24/10/2017
ഐക്യരാഷ്ട്രം പിറക്കുന്നു...
ഒക്ടോബർ 24 യു.എൻ ദിനം
രണ്ടാം ലോകയുദ്ധത്തെ തുടർന്ന് സാർവദേശീയ രംഗത്തുണ്ടായ സുപ്രധാനമായ വികാസം െഎക്യരാഷ്ട്ര സഭയുടെ (യു.എൻ.ഒ) രൂപവത്കരണമാണ്. ലോകസമാധാനവും സുരക്ഷിതത്വവും പരിപാലിക്കുന്നതിന് സാർവദേശീയമായൊരു സംഘടന അനിവാര്യമാണെന്ന് രണ്ടാം ലോകയുദ്ധത്തിെൻറ വിനാശങ്ങൾ മനുഷ്യരാശിയെ ബോധ്യപ്പെടുത്തുകയുണ്ടായി. സർവനാശമായ യുദ്ധങ്ങൾ ഒഴിവാക്കി മനുഷ്യരാശിക്ക് ആകമാനം നീതിപൂർവകമായ ഒരു ജീവിതം ഉറപ്പുവരുത്തുന്നതിനുവേണ്ടി അത്തരമൊരു സംഘടന സ്ഥാപിക്കണമെന്ന ആവശ്യം നാനാഭാഗത്തുനിന്നും ഉയർന്നുവന്നു. സഖ്യശക്തികളാണ് ലോകസമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു ആഗോള സംഘടന രൂപവത്കരിക്കുന്നതിന് മുൻകൈയെടുത്തത്.
അറ്റ്ലാൻറിക് പ്രമാണം
യു.എൻ.ഒയുടെ രൂപവത്കരണത്തിന് വഴിയൊരുക്കിയ പ്രഥമ സമ്മേളനം 1941 ആഗസ്റ്റിൽ അറ്റ്ലാൻറിക് സമുദ്രത്തിലെ ഒരു യുദ്ധക്കപ്പലിൽവെച്ചാണ് നടന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിലും അമേരിക്കൻ പ്രസിഡൻറായിരുന്ന റൂസ്വെൽറ്റും തമ്മിൽ നടത്തിയ ഇൗ കൂടിക്കാഴ്ചയുടെ അവസാനം അവരൊരു സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കുകയും ചെയ്തു. അറ്റ്ലാൻറിക് പ്രമാണം എന്നപേരിൽ ഇതറിയപ്പെടുന്നു.
എട്ട് തത്ത്വങ്ങൾ അന്ന് പ്രഖ്യാപിച്ചു. സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ, സ്വതന്ത്ര വ്യാപാരം, സമുദ്ര സ്വാതന്ത്ര്യം, നിരായുധീകരണം എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കേണ്ടതിെൻറ ആവശ്യകത ഇതിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ, െഎക്യരാഷ്ട്ര സഭയുടെ ജനനത്തിന് അടിത്തറ പാകിയത് അറ്റ്ലാൻറിക് പ്രമാണമാണെന്ന് കരുതപ്പെടുന്നു.
യു.എൻ.ഒയുടെ രൂപവത്കരണം
1942 ജനുവരിയിൽ വാഷിങ്ടണിൽവെച്ച് ഒരു സമ്മേളനം നടന്നു. ഇതിൽ പെങ്കടുത്ത 26 രാഷ്ട്രങ്ങൾ ഒപ്പുവെച്ച വാഷിങ്ടൺ പ്രഖ്യാപനത്തിലാണ് ‘യുനൈറ്റഡ് േനഷൻസ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അമേരിക്കൻ പ്രസിഡൻറായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റാണ് ഇൗ പദത്തിെൻറ ഉപജ്ഞാതാവ്.
യു.എൻ.ഒ രൂപവത്കരിക്കാനുള്ള നടപടികളുടെ പര്യവസാനമാണ് 1945 ജൂൺ 26ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നടന്ന സമ്മേളനം. യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായ എഡ്വേഡ് സ്റ്റെറ്റിനിയസിെൻറ അധ്യക്ഷതയിൽ ചേർന്ന ഇൗ സമ്മേളനത്തിൽ 50 രാജ്യങ്ങളിൽനിന്നുള്ള 260 പ്രതിനിധികൾ പെങ്കടുത്തു. യു.എൻ.ഒയുടെ പ്രമാണം എഴുതിയുണ്ടാക്കിയത് ഇൗ സമ്മേളനത്തിലാണ്. സാൻഫ്രാൻസിസ്കോ സമ്മേളനം തയാറാക്കിയ യു.എൻ.ഒയുടെ പ്രമാണത്തിൽ 50 രാജ്യങ്ങൾ ഒപ്പുവെച്ചു. 1945 ഒക്ടോബർ 15ന് പോളണ്ടുകൂടി ഒപ്പുവെച്ചതോടെ അംഗങ്ങളുടെ എണ്ണം 51 ആയി. അങ്ങനെ 1945 ഒക്േടാബർ 24ന്
യു.എൻ.ഒ ഒൗദ്യോഗികമായി നിലവിൽവന്നു. പ്രാരംഭത്തിൽ ലണ്ടനിൽ പ്രവർത്തനമാരംഭിച്ചയു.എൻ പിന്നീട് അതിെൻറ സ്ഥിരം ആസ്ഥാനമായ ന്യൂയോർക്കിലേക്ക് മാറ്റി.
യു.എൻ.ഒയുടെ ലക്ഷ്യങ്ങൾ
1. ഭാവിതലമുറയെ യുദ്ധത്തിെൻറ ശാപത്തിൽനിന്ന് രക്ഷിക്കുക.
2. അടിസ്ഥാന മനുഷ്യാവകാശങ്ങൾ, മനുഷ്യെൻറ അന്തസ്സും വിലയും, സ്ത്രീ^പുരുഷ സമത്വം, ചെറുതും വലുതുമായ രാജ്യങ്ങളുടെ തുല്യത എന്നിവയിലുള്ള വിശ്വാസം ആവർത്തിച്ചുറപ്പിക്കുക.
3. അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും സംരക്ഷിക്കുക.
4. സാമൂഹിക ഉന്നമനവും മെച്ചപ്പെട്ട ജീവിതനിലവാരവും കൂടുതൽ സ്വാതന്ത്ര്യവും വളർത്തിയെടുക്കുക.
(ചുരുക്കത്തിൽ സമാധാനം, മനുഷ്യെൻറ അന്തസ്സ്, നീതി, ക്ഷേമം എന്നിവയാണ് യു.എൻ.ഒയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ).
യു.എൻ.ഒയുടെ ഉദ്ദേശ്യങ്ങൾ
1. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും പരിപാലിക്കുക.
2. രാഷ്ട്രങ്ങൾ തമ്മിൽ സൗഹാർദബന്ധം വളർത്തിയെടുക്കുക.
3. സാമ്പത്തിക^സാമൂഹിക^സാംസ്കാരിക^മാനുഷിക പ്രശ്നങ്ങൾ അന്താരാഷ്ട്ര സഹകരണത്തിലൂടെ പരിഹരിക്കുക.
4. അന്താരാഷ്ട്ര നിയമങ്ങളെയും ധാരണകളെയും ലംഘിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും നടപടി സ്വീകരിക്കുക.
5. ഇൗ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു കേന്ദ്രമായി പ്രവർത്തിക്കുക.
യു.എൻ.ഒയുടെ തത്ത്വങ്ങൾ
1. എല്ലാ അംഗങ്ങളുടെയും പരമാധികാര തുല്യത എന്ന ആശയത്തെയാണ് സംഘടന അടിസ്ഥാനമാക്കിയിട്ടുള്ളത്.
2. എല്ലാ അംഗങ്ങളും പ്രമാണമനുസരിച്ചുള്ള ചുമതലകൾ നിർവഹിക്കണം.
3. എല്ലാ അംഗങ്ങളും അവരുടെ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം.
4. എല്ലാ അംഗങ്ങളും മറ്റു രാജ്യങ്ങളുടെ അഖണ്ഡതക്കെതിരെ ഭീഷണിയോ ബലപ്രയോഗമോ നടത്താൻ പാടില്ല.
5. പ്രമാണപ്രകാരം യു.എൻ എടുക്കുന്ന
ഏതൊരു നടപടിക്കും എല്ലാ അംഗങ്ങളും സഹായമേകണം.
6. യു.എൻ.ഒയിൽ അംഗത്വമില്ലാത്ത രാജ്യങ്ങൾ സംഘടനയുടെ പ്രമാണമനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് യു.എൻ ഉറപ്പുവരുത്തണം.
7. രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ
യു.എൻ ഇടപെടുകയില്ല.
യു.എൻ.ഒയുടെ ഘടന
യു.എൻ.ഒക്ക് ആറു പ്രധാന ഘടകങ്ങളും നിരവധി പ്രത്യേക ഏജൻസികളുമുണ്ട്. പൊതുസഭ, സുരക്ഷാസമിതി, സാമ്പത്തിക^സാമൂഹിക സമിതി, ട്രസ്റ്റിഷിപ് കൗൺസിൽ, സെക്രേട്ടറിയറ്റ്, അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിവയാണ് സംഘടനയുടെ പ്രധാന ഘടകങ്ങൾ. ഇൗ അടിസ്ഥാന ഘടകങ്ങളിൽ കൂടിയാണ് യു.എൻ അതിെൻറ നാനാമുഖമായ പ്രവർത്തനങ്ങൾ നിർവചിക്കുന്നത്.
1. പൊതുസഭ
പൊതുസഭയാണ് യു.എൻ.ഒയുടെ പ്രധാനകാര്യ വിചാരസഭ. യു.എൻ.ഒയിലെ എല്ലാ അംഗങ്ങളും പൊതുസഭയിലെ അംഗങ്ങളാണ്. എല്ലാ അംഗങ്ങൾക്കും അഞ്ചു പ്രതിനിധികളെ അയക്കാമെങ്കിലും ഒാരോ രാജ്യത്തിനും ഒാേരാ വോട്ടു മാത്രമേയുള്ളൂ. ഭൂരിപക്ഷത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുന്നത്. പൊതുസഭ മുഖ്യമായും ഒരു ചർച്ചാവേദിയാണ്. യു.എൻ പ്രമാണത്തിെൻറ പരിധിയിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ചർച്ചചെയ്യാനുള്ള അധികാരം അതിനുണ്ട്. വർഷത്തിലൊരിക്കലെങ്കിലും പൊതുസഭ സമ്മേളിച്ചിരിക്കണം.
2. സുരക്ഷാസമിതി
യു.എൻ.ഒയുടെ ഏറ്റവും സുപ്രധാനമായ ഘടകമാണ് സുരക്ഷാസമിതി. ഇതിൽ അഞ്ച് സ്ഥിരാംഗങ്ങളും 10 അസ്ഥിരാംഗങ്ങളും ഉണ്ട്്. വൻ രാഷ്ട്രങ്ങളായ അമേരിക്ക, റഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന എന്നിവരാണ് സ്ഥിരാംഗങ്ങൾ. രണ്ടു വർഷം മാത്രം കാലാവധിയുള്ള താൽക്കാലിക അംഗങ്ങളെ പൊതുസഭയാണ് തെരഞ്ഞെടുക്കുന്നത്. സ്ഥിരാംഗങ്ങൾക്കെല്ലാം
വീറ്റോ അഥവാ നിഷേധാധികാരമുണ്ട്. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും നിലനിർത്തുകയാണ് സുരക്ഷാസമിതിയുടെ മുഖ്യ കർത്തവ്യം.
3. സാമ്പത്തിക^സാമൂഹിക സമിതി
യു.എൻ.ഒയുടെ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ഘടകമാണിത്. ആരംഭകാലത്ത് 18 അംഗങ്ങളാണ് ഇതിലുണ്ടായിരുന്നത്. പിന്നീടത് ഒരുപാട് അംഗങ്ങളുമായി വളർന്നു. രാഷ്ട്രീയേതര മേഖലകളിലാണ് സാമ്പത്തിക^സാമൂഹിക സമിതി പ്രവർത്തിക്കുന്നത്. പ്രത്യേക ഏജൻസികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഇൗ സമിതിയാണ്.
4. ട്രസ്റ്റിഷിപ് കൗൺസിൽ
പരാജിത രാജ്യങ്ങളിൽനിന്ന് പിടിച്ചെടുത്ത് യു.എൻ.ഒക്ക് കൈമാറിയ പ്രദേശങ്ങളുടെ മേൽനോട്ടം നടത്തുന്ന ഘടകമാണിത്. ട്രസ്റ്റ് പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക, അവരെ സ്വയംഭരണത്തിന് സജ്ജമാക്കുക എന്നിവയാണ് ട്രസ്റ്റിഷിപ് കൗൺസിലിെൻറ മുഖ്യ ചുമതലകൾ.
5. സെക്രേട്ടറിയറ്റ്
യു.എൻ.ഒയുടെ ഭരണപരമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഘടകമാണ് സെക്രേട്ടറിയറ്റ്. സംഘടനയുടെ ദൈനംദിന ഭരണകാര്യങ്ങളും നടത്തുന്നത് സെക്രേട്ടറിയറ്റാണ്. 50,000ത്തോളം ഉദ്യോഗസ്ഥന്മാർ ഇതിൽ പണിയെടുക്കുന്നുണ്ട്. ഇതിെൻറ മേധാവിയാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ അഞ്ചുവർഷ കാലാവധിക്കാണ് തെരഞ്ഞെടുക്കുന്നത്.
6. അന്താരാഷ്ട്ര നീതിന്യായ േകാടതി
യു.എൻ.ഒയുടെ നീതിന്യായ വിഭാഗമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൗ കോടതിയിൽ 15 ജഡ്ജിമാരാണുള്ളത്. ഒമ്പതുവർഷമാണ് ഇവരുടെ കാലാവധി. അംഗരാജ്യങ്ങളുന്നയിക്കുന്ന തർക്കപ്രശ്നങ്ങൾക്ക് നിയമപരമായ തീർപ്പുകൽപിക്കുകയാണ് ഇൗ കോടതിയുടെ മുഖ്യ ചുമതല. കൂടാതെ
യു.എൻ.ഒയുടെ മറ്റ് ഘടകങ്ങൾക്ക് നിയ
മോപദേശം നൽകുകയും ചെയ്യുന്നു. എങ്കിലും നിയമലംഘകരെ ശിക്ഷിക്കാനുള്ള അധികാരം കോടതിക്കില്ല.
മനുഷ്യാവകാശ പ്രഖ്യാപനം
മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും യു.എൻ മഹത്തായ സേവനങ്ങൾ നൽകിപ്പോന്നിട്ടുണ്ട്. 1948 ഡിസംബർ 10ന് യു.എൻ പൊതുസഭ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം ഇൗ മേഖലയിൽ യു.എൻ നൽകിയ ഏറ്റവും മികച്ച സംഭാവനയാണ്. യു.എൻ അംഗീകരിച്ച പ്രധാന മനുഷ്യാവകാശങ്ങൾ താഴെ പറയുന്നവയാണ്.
ജീവിക്കാനുള്ള അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
മതവിശ്വാസത്തിനുള്ള അവകാശം
തുല്യതക്കുള്ള അവകാശം
ചിന്താ സ്വാതന്ത്ര്യം
ജോലി ചെയ്യാനുള്ള അവകാശം
വിദ്യാഭ്യാസത്തിനുള്ള അവകാശം
സ്വത്തിനുള്ള അവകാശം
ഭാഷണ സ്വാതന്ത്ര്യം
വോട്ടവകാശം
സംഘടന സ്വാതന്ത്ര്യം
യു.എൻ.ഒയുടെ പ്രധാന നേട്ടങ്ങൾ
ഒരു സമാധാന പരിപാലന ഏജൻസി എന്നനിലയിൽ അന്തർദേശീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യു.എൻ.ഒ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ പറയുന്നു.
1946 ^ഇറാൻ^സോവിയറ്റ് യൂനിയൻ പ്രശ്നം: സോവിയറ്റ് യൂനിയൻ ഇറാെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടതിനെ തുടർന്നുണ്ടായ തർക്കം യു.എൻ കൂടിയാലോചനയിലൂടെ പരിഹരിച്ചു.
1946 ^േഹാളണ്ട് ^ഇേന്താനേഷ്യ യുദ്ധം
യു.എൻ ഇടപെട്ട് അവസാനിപ്പിച്ചു.
1948 ^കശ്മീരിൽ ഇന്ത്യ^പാകിസ്താൻ വെടിനിർത്തൽ കൊണ്ടുവന്നു.
1948 ^ഇസ്രായേൽ രാഷ്ട്രം രൂപവത്കരിച്ചു.
1950 ^കൊറിയൻ യുദ്ധത്തിൽ യു.എൻ ഇടപെട്ടു. സൈനിക നടപടി സ്വീകരിച്ചു.
1956 ^സൂയസ് കനാൽ പ്രശ്നത്തിൽ ദൗത്യസേനയെ അയച്ച് യു.എൻ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.
1960 ^കോംഗോയിലെ ആഭ്യന്തര സമരത്തിൽ സേനാനീക്കത്തിലൂടെ പ്രതിസന്ധി അവസാനിപ്പിക്കാൻ കോംഗോയെ സഹായിച്ചു.
1963 ^സൈപ്രസിലെ ആഭ്യന്തര കലാപത്തിൽ യു.എൻ സമാധാന സേനയെ അയച്ചു.
1965 ^ഇന്ത്യ^പാക് യുദ്ധത്തിൽ യു.എൻ ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചു.
1980^88 ^ഇറാൻ^ഇറാഖ് യുദ്ധത്തിൽ യു.എൻ ക്രിയാത്മകമായി ഇടപെട്ടു.
1991 ^ഗൾഫ് യുദ്ധം: യു.എൻ ബാനറിൽ നടത്തുന്ന ഇൗ യുദ്ധത്തിൽ ഇറാഖിെൻറ പിടിയിൽനിന്ന് കുവൈത്ത് മോചിപ്പിക്കപ്പെട്ടു.
യു.എൻ.ഒയും വീറ്റോ അധികാരവും
യു.എൻ.ഒക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സുരക്ഷാസമിതിയുടെ ഘടനയും അധികാരവും ജനാധിപത്യവിരുദ്ധമാണെന്ന് വിമർശകർ പറയുന്നു.
യു.എൻ.ഒയുടെ ആരംഭത്തിലുണ്ടായ അഞ്ച് സ്ഥിരാംഗങ്ങൾ തന്നെയാണ് ഇപ്പോഴും സുരക്ഷാ സമിതിയിലുള്ളത്. സ്ഥിരാംഗങ്ങൾക്ക് വീറ്റോ അധികാരമുണ്ട്. ഇൗ അഞ്ച് സ്ഥിരാംഗങ്ങളിൽ ആരെങ്കിലും ഒരാൾ എതിർത്താൽ ഒരു പ്രമേയവും പാസാകുകയില്ല. ഇൗ വീറ്റോ അധികാരം ഉപയോഗിച്ച് ഏതെങ്കിലും ഒരു സ്ഥിരാംഗത്തിന് ഒരു തീരുമാനമെടുക്കുന്നതിൽനിന്ന് സുരക്ഷാസമിതിയെ തടയാൻ കഴിയും.
വീറ്റോ അധികാരം ജനാധിപത്യവിരുദ്ധവും കാലഹരണപ്പെട്ടതുമാണ്. ലോകാഭിപ്രായം പ്രതിഫലിക്കുന്ന വിഷയത്തിൽപോലും ഒരു സ്ഥിരാംഗത്തിെൻറ എതിർപ്പുണ്ടെങ്കിൽ
യു.എൻ.ഒക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിയുകയില്ല. സ്വന്തം ഇഷ്ടമനുസരിച്ച് വീറ്റോ പ്രയോഗിക്കുന്ന സ്ഥിരാംഗങ്ങൾ ഏകപക്ഷീയമായും സ്വേച്ഛാധിപത്യപരമായും അവരുടെ തീരുമാനങ്ങൾ അടിച്ചേൽപിക്കുകയാണ് ചെയ്യുന്നത്. വീറ്റോ അധികാരത്തിെൻറ ദുരുപയോഗം തടയുന്നതിനുവേണ്ടി 1950ൽ പാസാക്കിയ സമാധാനത്തിനുള്ള െഎക്യപ്രമേയം ഇതുവരെ ശരിയായ രൂപത്തിൽ പ്രാവർത്തികമായിട്ടില്ല. വിമർശകർ ചൂണ്ടിക്കാണിക്കുന്നതുേപാലെ യു.എൻ.ഒയിലെ ‘ജനാധിപത്യ കമ്മി’ പരിഹരിക്കണമെങ്കിൽ
വീറ്റോ അധികാരം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
യു.എൻ.ഒയും വൻശക്തികളും
യു.എൻ.ഒ വൻശക്തികളുടെ കളിപ്പാവയാണെന്ന് ചില വിമർശകർ അഭിപ്രായപ്പെടുന്നു. യു.എന്നിെൻറ ആരംഭം മുതൽ സ്ഥിരാംഗങ്ങൾ അതിൽ ആധിപത്യം പുലർത്തിക്കൊണ്ടിരിക്കുകയാണ്. അഞ്ചു വൻശക്തികളുടെ ഒരു വിശിഷ്ട ക്ലബായി യു.എൻ പലപ്പോഴും തരംതാഴ്ത്തപ്പെട്ടിട്ടുണ്ട്. വീറ്റോ അധികാരമുള്ളതിനാൽ യു.എൻ അവരുടെ ചൊൽപ്പടിയിലാണ്. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഉപകരണമായി യു.എന്നിനെ മാറ്റിയെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ലാറ്റിനമേരിക്കക്കും ആഫ്രിക്കക്കും പ്രാതിനിധ്യമില്ലാത്ത സുരക്ഷാസമിതിയെ വികസിപ്പിക്കാനുള്ള എല്ലാ പരിശ്രമങ്ങൾക്കും വൻശക്തികൾ തുരങ്കംവെച്ചു കൊണ്ടിരിക്കുകയാണ്.
സോവിയറ്റ് യൂനിയെൻറ പതനത്തിനുശേഷം അമേരിക്ക യു.എന്നിൽ പിടിമുറുക്കുകയും തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനുള്ള വേദിയാക്കി യു.എന്നിനെ മാറ്റുകയും ചെയ്തു. അമേരിക്കൻ മൂലധനത്തിെൻറ പിൻബലത്തിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നാണ്യനിധിയും ലോകബാങ്കും പ്രാ
യോഗികമായി യു.എസ് സ്ഥാപനങ്ങളെ
പ്പോലെയാണ് പ്രവർത്തിക്കുന്നത്. കൂടാതെ,
യു.എന്നിെൻറയും അനുബന്ധ ഏജൻസികളുടെയും വാർഷിക ബജറ്റിെൻറ 25 ശതമാനം സംഭാവന ചെയ്യുന്നതുവഴി യു.എന്നിൽ തങ്ങളുടെ മേധാവിത്വം അരക്കിട്ടുറപ്പിക്കാൻ അമേരിക്കക്ക് കഴിയുന്നു.