24/06/2021
ഇന്ന്, 2021 ജൂൺ 24. ഞാൻ S.N. ഹിന്ദി സ്കൂൾ എന്ന വിദ്യാഭ്യാസസ്ഥാപനം ആരംഭിച്ചിട്ട് 57 വർഷം പൂർത്തിയാകുന്നു. ഈ വിദ്യാലയം ആരംഭിക്കുന്നതിന് കാരണക്കാരായവരോടും അതിന് ശേഷം ഇന്ന് വരെ ഓരോ ഘട്ടങ്ങളിലും എന്നോടൊപ്പം സഹകരിച്ചവരോടും ഞാൻ ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.
1963 മുതൽ ഞാൻ പല വീടുകളിലും ട്യൂഷൻ എടുക്കാൻ പോയിരുന്നു. അക്കാലത്ത് വാഴമുട്ടം സ്കൂളിൽ ഡ്രിൽ മാസ്റ്ററായിരുന്ന 'ജസ്റ്റിൻ റോബിൻ' സാറിനെ പരിചയപ്പെടാൻ ഇടയായി. അദ്ദേഹത്തിന്റെയും ശ്രീ 'K.S. സദാശിവൻ' സാറിന്റെയും നിർദേശപ്രകാരം ഒരു ട്യൂഷൻ സെന്റർ തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെ ശ്രീ T.G. വിശ്വംഭരൻ, ശ്രീ N. കൃഷ്ണൻകുട്ടി (എന്റെ ജേഷ്ഠൻ) എന്നിവരുടെ സഹായത്തോടെ ശ്രീ 'സദാശിവൻ വ്യാപാരിയുടെ' കെട്ടിടത്തിൽ 1964 ജൂൺ 24 ന് "S.N. ട്യൂഷൻ ഹോം" ആരംഭിച്ചു. ആരംഭഘട്ടത്തിൽ ശ്രീ വട്ടവിള B ദേവരാജൻ, സദാശിവൻ വ്യാപാരിയുടെ മകൻ ശ്രീ S. ബാലചന്ദ്രൻ, ശ്രീമതി K. സുലോചന തുടങ്ങിയവരുടേയും പരിപൂർണ്ണ സഹകരണം ഉണ്ടായിരുന്നു.
ആ സമയത്ത് വാഴമുട്ടം സ്കൂളിൽ ഹിന്ദി പഠിപ്പിച്ചിരുന്നത് ശ്രീ K.S. കുമാർ സാറിന്റെ (നേമം ആസാദ് ഹിന്ദി കോളേജിന്റെ പ്രിൻസിപ്പാൾ) ഭാര്യയായ ശ്രീമതി വിജയമ്മ ടീച്ചർ ആയിരുന്നു. അവർ സകുടുംബം കല്ലുവിള വീട്ടിൽ താമസിക്കുകയായിരുന്നു. അവിടെ ഹിന്ദി ക്ലാസ്സുകളും നടത്തിയിരുന്നു. 1965- ൽ വിജയമ്മ ടീച്ചർ സ്ഥലം മാറിപോയപ്പോൾ ഹിന്ദി ക്ലാസ്സുകൾ എന്നെ ഏല്പിച്ചു. അങ്ങനെ S.N. ട്യൂഷൻ ഹോം "S.N. ഹിന്ദി സ്കൂൾ" എന്ന പേരിൽ അറിയപ്പെട്ടു.
കേരള ഹിന്ദി പ്രചാര സഭയുടെ ക്ളാസ്സുകൾ നടത്തുന്നതിന് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ശ്രീ M.K. വേലായുധൻ നായർ സാർ, ശ്രീ K.S. കുമാർ സാർ, ശ്രീമതി B. വിജയമ്മ ടീച്ചർ എന്നിവരെ ഭക്ത്യാദരപൂർവ്വം ഓർമ്മിക്കുന്നു.
വാഴമുട്ടത്തു അതിയന്നൂർ ബ്ലോക്കിന്റെ കീഴിൽ ചിൽഡ്രൻസ് ലൈബ്രറിയും നഴ്സറിയും തുടങ്ങിയപ്പോൾ S.N. ഹിന്ദി സ്കൂൾ മംഗ്ലാവ് വീട്ടിനെതിരെയുള്ള മട്ടുപ്പാവിന്റെ താഴത്തെ മുറികളിലേക്ക് മാറ്റി. അവിടെ സൗകര്യം കുറഞ്ഞപ്പോൾ വാഴമുട്ടം ജംഗ്ഷനിൽ ചെങ്കോടി ശ്രീ ദിവാകരപ്പണിക്കരുടെ ഷെഡിലേക്ക് മാറ്റി.
അതിയന്നൂർ ബ്ലോക്ക് ചിൽഡ്രൻസ് ലൈബ്രറിയും നഴ്സറിയും നിർത്തലാക്കിയപ്പോൾ വീണ്ടും സദാശിവൻ വ്യാപാരിയുടെ കെട്ടിടത്തിലേക്ക് മാറ്റി. 1987 വരെ അവിടെയും തുടർന്നു വായനശാലയുടെ സമീപത്തുള്ള വസ്തുവിൽ ഷെഡ് കെട്ടി ക്ളാസ്സുകൾ നടത്തി. ആ സ്ഥലം നാഷണൽ ഹൈവേയ്ക്ക് എടുത്തപ്പോൾ എന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് കെട്ടിടം പണിത് ക്ളാസ്സുകൾ തുടർന്ന് വരുന്നു.
എന്നെക്കാളേറെ ഈ സ്ഥാപനത്തെ സ്നേഹിക്കുന്ന അഭ്യുദയകാംക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി.. നന്ദി..
N. സുന്ദരേശൻ