03/06/2026
ഓം മണി പദ്മേ ഹൂം എന്ന മഹാകാരുണിക ഷഡാക്ഷരീ മന്ത്രം ബൗദ്ധമന്ത്രങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ളതാണ്. ആർക്കും വളരെ എളുപ്പത്തിൽ അഭ്യസിക്കാവുന്നതുമാണ്. ഈ മന്ത്രം ജപിക്കുന്നത് വഴി സർവബുദ്ധരുടെയും ബോധിസത്ത്വരുടെയും കാരുണ്യം അനുഭവിക്കാനും അതുവഴി നമ്മുടെ അകത്തും പുറത്തും പോസിറ്റീവിറ്റി അറിയാനും കഴിയും. എങ്ങും ശാന്തിയും സമാധാനവും ഐശ്വര്യവും പരത്തുന്നതിനും ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും പ്രശമനത്തിനും ഈ മന്ത്രം അത്യുത്തമമാണ്.
മാത്രമല്ല, ഏതൊരു ബുദ്ധനിലും എന്നതുപോലെ നമ്മുടെ ഉള്ളിലും സർവജീവജാലങ്ങളോടുമുള്ള മഹാകരുണയും, ആ കാരുണ്യം പ്രാവർത്തികമാക്കാനുള്ള കഴിവുകളും ഉണർത്താനും ഈ മന്ത്രത്തിന്റെ സാധനയിലൂടെ കഴിയും. നമുക്കും മറ്റുള്ളവർക്കുമുള്ള അഭീഷ്ടങ്ങൾ സിദ്ധമാക്കുന്നവിധത്തിൽ ചിന്താമണി എന്ന രത്നം പോലെ നമ്മുടെ മനസ്സ് പരിണമിക്കുന്നു.
സർവ്വാഭീഷ്ടസിദ്ധിക്കുള്ള ചിന്താമണീ രത്നം മിത്തുകളിൽ മാത്രമായിരിക്കാം. അത് തേടി കടലിലെ ദ്വീപുകളിൽ പോകുന്നതും കഥകളിൽ മാത്രമായിരിക്കാം. പക്ഷേ, നമ്മുടെ മനസ്സിന് അത്തരത്തിൽ ആയിത്തീരാൻ കഴിയും എന്നത് യാഥാർത്ഥ്യമാണ്. ഈ മന്ത്രത്തിന്റെ അർത്ഥതലങ്ങളെ കുറിച്ചും ഈ മന്ത്രത്തിൽ ധ്യാനിക്കുന്ന വിധവും യുട്യൂബിൽ ഒരു വീഡിയോ ആയി ഇട്ടിട്ടുണ്ട്. ലിങ്ക് കമന്റ് ബോക്സിൽ ഉണ്ട്. - യോഗി പ്രബോധ