07/10/2018
ഇന്ന് ഗാന്ധിജയന്തി ദിനത്തിൽ ഇരവുകാട് വാർഡിൽ വിവിധ സംഘടനകളുടേയും ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്ക്കൂൾ PTAയുടേയും അഭിമുഖ്യത്തിൽ 5 കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഇരവുകാട് സർക്കാർ ജീവനക്കാരുടെ കൂട്ടായ്മ,ദൗത്യം പുരഷ സംഘം എന്നിവരുടെ നേതൃത്വത്തിൽ രാജാ കേശവദാസ് സ്മാരകം,കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ വാലുചിറ റോഡ്,രാജാകേശവദാസ് റെസി.അസോസിയേഷന്റെ നേതൃത്വത്തിൽ RS മേനോൻ റോഡ്,DYFI പ്രവർത്തകരുടേയും പ്രതാപം റെസിഡൻസ് അസോസിയേഷൻ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ സർപ്പക്കാവ് റോഡ്,ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്ക്കൂൾ PTA യുടേയും വിദ്യാർത്ഥികളുടേയും അഭിമുഖ്യത്തിൽ ഇരവുകാട് റോഡ് എന്നീ സ്ഥലങ്ങളിലാണ് ശുചീകരണം നടന്നത്.
രാവിലെ 7 മണിയ്ക്ക് തന്നെ സ്ക്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും എത്തി 150 ഓളം വരുന്ന സന്നദ്ധ പ്രവർത്തകർക്ക് പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു.
വേദനിപ്പിക്കുന്ന ഒരു കാര്യം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുമ്പോൾ പതിയാം കുളങ്ങര ഭാഗത്ത് ചാക്കുകളിൽ കെട്ടി മാലിന്യം ഓടയിൽ തള്ളിയിരിക്കുന്നതായി കണ്ടു.സന്നദ്ധ പ്രവർത്തകരായ മഹേഷ്,ഷാജി,പദ്മകുമാർ എന്നിവർ ചാക്കുകൾ അഴിച്ച് പരിശോധിച്ചു.മാലിന്യത്തിനൊപ്പമുണ്ടായിരുന്ന ചില ബില്ലുകൾ ആളെ തിരിച്ചറിയാൻ സഹായിച്ചു. ഇയാളെ വിളിച്ചു വരുത്തി താക്കീത് ചെയ്യുകയും മാലിന്യം നീക്കം ചെയ്യിക്കുകയും ചെയ്തു.കഴിഞ്ഞ 8 വർഷമായി തന്റെ വീട്ടിലെ മാലിന്യം ഒരു അന്യസംസ്ഥാന തൊഴിലാളിയെ കൊണ്ട് നീക്കം ചെയ്യിക്കുകയായിരുന്നു എന്നും ഇയാളോട് റെയിൽവേ ട്രാക്കിനരുകിൽ നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടത് എന്നും പറഞ്ഞു.റിമാന്റിലായിപോകാവുന്ന കുറ്റമാണെന്നും കഴിഞ്ഞ 28ാം തീയതി ഇയാളുടെ വീടിനരുകിൽ നിന്നു പോലും പ്ലാസ്റ്റിക് മാലിന്യം വാർഡടിസ്ഥാനത്തിൽ ശേഖരിച്ചതാണെന്നും കഴിഞ്ഞ രണ്ടര വർഷക്കാലമായി തുടർന്നു വരുന്ന ഈ പ്രവൃത്തിയിൽ പങ്കുചേരണമെന്നും ആവശ്യപ്പെട്ടപ്പോൾ ഇത്തരം കാര്യങ്ങളുമായി ഇനിമേൽ സഹകരിച്ചു കൊള്ളാമെന്ന് വാക്കുതന്നാണ് അദ്ദേഹം മടങ്ങിയത്.
വൃത്തിയാക്കാൻ ചിലരും വൃത്തികേടാക്കാൻ പലരും എന്നതാണ് അവസ്ഥ.ഈ ശുചീകരണം ഒരു സന്ദേശം മാത്രമാണ്.ഗാന്ധിജയന്തി പകർന്നു നൽകിയ പുത്തൻ ഊർജ്ജം വർഷം മുഴുവൻ നീണ്ടു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗഹിക്കുന്നു.ശുചിത്വം പ്രകാശമാണ്;ജീവിതവും;നന്മ വിരിയുന്നൊരിരവുകാട് തന്നെയാണ്-തീർച്ച.
ശുചിത്വവൽക്കരണവും ശുചിത്വ സന്ദേശവും പങ്കാളിത്തം കൊണ്ട് വിജയകരമായതിൽ ഏറെ സന്തോഷം