെടുകയും ബാച്ചുകൾ ഇല്ലാതാവുകയും ചെയ്യും ഇത് നേരിയ തോതിൽ ഇപ്പോൾ അനുഭവ തലത്തിലേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്.
മറ്റൊന്ന് സർക്കാർ മേഖലയിൽ അല്ല ഒരു കുട്ടിക്ക് എൻട്രൻസ് കിട്ടുന്നതെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ലക്ഷങ്ങൾ ഫീസ് അടച്ച് വെറുമൊരു എംബിബിഎസുമായി പുറത്തിറങ്ങുന്ന വിദ്യാർത്ഥിക്ക് മുന്നിലെ തൊഴിലവസരങ്ങളെ കുറിച്ചും രക്ഷിതാക്കൾ ആലോചിക്കുന്നത് നന്നായിരിക്കും........
രക്ഷിതാക്കളോടാണ്.....
പണമുണ്ടെങ്കിൽ നിങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് കുട്ടികളെ പഠിക്കാൻ വിടാതിരിക്കുക. മറിച്ച് വിദ്യാർത്ഥികളുടെ താൽപര്യങ്ങളും അഭിരുചിയും അറിഞ്ഞുകൊണ്ട് അതിന് പണം മുടക്കുകയും അതിൽ അവരെ പ്രതിഭകളാക്കി മാറ്റുകയും ചെയ്യാനുള്ള പിന്തുണ നൽകുക.
Saleem NK