18/01/2026
തൊടുപുഴ മൂലമറ്റം സെൻ്റ് തോമസ് കോളേജിൽ നടന്ന 'TRIONZA' 2K26 അക്കാദമിക് ആർട്ട് ആൻഡ് കൾച്ചറൽ ഫെസ്റ്റിനോടനുബന്ധിച്ച് ആസ്ട്രോ കേരള (AASTRO Kerala) കോട്ടയം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ജ്യോതിശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.
നക്ഷത്രഗണങ്ങളെയും ഗ്രഹങ്ങളെയും മറ്റും അടുത്തറിയുവാനും ടെലിസ്കോപ്പിൻ്റെ പ്രവർത്തനതത്വങ്ങൾ മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം അവസരമൊരുക്കി. വാനശാസ്ത്ര കൗതുകങ്ങളും അതുമായി ബന്ധപ്പെട്ട ശാസ്ത്രീയ ധാരണകളും പങ്കുവെച്ച ഈ പ്രദർശനം സന്ദർശകർക്ക് നവ്യാനുഭവമായിരുന്നു.
ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ കോ-ഓർഡിനേറ്റർ ബിനോയ് പി. ജോണി, സീനിയർ അമച്വർ അസ്ട്രോണമർ രവീന്ദ്രൻ കെ.കെ., ആസ്ട്രോ അംഗങ്ങളായ അദിതി പ്രാൺ രാജ്, ഇഷാനി പ്രാൺ രാജ്, നയന ദീപു, ഡോ. രാജേഷ് കടമാഞ്ചിറ, ദീപു കെ.ഡി., വിവേക് പി.വി. എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.
11/01/2026
കേരളത്തിലെ ശാസ്ത്ര-ബഹിരാകാശ പ്രചാരണ രംഗത്തെ സജീവ സാന്നിധ്യമായ ആസ്ട്രോ കേരള (AASTRO Kerala) അതിന്റെ പതിനാറാം വാർഷികത്തിന്റെ നിറവിലാണ്. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നാലാമത് ഡി. കൃഷ്ണ വാര്യർ സ്മാരക പ്രഭാഷണം തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം - പ്ലാനറ്റേറിയം ഹാളിൽ നടന്നു. പ്രമുഖ സൗരഭൗതിക ശാസ്ത്രജ്ഞനും ഐ.ഐ.എസ്.ടി (IIST) വൈസ് ചാൻസലറുമായ പ്രൊഫ. ദീപങ്കർ ബാനർജി സ്മാരക പ്രഭാഷണം നിർവ്വഹിച്ചു.
ശാസ്ത്രവും പൊതുസമൂഹവും തമ്മിലുള്ള സംവാദം: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 (Aditya-L1) സൗരശാസ്ത്ര പഠന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സങ്കീർണ്ണമായ ഗവേഷണ പദ്ധതികളിലൂടെ ലഭിക്കുന്ന ഡാറ്റയും അറിവും പൗരശാസ്ത്രം (Citizen Science) വഴി പൊതുസമൂഹത്തിന് കൂടുതൽ ലഭ്യമാകുമ്പോഴാണ് ശാസ്ത്രീയ നേട്ടങ്ങൾ പൂർണ്ണമായി അർത്ഥവത്താകുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശാസ്ത്രീയ വിവരങ്ങൾ ജനകീയമാക്കുന്നതിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ഡി.എസ് (CDS) ഹോണററി ഫെലോ ഡോ. മൃദുൽ ഈപ്പൻ പ്രൊഫ. ദീപങ്കർ ബാനർജിക്ക് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു. ആസ്ട്രോ കേരളയുടെ സ്ഥാപക നേതാക്കളിലൊരാളും പ്രമുഖ ശാസ്ത്ര ആശയവിനിമയ വിദഗ്ധനുമായിരുന്ന ശ്രീ. ഡി. കൃഷ്ണ വാര്യരുടെ (ബാബു) സ്മരണാർത്ഥമാണ് എല്ലാ വർഷവും സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു വരുന്നത്. ശാസ്ത്രത്തെ ലളിതമായ ഭാഷയിൽ ജനങ്ങളിലെത്തിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു.
ആസ്ട്രോ കേരള സെക്രട്ടറി വി.എസ്. ശ്യാം, ഡോ. ജമീല വാര്യർ, രാഹുൽ രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പ്രഭാഷണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗരനിരീക്ഷണം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൂര്യനെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കി.
2009-ൽ അന്താരാഷ്ട്ര വാനനിരീക്ഷണ വർഷത്തോടനുബന്ധിച്ച് സ്ഥാപിതമായ ആസ്ട്രോ കേരള ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്ര പ്രചാരണ ശൃംഖലകളിൽ ഒന്നാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി സംസ്ഥാനത്തെ വിദ്യാലയങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തുന്നതിൽ ഈ സംഘടന നിർണ്ണായക പങ്ക് വഹിച്ചു വരുന്നു. പതിനാറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, ജ്യോതിശാസ്ത്ര - ബഹിരാകാശ രംഗത്തെ പുതിയ അറിവുകൾ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള വിപുലമായ പദ്ധതികളാണ് സംഘടന ആവിഷ്കരിക്കുന്നത്.
08/01/2026
അമച്വർ അസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ കേരള (ആസ്ട്രോ കേരള) യുടെ പതിനാറാം വാർഷികാഘോഷവും നാലാമത് കൃഷ്ണവാര്യർ സ്മാരക പ്രഭാഷണവും 2026 ജനുവരി 11 ഞായറാഴ്ച നടക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം പിഎംജിയിലുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം (പ്രിയദർശിനി പ്ലാനറ്റേറിയം) സെമിനാർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) വൈസ് ചാൻസലറും പ്രമുഖ സൗരശാസ്ത്രജ്ഞനുമായ പ്രൊഫ. ദീപങ്കർ ബാനർജിയാണ് നാലാമത് കൃഷ്ണവാര്യർ സ്മാരകപ്രഭാഷണം നടത്തുക . ഇന്ത്യയുടെ അഭിമാനകരമായ സൗരദൗത്യം ആദിത്യ-എൽ1 (Aditya-L1) നെ സംബന്ധിച്ചും സൂര്യനെക്കുറിച്ചുള്ള നൂതന ശാസ്ത്രീയ അറിവുകളെക്കുറിച്ചും "നമ്മുടെ അടുത്തുള്ള നക്ഷത്രത്തെ അറിയാം: ആദിത്യ-എൽ1 ഉം സൗരശാസ്ത്രവും" (Knowing Our Nearest Star: Aditya-L1 and the Science of the Sun) എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഇന്ത്യയുടെ ആദിത്യ സൗര ദൗത്യത്തിന്റെ ശാസ്ത്രീയ വശങ്ങൾ സംബന്ധിച്ചുള്ള സംവാദ സെഷനിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഇതിലൂടെ അവസരം ലഭിക്കും.
2009-ലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷത്തിന്റെ തുടർച്ചയായി 2010-ൽ രൂപീകൃതമായ ആസ്ട്രോ കേരള, കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി കേരളത്തിലെമ്പാടും സജീവമായ ശാസ്ത്ര -ജ്യോതിശാസ്ത്ര പ്രചരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സാധാരണക്കാർക്കിടയിൽ ശാസ്ത്രബോധം വളർത്തുന്നതിനും ജ്യോതിശാസ്ത്രത്തെ ജനകീയമാക്കുന്നതിനും സംഘടന നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നക്ഷത്രനിരീക്ഷണ സെഷനുകൾ , ക്‌ളാസുകൾ , സെമിനാറുകൾ , സമ്മർസ്‌കൂൾ , പാഠശാലകൾ, ടെലിസ്‌കോപ്പ് നിർമ്മാണ ശില്പശാലകൾ, ആസ്ട്രോ-ഫോട്ടോഗ്രാഫി പരിശീലനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര കൂട്ടായ്മയായി ആസ്ട്രോ മാറിയിരിക്കുന്നു.
പ്രമുഖ ശാസ്ത്രപ്രചാരകനും ആസ്ട്രോ കേരളയുടെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന സിഡാക് മുൻ അഡീഷണൽ ഡയറക്ടർ ഡി കൃഷ്ണവാര്യരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഭാഷണ പരമ്പരയുടെ നാലാമത് പതിപ്പാണിത്. മുൻ വർഷങ്ങളിൽ ബഹിരാകാശ-ശാസ്ത്ര രംഗത്തെ പ്രമുഖർ നയിച്ച ഈ പ്രഭാഷണം ഇന്ന് കേരളത്തിലെ ശ്രദ്ധേയമായ ഒരു അക്കാദമിക് ഇവന്റായി മാറിയിട്ടുണ്ട്.
ശാസ്ത്ര കുതുകികൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/ibeB7yKZ6o3mkiEP7
കൂടുതൽ വിവരങ്ങൾക്ക്: വി. എസ്. ശ്യാം സെക്രട്ടറി, ആസ്ട്രോ കേരള 9447589773
29/12/2025
ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും മാൻകോ (Man'Co) റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച 'ചാന്ദ്രരാവ്' വാനനിരീക്ഷണ പരിപാടി പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കോട്ടയം ഗ്രീൻ ഫ്രറ്റേണിറ്റി (Green Fraternity) ഉപാധ്യക്ഷനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. സന്തോഷ് കണ്ടംചിറ ഉദ്ഘാടനം ചെയ്തു.
ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ കോ-ഓർഡിനേറ്റർ ബിനോയ് പി. ജോണി, സീനിയർ അമച്വർ ആസ്ട്രോണമർ രവീന്ദ്രൻ കെ.കെ., ഡോ. രാജേഷ് കടമാഞ്ചിറ, വിവേക് പി.വി., അദിതി പ്രാൺരാജ്, രാഹുൽ വിശ്വം കെ.വി., ലിജോ പോൾ, ധനഞ്ജയൻ എച്ച്. എന്നിവർ വാനനിരീക്ഷണത്തിന് നേതൃത്വം നൽകി.
08/12/2025
കേരളത്തിലെ ജ്യോതിശാസ്ത്ര പ്രേമികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ അമച്വർ ആസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ കേരള (ആസ്ട്രോ കേരള)യുടെ സംസ്ഥാനതല മെമ്പർഷിപ്പ് കാമ്പയിന് കോട്ടയം ജില്ലാ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ തുടക്കമായി. കോട്ടയം എം.ടി സെമിനാരി നടന്ന സംഘടിപ്പിച്ച ജ്യോതിശാസ്ത്ര സായാഹ്നത്തിൽ
സംസ്ഥാനതല കാമ്പയിൻ്റെ ഉദ്ഘാടനം ആസ്ട്രോ കേരള സംസ്ഥാന പ്രസിഡൻ്റും പ്രമുഖ ശാസ്ത്രപ്രചാരകനും തിരുവനന്തപുരം എം.ജി. കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. വൈശാഖൻ തമ്പി നിർവ്വഹിച്ചു. തുടർന്ന് 'ജ്യോതിശാസ്ത്രത്തിൻ്റെ കഥ: The Sky Connection Story of Astronomy' എന്ന വിഷയത്തിൽ ഡോ. വൈശാഖൻ തമ്പി പ്രഭാഷണം നടത്തി. അവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു.
ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ പരിചരണം, റിപ്പയറിംഗ്, നിർമ്മാണം എന്നിവ കേരളമൊട്ടാകെ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആസ്ട്രോ കേരളയുടെ പുതിയ കാൽവെയ്പ്പായ ടെലിസ്കോപ്പ് ക്ലിനിക്കിൻ്റെ ഉദ്ഘാടനം ആസ്ട്രോ അംഗങ്ങളായ ബിനോയ് പി. ജോണി കെ.കെ. രവീന്ദ്രൻ എന്നിവർക്ക് ടെലിസ്കോപ്പ് കൈമാറി കൊണ്ട് വൈശാഖൻ തമ്പി നിർവ്വഹിച്ചു
ആസ്ട്രോ അംഗങ്ങളെ പ്രതിനിധീകരിച്ച് കോട്ടയം ചാപ്റ്ററിലെ ജൂനിയർ അമേച്വർ ആസ്ട്രോണമേഴ്സ് ആയ നയന ദിപു, അദിതി പ്രാൺ രാജ് എന്നിവരും പൊതുജനങ്ങളെ പ്രതിനിധീകരിച്ച് എം.ടി. സ്കൂളിൻ്റെ മുൻ ഹെഡ്മാസ്റ്റർ ശ്രീ. മോൻസി പി. ജോർജ്ജും ഡോ. വൈശാഖൻ തമ്പിയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി.
പരിപാടിയോടനുബന്ധിച്ച് നടത്തിയ സൂര്യ കളങ്കനിരീക്ഷണം, പ്രദർശനം എന്നിവ എം ടി സെമിനാരി സ്കൂൾ ഹെഡ്മിസ്ട്രസ് റുബി ജോൺ ഉത്ഘാടനം ചെയ്തു രാഹുൽ വിശ്വം തേജസ് മനോജ്, ഷിബു പി സി, ധനജ്ഞയൻ അബിൻ തുടങ്ങിയവർ നിരീക്ഷണപരിപാടിക്ക് നേതൃത്വം നൽകി.
ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ അംഗവും സീനിയർ അമച്വർ ആസ്ട്രോണമറുമായ ശ്രീ. രവീന്ദ്രൻ കെ.കെ. അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ. ബിനോയ് പി. ജോണി സ്വാഗതവും, ആർട്ടിസ്റ്റും ആസ്ട്രോ അംഗവുമായ ശ്രീജേഷ് ഗോപാൽ കൃതജ്ഞതയും രേഖപ്പെടുത്തി.
03/12/2025
ജ്യോതിശാസ്ത്ര പ്രേമികളുടെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ ആസ്ട്രോ കേരളയുടെ അംഗത്വ കാമ്പയിൻ ആരംഭിക്കുകയാണ്. ഇതിൻ്റെ സംസ്ഥാന തല ഉത്ഘാടനം, Aastro Kerala സംസ്ഥാന പ്രസിഡന്റും പ്രമുഖ ശാസ്ത്ര പ്രചാരകനുമായ ഡോ. വൈശാഖൻ തമ്പി നിർവഹിക്കുന്നു.
2025 ഡിസംബർ 6-ന് ശനിയാഴ്ച കോട്ടയം MT സെമിനാരി സ്കൂളിൽ വൈകിട്ട് 5:30 മുതൽ നടക്കുന്ന പരിപാടിയിൽ ജ്യോതിശാസ്ത്രത്തിന്റെ കഥ" (The Sky Connection - Story of Astronomy) എന്ന വിഷയത്തിൽ ഡോ. തമ്പിയുടെ പ്രഭാഷണം, ആസ്ട്രോ ടെലിസ്കോപ്പ് ക്ലിനിക്കിൻ്റെ തുടക്കം, കാലാവസ്ഥ അനുകൂലമാണെങ്കിൽ വാനനിരീക്ഷണം എന്നിവയും ഉണ്ടാകും. ആസ്ട്രോ കേരള കോട്ടയം ജില്ലാ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് പ്രായ ദേശമന്യേ ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/MSMW7CiUpisq5K837
താല്പര്യമുള്ള മുഴുവൻ പേരെയും കൂടെ കൂട്ടുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കോർഡിനേറ്റർ : +919656556030
11/11/2025
ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചിങ്ങവനത്തെ ആസ്ട്രോ സെന്ററിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ആസ്ട്രോ ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പ് ജ്യോതിശാസ്ത്ര പഠനത്തിന് പുതിയ സാധ്യതകൾ തുറന്ന് നൽകിക്കൊണ്ട് വിജയകരമായി സമാപിച്ചു.
നവംബർ 7, 8, 9 തീയതികളിൽ നടന്ന ഈ ശില്പശാല, പ്രപഞ്ചത്തിന്റെ വിസ്മയക്കാഴ്ചകൾ ക്യാമറയിൽ പകർത്തുവാൻ താൽപര്യമുള്ള ജ്യോതിശാസ്ത്ര പ്രേമികൾക്ക് നൂതന അറിവുകളും പരിശീലനവുമാണ് നൽകിയത്.
മൊബൈൽ ആസ്ട്രോ ഫോട്ടോഗ്രാഫി, ജ്യോതിശാസ്ത്ര സോഫ്റ്റ്‌വെയറുകൾ, ആസ്ട്രോ ഫോട്ടോഗ്രാഫി ടെക്നിക്കുകൾ എന്നീ വിഷയങ്ങളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും പ്രമുഖ ആസ്ട്രോ ഫോട്ടോഗ്രാഫറുമായ രോഹിത്ത് കെ എ ക്ലാസ്സുകൾ നയിച്ചു. ഡാറ്റാ പ്രോസസ്സിംഗ്, ഡാറ്റാ സ്റ്റാക്കിംഗ്, പോസ്റ്റ്-പ്രോസസ്സിംഗ് തുടങ്ങിയ സാങ്കേതിക വിഷയങ്ങളിൽ അമച്വർ ആസ്ട്രോണമറും ആസ്ട്രോ ഫോട്ടോഗ്രാഫറുമായ രാഹുൽ വിശ്വം പരിശീലനം നൽകി. ഈ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ലക്ഷദ്വീപിലെ സയൻസ് ആൻഡ് ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ടെക്‌നിക്കൽ അസിസ്റ്റൻ്റ് ശ്രീ. മാലിക്ക് ഉൾപ്പെടെ നിരവധി ജ്യോതിശാസ്ത്ര കുതുകികൾ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. ആസ്ട്രോ കേരള ഭാരവാഹികളും സജീവ അംഗങ്ങളുമായ ബിനോയി പി. ജോണി, രവീന്ദ്രൻ കെ.കെ., ശ്രീജേഷ് ഗോപാൽ, ഡോ. രാജേഷ് കടമാഞ്ചിറ, അദിതി പ്രാൺ രാജ്, വിവേക് പി വി. തുടങ്ങിയവർ ശില്പശാലയുടെ ഭാഗമായി.
03/11/2025
പുതിയ ചക്രവാളങ്ങൾ; പുതിയ ഭൂമികൾ: എക്സോ പ്ലാനറ്റുകൾ തേടിയുള്ള കൗതുകയാത്ര - ആസ്ട്രോ പ്രതിമാസ പ്രഭാഷണം , നവംബർ ലക്കം
സൗരയൂഥത്തിന്റെ അതിരുകൾക്കപ്പുറത്ത് ഭൂമിക്ക് സമാനമായ മറ്റൊരു ലോകമുണ്ടോ? അവിടെ അന്യഗ്രഹജീവൻ ഉണ്ടാകാൻ സാധ്യതയുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടാൻ ശാസ്ത്രലോകം നടത്തുന്ന ഏറ്റവും വലിയ 'ക്വസ്റ്റ്' ആണ് എക്സോ പ്ലാനറ്റുകൾക്കായുള്ള അന്വേഷണം. നമ്മുടെ സൗരയൂഥത്തിന് പുറത്ത്, മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയാണ് എക്സോ പ്ലാനറ്റുകൾ അഥവാ എക്സ്ട്രാ സോളാർ പ്ലാനറ്റുകൾ എന്ന് വിളിക്കുന്നത്. നിലവിൽ നമുക്ക് തിരിച്ചറിഞ്ഞു സ്ഥിതീകരിക്കാൻ ആയവയുടെ എണ്ണം തന്നെ ആറായിരത്തിൽ അധികമുണ്ട്. സൂപ്പർ-എർത്ത്', 'മിനി-നെപ്റ്റ്യൂൺ', 'ഹോട്ട് ജൂപ്പിറ്റർ' എന്നിങ്ങനെ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കാൾ വളരെ വൈവിധ്യമാർന്നതാണ് ഇവ. ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള 'വാസയോഗ്യമായ മേഖല' (Habitable Zone) യെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഈ ഗ്രഹങ്ങൾ വളരെ സഹായകരവുമാണ്.
ആസ്‌ട്രോ കേരളയുടെ പ്രതിമാസ ശാസ്ത്ര പ്രഭാഷണത്തിന്റെ നവംബർ ലക്കം ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. Discovering New Horizons: The Quest for Exoplanets എന്ന വിഷയം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് ഫിസിക്സ് വിഭാഗം അധ്യാപികയായ ഡോ. മീനു വേണുഗോപാൽ നമ്മളോട് വിശദീകരിക്കും. ഈ അത്ഭുതലോകങ്ങളെക്കുറിച്ച് കൂടുതലറിയാനും, പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ വികസിപ്പിക്കാനും ഏവരെയും ക്ഷണിക്കുന്നു. പ്രായ - ദേശ - ഭാഷ ഭേദമന്യേ എല്ലാവര്ക്കും പങ്കെടുക്കാം. 2025 നവംബർ 6, വ്യാഴാഴ്ച, വൈകുന്നേരം 5.30 PM-ന് തിരുവനന്തപുരത്തെ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ലൈബ്രറി ഹാളിലാണ് പ്രഭാഷണം. ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യം. താല്പര്യമുള്ള എല്ലാവരെയും കൂടെ കൂട്ടുമല്ലോ
20/08/2025
സൗര ശാസ്ത്രജ്ഞരുമായി സംവദിക്കാൻ അവസരം || ആഗസ്റ്റ് 21 വ്യാഴം വൈകിട്ട് തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ
വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കുമായി സോളാർ അസ്‌ട്രോഫിസിക്സിൽ പ്രഭാഷണവും സംവാദവും സംഘടിപ്പിക്കുന്നു. ആസ്ട്രോ കേരള, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം, സെന്റർ ഫോർ ആസ്ട്രോണമി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ICARD–IUCAA പൂനെ), തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിസിക്സ് വിഭാഗം എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന സൗര ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള പൊതു പ്രഭാഷണവും ഇന്ററാക്ടീവ് സെഷനും ആഗസ്റ്റ് 21 വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം പി എം ജി ജംഗ്‌ഷനിൽ ഉള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ വച്ചു നടക്കും.
പൂനെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി ഫോർ അസ്ട്രോണമി & അസ്‌ട്രോഫിസിക്സ് സീനിയർ പ്രൊഫസറും ഇന്ത്യയുടെ ആദ്യത്തെ സമർപ്പിത സൗര നിരീക്ഷണാലയമായ ഐഎസ്ആർഒയുടെ ആദിത്യ-എൽ1 ദൗത്യത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പിന്റെ (എസ്‌യുഐടി) പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ. ദുർഗേഷ് ത്രിപാഠി പ്രഭാഷണം നടത്തും. ഇതിനെത്തുടർന്ന് ഇന്ററാക്ടീവ് സെഷനും നടക്കും. സോളാർ ആസ്ട്രോഫിസിക്സ് പഠന - ഗവേഷണങ്ങളെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നേടാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും ഒരു സവിശേഷ അവസരമാണിത്. കോളേജുകൾ, സ്‌കൂളുകൾ ഉൾപ്പെടെ ഓരോ സ്ഥാപനങ്ങൾക്കും പരമാവധി 10 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാം .
രജിസ്‌ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിന്
രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : https://forms.gle/yRHRjyp2wMRRkyiM8.
കൂടുതൽ വിവരങ്ങൾക്ക്, 094475 89773
19/07/2025
Join us for the 'Know Your Moon Evening' on Monday, 21st July 2025, at the Trivandrum Planetarium, organised by AASTRO Kerala to celebrate International Moon Day.
This event honours humanity’s fascination with the Moon - our closest celestial neighbor and a symbol of discovery. Discover the Moon’s story, from ancient myths to the Apollo landings of 1969 and future lunar missions. The evening highlights past space exploration achievements and inspires dreams for what lies ahead, reminding us that every great journey starts with a single step.
All selenophiles and curious minds are welcome to join this global celebration. Come to the Trivandrum Planetarium for an evening of lunar wonder!
09/07/2025
യുറാനസും നെപ്ട്യൂണും ഉള്ള ഗ്രഹ നില
---------------------------------------------------------------------
നിങ്ങൾ ഗ്രഹനില കണ്ടിട്ടുണ്ടോ? അതെ, കലണ്ടറിന്റെ ഒരു മൂലയിൽ ചതുരക്കള്ളികളിൽ, ര ശു, ച എന്നൊക്കെ എഴുതിയ ഒന്ന്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ആകാശത്ത് ഓരോ ഗ്രഹവും ഏത് സ്ഥാനത്തു നിൽക്കുന്നു എന്ന് അറിയാനായി പുരാതന കാലത്ത് കണ്ടെത്തിയ ഒരു മാർഗ്ഗമാണത്. ആകാശത്ത് എല്ലാ ഭാഗത്തും ഗ്രഹങ്ങളെ കാണാനാകില്ല. ഏതാണ്ട് കിഴക്കുപടിഞ്ഞാറായി, ഒരു പ്രത്യേക പാതയിൽ മാത്രമാണ് അവയെ കാണാനാകുന്നത്. സൂര്യനും ചന്ദ്രനും കാണപ്പെടുന്നതും ഇതേ പാതയിലാണ്. ചുരുക്കി പറഞ്ഞാൽ, ഈ പാതയിലൂടെ അവ ആകാശത്തെ വലം വക്കുന്നതായി കാണാനാകും.
വൃത്താകൃതിയിലുള്ള ഈ ആകാശ പാതയെ രാശിചക്രം എന്നു വിളിക്കുന്നു. ഈ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളാണ് ഗ്രഹങ്ങൾ എന്നു സങ്കല്പിച്ചാൽ, ആ പാതയുടെ വശങ്ങളിലും (ചിലപ്പോൾ പാതക്കുള്ളിലും) ചലിക്കാതെ നില്ക്കുന്ന വസ്തുക്കളാണ് നക്ഷത്രങ്ങൾ. അതിനാൽ, ഓരോ സമയത്തും ഗ്രഹങ്ങൾ എവിടെയാണ് എന്ന് പറയാനായി മനുഷ്യൻ നക്ഷത്രങ്ങളെ അടയാളങ്ങളാക്കി വച്ചു. രാശി ചക്രത്തെ 12 ഭാഗങ്ങളാക്കി, ഓരോ ഭാഗത്തിനും അവിടെയുള്ള നക്ഷത്രക്കൂട്ടങ്ങളുടെ പേരു കൊടുത്തു; അവയാണ് മേടം മുതൽ മീനം വരെയുള്ള രാശികൾ.
ഈ രാശി ചക്രത്തെ, സൗകര്യത്തിനുവേണ്ടി ചതുരാകൃതിയിലാണ് പൗരാണികർ ചിത്രീകരിച്ചത്. അതിൽ 12 കള്ളികൾ കാണാം; ഓരോന്നും ഓരോ രാശിയാണ്. മുകളിൽ ഇടതു നിന്നും രണ്ടാമത്തെ കള്ളിയാണ് മേടം രാശി. ഓരോ ഗ്രഹവും ഏത് രാശിയിൽ സ്ഥിതിചെയ്യുന്നു എന്ന് അവയുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ച് അടയാളപ്പെടുത്തുന്നു. ഉദാഹരണത്തിന്, മുകളിൽ വലത്തുനിന്നും മൂന്നാമത്തെ കള്ളിയിൽ ബു എന്നെഴുതിയാൽ ബുധൻ ഇടവം രാശിയിലാണ് എന്നാണ് അർത്ഥം.
എന്നാൽ ഈ രാശിചക്രത്തിന് ചില കുഴപ്പങ്ങളുണ്ട്. ഇതി രൂപപ്പെട്ട കാലത്ത് ഭൂമിയാണ് സൗരയൂഥത്തിന്റെ കേന്ദ്രം എന്നാണ് കരുതിയിരുന്നത്. # രാഹു, കേതു എന്നിങ്ങനെ, യഥാർത്ഥത്തിൽ ഇല്ലാത്ത രണ്ട് ഗ്രഹങ്ങളെ അതിൽ ഉൾക്കൊള്ളിച്ചു. ഭൂമി ഒരു ഗ്രഹമാണ് എന്ന് മനസ്സിലാക്കാതിരുന്നതിനാൽ, ഈ ഗ്രഹ നിലയിൽ ഭൂമിയ ഉൾക്കൊള്ളിച്ചില്ല (രാശിചക്രത്തിന്റെ കേന്ദ്രത്തിലായാണ് ഭൂമിയെ അവർ കണ്ടത്). മറ്റൊരു പ്രധാന കാര്യം, പിന്നീട് കണ്ടുപിടിക്കപ്പെട്ട യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങൾ ഈ ചിത്രത്തിൽ ഇല്ല. എന്നാ കഷ്ടമെന്നു പറയട്ടെ, നമ്മുടെ കലണ്ടറുകളിൽ ഇപ്പോഴും ആ പഴഞ്ചൻ ഗ്രഹനിലയാണ് അച്ചടിക്കുന്നത്.
2025 ജൂലൈ മാസത്തെ ആകാശം https://share.google/9jH7CrGso6bZ2yuNJ
29/06/2025
ടെലിസ്കോപ് സ്വന്തമാക്കാനും നിർമ്മാണം പഠിക്കാനും അവസരം
അമച്വർ അസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ (AASTRO Kerala) ആലപ്പുഴ ജില്ലാ ചാപ്റ്ററിൻ്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെയും ആഭിമുഖ്യത്തിൽ ടെലിസ്ക്കോപ്പ് നിർമ്മാണം പരിശീലിപ്പിക്കുന്നു. ഗലീലിയോ മോഡൽ ടെലിസ്ക്കോപ്പിൻ്റെ ശാസ്ത്രം, ചരിത്രം, നിർമ്മാണരീതി എന്നിവ പരിചയപ്പെടുത്തുന്ന വർക്ക് ഷോപ്പ് 2025 ജൂലൈ 6 ന് 2 മുതൽ 4 വരെ ചേർത്തലയിൽ നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് അവരവർ നിർമ്മിക്കുന്ന ടെലിസ്ക്കോപ്പ് സ്വന്തമാക്കാം. തുടർന്നു നക്ഷത്രക്ലാസ്സുകളും വാനനിരീക്ഷണവും സംഘടിപ്പിക്കാനാകും.
രജിസ്ട്രേഷൻ ഫീ: ₹ 750.
കൂടുതൽ വിവരങ്ങൾക്ക് :
Ranjith Mattathil 9400203766
കൺവീനർ
ആസ്ട്രോ ആലപ്പുഴ ചാപ്റ്റർ