14/09/2026
കേരളത്തിൽ ഇന്ന് മുതൽ കിഴക്കൻ മേഖലകളും ഇടനാട് പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഇടിയോടു കൂടിയ മഴ സാധ്യത.ഉച്ചക്ക് ശേഷമുള്ള സമയങ്ങളിലും രാത്രി വൈകിയുള്ള സമയങ്ങളിലുമായിരിക്കും മഴ ലഭിക്കുക.
തെക്കൻ തമിഴ്നാടിനും ശ്രീലങ്കക്കും സമീപമായി ബംഗാൾ ഉൾകടലിൽ അന്തരീക്ഷത്തിന്റെ ഉയർന്ന തലത്തിൽ രൂപപ്പെടുന്ന ചക്രവാത ചുഴി മൂലം കിഴക്കൻ കാറ്റ് സജീവമാകുന്നതും, അന്തരീക്ഷത്തിന്റെ വിവിധ ഉയരങ്ങളിൽ അസ്ഥിരമായ അന്തരീക്ഷ സ്ഥിതിയും, വൈകുന്നേരങ്ങളിൽ പടിഞ്ഞാറൻ, കിഴക്കൻ കാറ്റുകളുടെ സംയോജനം സംഭവിക്കുന്നതുമാണ് ഇടിയോടു കൂടിയ മഴക്ക് കാരണമാകുക.
ഇന്ന് മുതൽ ആരംഭിക്കുന്ന മഴ ഈ വാരം വ്യത്യസ്ഥ തീവ്രതയിൽ തുടരും.ഈ ദിവസങ്ങളിലെ മഴ പ്രധാനമായും കിഴക്കൻ മേഖലകളിൽ ആണ് പ്രതീക്ഷിക്കേണ്ടത് എങ്കിലും ഈ വാരാന്ത്യത്തോടെയും അടുത്ത വാരം ആദ്യത്തോടും കൂടി കേരളത്തിൽ പരക്കെ മഴ ലഭിച്ചേക്കും. ബംഗാൾ ഉൾകടലിലും അറബികടലിലും രൂപമെടുക്കുന്ന ന്യുനമർദ്ധവും ചക്രവാത ചുഴിയും ആയിരിക്കും പരക്കെ മഴക്ക് കാരണമാകുക.
ഇന്നത്തെ മഴ സാധ്യത ജില്ല തിരിച്ച്
ഇന്ന് ഉച്ചക്ക് ശേഷമോ വൈകീട്ടോ ആയി വയനാട് പാലക്കാട് ഇടുക്കി തിരുവനന്തപുരം ജില്ലകളിൽ അങ്ങിങ്ങായി ഇടിയോടു കൂടിയ മഴ ലഭിക്കും.
ഉച്ചക്ക് ശേഷമോ വൈകീട്ടോ ആയി കൊല്ലം പത്തനംതിട്ട കോട്ടയം എറണാകുളം മലപ്പുറം ജില്ലകളുടെ ഇടനാട് കിഴക്കൻ മേഖലകളിൽ അങ്ങിങ് ഇടിയോടു കൂടിയ മഴ ലഭിക്കും.തൃശൂർ കോഴിക്കോട് ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ആയിരിക്കും മഴ സാധ്യത.
ഇന്ന് രാത്രി വൈകി നാളെ പുലർച്ചെ സമയത്തിൽ മലപ്പുറം ജില്ല മൂതൽ മധ്യ തെക്കൻ കേരളത്തിൽ പടിഞ്ഞാറൻ മേഖല ഉൾപ്പെടെ ഏതാനും ഇടങ്ങളിൽ ഇടിയോടു കൂടിയ മഴ ലഭിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്.
നിലവിൽ ലഭിക്കുന്ന ഇടിയോട് കൂടിയ മഴക്ക് തുല്ലാർഷവുമായി ബന്ധമില്ല.
SK
14-09-2026