03/07/2022
'ഓൻ ഇന്നലെ രാത്രി ഒറങ്ങീറ്റേ ഇല്ല മാഷേ... ഇന്നാന്നെങ്കില് സ്കൂളില് പോകാൻ രാവിലേ എണീറ്റു...' ഒരു കുട്ടിയുടെ രക്ഷിതാവിന്റെ വാക്കുകളാണിത്. കാര്യം എന്താണെന്നല്ലേ? പറയാം. സ്കൂളിൽ നിന്ന് കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പം ഞാറ് നടാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു ആ കുഞ്ഞുമനസിന്റെ ഉറക്കം കളഞ്ഞത്. പാടത്തിറങ്ങാൻ പാകത്തിലുള്ള വസ്ത്രവും ധരിച്ച് എല്ലാ കുട്ടികളും രാവിലെ തന്നെ അത്യുത്സാഹത്തോടെ സ്കൂളിൽ എത്തി. വാഹനത്തിൽ കയറി വയലിലേക്ക്. നാടറിഞ്ഞുള്ള യാത്ര. വാഹനത്തിൽ കുട്ടികളുടെ നാട്ടിപ്പാട്ടിന് നല്ല ആവേശം. അങ്ങനെ വയലിലെത്തി. കുഞ്ഞുങ്ങളുടെ സന്തോഷം വാനോളം ഉയർന്നു. ഒരു വയൽ ചെളിയിൽ പൊതിഞ്ഞ് കുഞ്ഞുങ്ങളുടെ വരവിനായി അവിടെ സന്തോഷത്തോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. മുതിർന്ന കർഷക സാവിത്രിയേച്ചി കുട്ടികൾ ഓരോരുത്തർക്കും കുറച്ച് കുറച്ച് ഞാറ് കൊടുത്തു. ചെളിവെളളത്തിൽ പൂണ്ടുനിൽക്കുന്ന കുഞ്ഞുകാലുകൾ നീക്കി അവർ ഓരോ വരിയിലും ഞാറ് നട്ട് പിന്നോട്ട് പിന്നോട്ട് പോയി. അനീഷേട്ടനും കൂടെ ചേർന്നപ്പോൾ നാട്ടിപ്പാട്ടിന്റെ താളവുമായി.
"നിങ്ങളുടെ നാട്ടിലൊക്കെ എന്തെല്ലാമാണെടോ പണി?
ഞങ്ങളുടെ നാട്ടിലൊക്കെ ഞാറ് നടലാണെടോ പണി.
ഞാറ് നടലെങ്ങനാടി മോതിരക്കുറത്തി?
ഞാറ് നടലിങ്ങനെ പിന്നിങ്ങനെ പിന്നങ്ങനെ.."
രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് കുട്ടികൾ പാട്ട് ആസ്വദിച്ചു പാടി. കൈയിലെ ഞാറ് നട്ട് തീരുമ്പോൾ ആവേശത്തോടെ അടുത്ത ഞാറ്റ് കറ്റയെടുത്ത് അവർ അധ്യാപകരുടെ അടുത്തേക്ക് ചെളിയും തെറിപ്പിച്ച് ഓടിയെത്തി. കെട്ടഴിച്ച് ഓരോ പിടി ഞാറ് അവർക്ക് വീതിച്ച് കൊടുക്കാൻ. കുഞ്ഞുങ്ങളിലെ സന്തോഷവും ആവേശവും പറഞ്ഞറിയിക്കാൻ പറ്റാവുന്നതതിലുമപ്പുറമായിരുന്നു. ഇനി ഇടയ്ക്ക് വയൽ സന്ദർശിക്കാനും കളപറിക്കാനും നെല്ല് മൂരാനുമൊക്കെ പോകാമെന്ന പ്രത്യാശയിലാണ് എല്ലാവരും പാടത്ത് നിന്ന് കയറിയത്. കൈയ്യും കാലുമൊക്കെ കഴുകി തിരികെ ബസിൽ കയറാൻ നേരം നല്ല ചൂടുള്ള ലഘുഭക്ഷണവും കീഴാലംവയൽ പാടശേഖര സമിതി ഭാരവാഹികൾ ഒരുക്കിയിരുന്നു. പൂർവ വിദ്യാർഥി കൂടിയായ സംഗീത് വാഹനത്തിന്റെ വളയംപിടിച്ച് ആദ്യവസാനം ഞങ്ങളുടെ കൂടെ നിന്നു. എല്ലാവരോടും നിറയെ സ്നേഹം.സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, ഒരുമയുടെ കൃഷിപ്പാട്ടുമായി നമുക്ക് വീണ്ടും കാണാം.❣️
----------------------------------------
പാഠം1- 'ചേറിലിറങ്ങാം ചോറൊരുക്കാം' എന്ന പേരിലാണ് ഈവർഷം സ്കൂളിൽ നെൽകൃഷി പദ്ധതി നടപ്പാക്കുന്നത്. പാടശേഖര സമിതിയുടെ സഹകരണത്തോടെ കീഴാലംവയലിലാണ് കൃഷി. മയ്യിൽ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷക യു.കെ.ശാരദ നാട്ടിപ്പാട്ട് പാടി. പാടശേഖരസമിതി പ്രസിഡൻറ് സി.സോമൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ പി.വി.മോഹനൻ, പി.വി. അഖിൽ, പ്രഥമാധ്യാപിക ടി.എം. പ്രീത, പി.പി.രമേശൻ എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി യു.രവീന്ദ്രൻ സ്വാഗതവും ഭാവന ക്ലബ്ബ് പ്രസിഡന്റ് കെ.സനീഷ് നന്ദിയും പറഞ്ഞു.