30/09/2023
അനുദിന വിശുദ്ധർ
ഒക്ടോബർ 1.
വിശുദ്ധ കൊച്ചുത്രേസ്യ.
ചെറുപുഷ്പം എന്നറിയപ്പെടുന്ന മരിയ ഫ്രാൻസിസ് തെരേസ മാർട്ടിൻ, 1873 ജനുവരി രണ്ടാം തീയതി അലൻ സോണിൽ ജനിച്ചു. പിതാവ് ലൂയി മാർട്ടിൻ ധനാഢ്യനായ പട്ട് വ്യാപാരിയായിരുന്നു. ആഡംബര ത്തിന്റെ ജീവിത പശ്ചാത്തലത്തിൽ ഒരുപക്ഷേ ചെറുപുഷ്പ ത്തിന് ലൗകിക തൃഷ്ണയിൽ വളരാൻ പറ്റുമായിരുന്നു. എന്നാൽ 5 മക്കളിലെ നാലുപേർ കർമ്മലീത്ത സഭയിലും ലെയോനി വിസിറ്റേഷൻ സഭയിലും ചേരുകയാണ് ചെയ്തത്. തെരേസയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ മരിച്ച.അതിനു ശേഷം മാർട്ടിൻ ലിസ്യുവിലേക്ക് മാറി താമസിച്ചു. പത്താംവയസ്സിൽ തെരേസ രോഗപീഡയാൽ ക്ലേശിച്ചപ്പോൾ തന്റെ മുറിയിലെ കാരുണ്യ മാതാവിന്റെ ചിത്രത്തിൽ നിന്നും അൽഭുതമെന്നവണ്ണം അവൾക്ക് രോഗശാന്തി അനുഭവപെട്ടു. പിന്നീട് പതിനഞ്ചാം വയസ്സിൽ കർമ്മലീത്താ സഭയിൽ ചേരുകയും, 1889 ജനുവരി പത്താം തീയതി സഭാവസ്ത്രം സ്വീകരിച്ചു. സെപ്റ്റംബർ എട്ടാം തീയതി പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചു. കൊച്ചു സന്യാസിനി രോഗ പീഡകളാൽ ക്ലേശിക്കുക യും, ക്ഷയ രോഗബാധിതയായി വേദനകൾ പരാതി കൂടാതെ സഹിക്കുകയും ചെയ്തു. ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്നു പറഞ്ഞ് 1897 സെപ്റ്റംബർ മുപ്പതാം തീയതി ചെറുപുഷ്പം അടർന്നുവീണു. ഒരു ആഗോള മിഷനറി ആകുവാൻ ആഗ്രഹിച്ച ത്രേസ്യയെ 1928ൽ പതിനൊന്നാം പീയൂസ് മാർപാപ്പ വേദപ്രചാര മധ്യസ്ഥയായി പ്രഖ്യാപിച്ചു. മരിക്കുന്നതിനുമുമ്പ് തന്റെ ജ്യേഷ്ഠ സഹോദരിമാരുടെയും മഠാധിപതിയുടേയും ആഗ്രഹമനുസരിച്ച് സ്വന്തം ജീവചരിത്രം എഴുതി.
വിശുദ്ധ കൊച്ചുത്രേസ്യ കൊച്ചു കാര്യങ്ങളുടെ തമ്പുരാട്ടി ആയിരുന്നു. ഒരു കുഞ്ഞു പൂവായി, അനേകർക്ക് സൗഖ്യം പകർന്നുകൊടുക്കുന്ന കൊച്ചു തെന്നലായി, ഒരു കുഞ്ഞു പറവയായി, ഈശോയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച അവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. ബുദ്ധികൂർമ്മതയും, ജ്ഞാന വൈഭവവും ഒന്നും പ്രകടമാക്കാതെ, ദൈവത്തിന്റേയും ഈ ലോകത്തിന്റേയും പ്രിയപ്പെട്ട വിശുദ്ധയായി മാറി. ചെറുപുഷ്പം സ്നേഹത്തിന്റെ പുണ്യവതിയാണ്. പുണ്യങ്ങളുടെ ഒരു അത്ഭുതമാണ്. സ്വർഗ്ഗത്തിൽ എത്തുവാൻ അവൾ കണ്ടെത്തിയ ഏറ്റവും വലിയ മാർഗം സ്വയം ചെറുതാകലായിരുന്നു.