19/01/2024
എഴുതാതിരിക്ക വയ്യ!
ലേശം നീളമേറിയ എഴുത്താണ്, കഴിയുമെങ്കിൽ വായിക്കുക.
കുട്ടിക്കാലത്ത് കൊയ്ത് കഴിഞ്ഞ പാടത്ത് പന്ത് കളിച്ചാൽ ചിലപ്പോൾ "വെച്ച് കുത്തും". കാലിൻ്റെ തള്ള വിരലിൻ്റെ മുൻഭാഗം പന്തടിക്കുമ്പോൾ നിലത്ത് കുത്തി തോലു പോകുന്നതിനെയാണ് ഇങ്ങനെ പറയുക. കമ്മ്യുണിസ്റ്റ് അപ്പയുടെ ഇല കല്ലിൽ ഉരതി ഇലയുടെ നീര് മുറിവിൻ്റെ ഭാഗത്ത് ആക്കും, ചിലപ്പോൾ അമർത്തിപ്പിടിച്ച ഇല തന്നെ അവിടെ വെക്കും. രണ്ട് മൂന്ന് ദിവസം കൊണ്ടൊക്കെ മുറി ഉണങ്ങും.
ചില സമയത്ത് കാല് പാടത്തെ കുഴികളിൽ വീണു ഞെരിയാണി "ഉളുക്കും". "ഇരട്ടക്കുട്ടികൾ" ഉഴിഞ്ഞാൽ മാറുമെന്ന് ചിലർ പറഞ്ഞിരുന്നു. അതല്ലാതെയും ഉളുക്കിന് ഉഴിയാൻ തന്നെ specialists നാട്ടില് ഉണ്ടായിരുന്നു. മൂന്നാലു ദിവസം തൈലവും എടുത്ത് അവരുടെ വീട്ടിപ്പോയി കാലൊന്ന് ശരിയാക്കിക്കും. പിന്നെയും കണ്ടത്തിലേക്ക്.
ഏതോ ഒരു പരീക്ഷ സമയത്ത് കളിക്കിടയിൽ പന്ത് അടിച്ച വിധം മാറി. കാല് അനക്കാൻ വയ്യാത്ത കോലം. ഉളുക്ക് അല്ലെന്ന് ആദ്യമേ ബോധ്യമായി. രാത്രി വേദന കൂടിക്കൂടി വന്നു. ഉമ്മ ഒരു തുണി കൃത്യമായി കാലിൽ കെട്ടിത്തന്നിരുന്നത് കൊണ്ട് നേരം വെളുപ്പിച്ചു. രാവിലെ ഡോക്ടറെ കാണാൻ പോയ ഞാൻ പ്ലാസ്റ്റർ ഇട്ടിട്ടാണ് തിരിച്ച് വന്നത്. ഒരു മാസമെടുത്തു അതൊന്നു ശരിയാകാൻ.
ഇതൊക്കെ ഇപ്പൊ എന്തിനാ ഞങ്ങളോട് പറയുന്നത് എന്ന് കരുതുന്നുണ്ടാവും. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലല്ലോ എന്നും തോന്നാം. ശരിയാണ്.
പക്ഷേ ഇന്ന് ഇത് എഴുതാൻ കാരണം തൃശ്ശൂരിലെ മഹേഷ് അയ്യർ എന്നൊരു മനുഷ്യനേ കുറിച്ചുള്ള വാർത്തയാണ്. രണ്ടു മൂന്നു ദിവസം മുൻപേ അദ്ദേഹത്തെ കുറിച്ച് ഒരു വാർത്ത വന്നത് പലരും കണ്ടുകാണും. കോവിഡ് വരുന്നതിനു മുൻപ് മുംബെയിൽ ജോലിയും പിന്നീട് ബിസിനസും തുടങ്ങിയ ഒരാൾ. പൊടുന്നനെ കോവിഡ് വ്യാപിക്കുകയും ബിസിനസ് പ്രതിസന്ധിയിലാകുകയും ചെയ്തു. നാട്ടിലേക്ക് തിരിച്ചു വന്ന അദ്ദേഹത്തിന് കൂടെയുണ്ടായിരുന്ന അമ്മയുടെ മരണം കൂടി സംഭവിച്ചതോടെ കൂടുതൽ പ്രതിസന്ധിയായി. ഓട്ടോ ഓടിച്ചു വരുമാനം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അത് മതിയാകാതെ വന്നതോടെ തെരുവിലെത്തി. മൂന്ന് വർഷം കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത വിധം അദ്ദേഹം മാറിപ്പോയി. അദ്ദേഹത്തെ തെരുവിൽ നിന്നും സംരക്ഷിക്കാൻ ചിലർ ശ്രമം നടത്തിയപ്പോഴാണ് ഇത്രയും വിവരങ്ങൾ അറിഞ്ഞത്. വിവരം അറിഞ്ഞ് പലരും ചികിത്സയും സൗകര്യങ്ങളും വാഗ്ദാനം ചെയ്തെങ്കിലും ഇന്ന് അദ്ദേഹം എല്ലാ പ്രതിസന്ധികൾക്കും വിരാമമിട്ട് ഈ ലോകത്ത് നിന്നും വിട പറഞ്ഞു.
അദ്ദേഹത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ അദ്ദേഹം കടന്നു പോയ മാനസിക സമ്മർദ്ദത്തെ കുറിച്ചായിരുന്നു ഞാൻ ആലോചിച്ചത്. നമ്മുടെ എല്ലാ കാര്യങ്ങൾക്കും നമ്മുടെ കൂടെ ഉറച്ച് നിൽക്കുന്ന/നിൽക്കേണ്ട ഒന്നാണ് നമ്മുടെ മനസ്, ശരീരത്തോളം പ്രധാന്യമുള്ള ഒന്ന്. പക്ഷേ മനസിനെ ആ രീതിയിൽ നമ്മൾ വേണ്ടത്ര പരിഗണിക്കാറില്ല. ഒരാൾക്ക് "മാനസികമായി" എന്തെങ്കിലും പ്രശ്നം വരികയും അതിനൊരു ചികിത്സ നേടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കരുതുക. നമ്മൾ അയാൾക്ക് ഇടുന്ന പേര് ഭ്രാന്തൻ/മാനസികരോഗി എന്നാവും. നമുക്ക് അയാളോടുള്ള കാഴ്ചപ്പാടും അയാളൊരു ഭ്രാന്തൻ എന്ന നിലക്കാവും. യഥാർത്ഥത്തിൽ അതങ്ങനെയാണോ?
അല്ല.
ശരീരം പോലെ തന്നെ മനസ്സിനും ' ആരോഗ്യം ' ഉണ്ട്. സ്വാഭാവികമായും അതിനും മുറിവ് പറ്റാം, ' വെച്ചു കുത്താം ', ഉളുക്കാം, ഒടിയാം. ഇതിനെല്ലാം കൂടി ഒരു ചികിത്സയില്ല. ഓരോന്നിൻ്റെയും കാഠിന്യം അനുസരിച്ച് രീതികൾ മാറും. കൂട്ടുകാരനോട് സംസാരിച്ചാൽ തീരുന്ന വിഷമങ്ങൾ പോലെയാകില്ല, ഡോക്ടറെ നിർബന്ധമായും consult ചെയ്യേണ്ട depression പോലുള്ള അവസ്ഥകൾ. നമ്മുടെ ജീവിതത്തിൻ്റെ പന്ത്കളിക്കിടെ 'മനസിന് സംഭവിക്കുന്ന മുറിവുകൾ ' നമ്മൾ തിരിച്ചറിയണം, ഉൾക്കൊള്ളണം, പരിഹരിക്കാൻ ശ്രമം ഉണ്ടാകണം. സമൂഹം ഇതിനെ നോക്കിക്കാണുന്ന രീതി മാറുന്നത് വരെ നമുക്ക് കാത്തിരിക്കാൻ കഴിയില്ലല്ലോ. അത്കൊണ്ട് മുറിവിൻ്റെ ആഴത്തിന് അനുസരിച്ച് ചികിത്സ നടത്താൻ ശ്രമിക്കുക. ഒടിവാണ് സംഭവിച്ചതെങ്കിൽ ഉളുക്കിനുള്ള ഉഴിയല് കൊണ്ടു കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് വിദഗ്ദ്ധ ചികിത്സ തേടുക. Psychologists and Psychiatrists നമ്മുടെ നാട്ടിൽ അനവധി ഉണ്ട്. സാമ്പത്തിക പ്രതിസന്ധി പ്രശ്നമെങ്കിൽ government hospitals ഉപയോഗപ്പെടുത്തുക. free ആയി നമ്മളെ കേൾക്കാനും നിർദ്ദേശങ്ങൾ നൽകാനും തയ്യാറായി പല കമ്മ്യൂണിറ്റി കൾ നാട്ടിലുണ്ട്, അത് ഉപയോഗപ്പെടുത്താം. എന്ത് തന്നെയായാലും മുറിവ് പഴുത്ത്, ആഴം കൂടി വലിയൊരു പ്രതിസന്ധിയിലേക്ക് പോകാതെ സൂക്ഷിക്കുക.
പറ്റുമെങ്കിൽ ചുറ്റിലും നോക്കിയാൽ ഇത്തരം ആളുകളെ നമുക്ക് കാണാൻ കഴിയും. കഴിയുമെങ്കിൽ ചേർത്ത് പിടിക്കുക.
പല വാർത്തകളും കാണുമ്പോൾ സഹിക്കാൻ കഴിയാത്തത് കൊണ്ട് എഴുതിപ്പോയതാണ്. കഴമ്പുണ്ടെന്ന് കണ്ടാൽ share ചെയ്യുക. ആർക്കെങ്കിലും ഒരു കച്ചിത്തുരുമ്പായി ഇത് മാറിയാലോ.
अपना ख्याल रखना ❤️❤️❤️
SUHAIL MANGALI