03/10/2020
#നൻമയുടെ_വൻമരം
5️⃣6️⃣
സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത നേതാക്കൾ. അവരുടെ ജീവിതത്തിൽ ആ മാതൃക കാണുക സ്വാഭാവികമാണ്.
📍📍📍📍
#ദീർഘദൃഷ്ടിയുടെ_ഫലങ്ങൾ
സത്യദീനിന്റെ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ കാലോചിതമായി ചിന്തിച്ചവരായിരുന്നു എം എം ബശീർ മുസ്ലിയാർ. ആ ചിന്തയുടെ ഫലമായിരുന്നു ദാറുൽ ഹുദ ഇസ്ലാമിക് അക്കാദമി.
ദാറുൽ ഹുദായുടെ പ്രാരംഭഘട്ടത്തിൽ തന്നെ ദിവംഗതനായ മഹാനവർകൾ കൂടുതൽ കാലം സേവനം ചെയ്തത് കടമേരി റഹ്മാനിയ്യ യിലായിരുന്നു.
വിദ്യാർഥികളെ ഉപയോഗപ്പെടുത്തി അവർ നടത്തിയ മൊബൈൽ വഅള് എടുത്തുപറയേണ്ട ഒന്നാണ്.
വിദ്യാർത്ഥി ജീവിതത്തിലെ വൈകുന്നേരങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ ഉസ്താദ് കണ്ടെത്തി പരീക്ഷിച്ച് വിജയിപ്പിച്ചെടുത്ത തികച്ചും വ്യത്യസ്തമായ രീതിയായിരിന്നു ഇത്.
വൈകുന്നേരമായാൽ ഉസ്താദ് ഒരു ജീപ്പ് വിളിക്കും. നാദാപുരം കുഴിതേരി തുടങ്ങി സ്ഥാപനം സ്ഥിതി ചെയ്യുന്ന അയൽപ്രദേശങ്ങളിലേക്ക് മൈക്കും ബോക്സും പെട്രോൾ മാക്സും കുട്ടികളെയും കൂട്ടി കടന്നുചെല്ലും.
ഗ്രാമങ്ങളിൽ ആളുകൾ ഒരുമിക്കുന്ന സ്ഥലത്ത് വണ്ടി നിറുത്തും. ഉസ്താദവർകളും കുട്ടികളും പ്രഭാഷണം നടത്തും.
റഹ്മാനിയ്യയുടെ സ്ഥാപകൻ കുഞ്ഞഹമ്മദ് മുസ്ലിയാർ ധന ശേഖരണവും നടത്തും. ശേഷം അവർ തിരിച്ചു പോരും.
അങ്ങനെ കിട്ടിയ കാശ് കൊണ്ട് കോളേജ് നടത്തും.
കുട്ടികൾക്കും ഉസ്താദുമാർക്കും മാനേജ്മെൻറ് ഭാരവാഹികൾക്കും ഒരു ഹരമായിരുന്നു മൊബൈൽ വഅള്.
വേറിട്ട ചിന്തകൾ കൊണ്ടും ആശയങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു അവർ.
പ്രിയപ്പെട്ട ശിഷ്യന്മാർക്ക് പോലും ഉൾക്കൊള്ളാനാവാത്ത ദീർഘദൃഷ്ടിക്ക് ഉടമ കൂടിയായിരുന്നു മുസ്ലിം കൈരളിക്ക് ധൈഷണിക വെളിച്ചം പകർന്നു കടന്നുപോയ മഹാനവർകൾ.
നെൽ പാടത്തിന്റെ നടുവിൽ സ്ഥിതിചെയ്യുന്ന കടമേരി റഹ്മാനിയ്യയുടെ ഒറ്റനില കെട്ടിടത്തിൽനിന്ന് ദീർഘദൃഷ്ടിയോടെ ഉസ്താദ് കാര്യങ്ങൾ അവതരിപ്പിക്കും. പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനാവാതെ കുട്ടികളുടെ ഭാഗത്തുനിന്ന് കൂട്ടച്ചിരി ഉയരാൻ തുടങ്ങും.
യാത്രക്കും ചരക്കുനീക്കത്തിനും കാളവണ്ടി കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്ന അന്ന് വടകര വില്ല്യാപള്ളി റൂട്ടിൽ സർവീസ് നടത്താൻ ഒരു ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്പോൾ ഉസ്താദ് പറയും:
മക്കളെ... ഒരു കാലം വരും. അന്ന് വ്യാഴാഴ്ച ഉസ്താദുമാർ പോകുമ്പോൾ കൊണ്ടുപോകാൻ ഇവിടെ ഈ മുറ്റത്ത് വണ്ടി വരും. ഇവിടെയൊക്കെ റോഡ് ഉണ്ടാകും. ശേഷം ഭാവിയിൽ കോളേജിന് വന്നേക്കാവുന്ന ഒരുപാട് മാറ്റങ്ങൾ വിവരിച്ചു കൊടുക്കും.
ഇതെല്ലാം കേട്ട് ചിരിക്കുന്നവരോട് ഉസ്താദ് പറയും.
നിങ്ങൾ ചിരിച്ചോളൂ. വീണ്ടും വീണ്ടും ചിരിച്ചോളൂ. പക്ഷേ, ഒരു കാര്യം, ഞാൻ ഈ പറയുന്നത് വേണമെങ്കിൽ എഴുതി വക്കുക. ശേഷം ഒരു കവറിൽ നിക്ഷേപിക്കുക. അഞ്ച് വർഷത്തിനു ശേഷം മാത്രം നിങ്ങൾ അത് തുറക്കുക.
ഇന്ന് കടമേരി റഹ്മാനിയയിൽ കാണപ്പെടുന്ന എല്ലാ വികസന പ്രവർത്തനങ്ങളും വൈദ്യുതീകരിക്കുകപോലും ചെയ്യപ്പെടാത്ത ക്യാമ്പസ് മുറ്റത്ത്, പെട്രോൾ മാക്സിന്റെ അരണ്ട വെളിച്ചത്തിലിരുന്ന് അന്ന് തന്റെ മക്കളോട് ഉസ്താദ് ഓർമ്മപ്പെടുത്തിയ കാര്യങ്ങളാണെന്നറിയുമ്പോൾ ആ മഹാനുഭാവന്റെ ക്രാന്തദർശിത്വം എത്രത്തോളം ദീർഘവും ശരിയുമായിരുന്നുവെന്ന് കാലം ബോധ്യപ്പെടുത്തുന്നു.
അവർ കണ്ട സ്വപ്നങ്ങൾക്ക് നിറം പകരാനും ആഗ്രഹങ്ങൾ സഫലീകരിച്ചു നൽകാനും നമുക്കാവണം. അതിനായി നമുക്ക് പ്രവർത്തിക്കാം. പ്രാർത്ഥിക്കാം.
#സമസ്ത_ഒരു_സംസ്കാരമാണ്
നമുക്കത് കാത്തുസൂക്ഷിക്കാം
✍🏻 സുഹൈർ ഹുദവി പുത്തനഴി