18/11/2025
Kerala Aided Teachers Collective
കേരളത്തിലെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ്മ
18/11/2025
അവകാശങ്ങൾക്കായി വീണ്ടും തെരുവിൽ...
New teachers life in KERALA
ഭിന്നശേഷി സംവരണം: നാൾവഴികൾ
വർഷങ്ങളായി നമ്മൾ അധ്യാപകർ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടിന്റെ ചരിത്രമാണിത്. കൃത്യമായി പറഞ്ഞാൽ, 2021 നവംബർ 8-നുശേഷം ജോലിയിൽ പ്രവേശിച്ച അധ്യാപകരാണ് ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.
ഈ പ്രശ്നത്തിന്റെ ചരിത്രം ആരംഭിക്കുന്നത് **1992-ലെ യുണൈറ്റഡ് നേഷൻസിന്റെ Asian and Pacific Decade of Disabled Persons-ൽ** ഇന്ത്യ ഒപ്പുവെക്കുന്നതോടെയാണ്. ഇതിന്റെ ഭാഗമായി, 1995 ഡിസംബറിൽ ഭിന്നശേഷി അവകാശ സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റ് ഒരു ബില്ല് കൊണ്ടുവരികയും അത് പാർലമെന്റ് പാസാക്കുകയും ചെയ്തു. 1996 ഫെബ്രുവരി 7-നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഈ നിയമത്തിൽ ഏഴ് ഭിന്നശേഷി വിഭാഗങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ഒപ്പം, സർക്കാർ / സർക്കാർ നിയന്ത്രിത ജോലികളിൽ മൂന്ന് ശതമാനം സംവരണവും ഏർപ്പെടുത്തി. ഈ ബില്ല് ഭിന്നശേഷി അവകാശ സംരക്ഷണത്തിന് പര്യാപ്തമല്ലെന്ന് അന്നുതന്നെ വാദങ്ങൾ ഉയർന്നിരുന്നു.
പിന്നീട്, **2007 ഒക്ടോബർ 1-ന്** ഇന്ത്യ **UNCRPD** (United Nations Convention on the Rights of Persons with Disabilities) അംഗീകരിച്ചതിന്റെ ഫലമായി 1996-ലെ **PWD ആക്ട്** പുതുക്കേണ്ടിവന്നു. ഇതിനെത്തുടർന്ന്, 2014-ൽ ഒരു ബില്ല് അവതരിപ്പിക്കപ്പെട്ടെങ്കിലും അത് പാസായില്ല. പിന്നീട് **2016 ഡിസംബർ 14-ന് പുതിയ RPwD ആക്ട്** ലോക്സഭയിലും ഡിസംബർ 16-ന് രാജ്യസഭയിലും പാസായി. രാഷ്ട്രപതിയുടെ അനുമതിക്കും ഗസറ്റ് വിജ്ഞാപനത്തിനും ശേഷം 2017 ഏപ്രിൽ 19-ന് ഈ ബില്ല് നിയമമായി. പഴയ PWD നിയമത്തിൽനിന്ന് വ്യത്യസ്തമായി, ഈ പുതിയ നിയമം ഭിന്നശേഷി വിഭാഗങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതായിരുന്നു. ഏഴിനു പകരം 21 വിഭാഗങ്ങൾ ഭിന്നശേഷി സംവരണത്തിന് അർഹരായി. ഒപ്പം, ജോലിയിലെ സംവരണം മൂന്ന് ശതമാനത്തിൽനിന്ന് നാല് ശതമാനമായി ഉയർന്നു. 1996 മുതൽ 2017 വരെ മൂന്ന് ശതമാനവും 2017 മുതൽ നാല് ശതമാനവുമാണ് സംവരണം എന്ന കണക്ക് വരുന്നത്.
---
# # # കേരളത്തിലെ RPwD നിയമം
കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങൾ സർക്കാർ ശമ്പളം നൽകുന്നതുകൊണ്ട് 1996 മുതൽ **RPwD നിയമം** പാലിക്കാൻ ബാധ്യസ്ഥരായിരുന്നു. എന്നാൽ, അന്നുമുതൽ ഒരു സർക്കാരും അതിന് തയ്യാറായില്ല. പിന്നീട്, **2018-ലാണ്** കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം/ഉത്തരവ് നൽകിയത്. എന്നാൽ, ഈ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല.
**2021 സെപ്റ്റംബർ 6-ന്** വിദ്യാഭ്യാസ വകുപ്പ്, കോവിഡിന്റെ ഫലമായി മുടങ്ങിക്കിടന്ന എല്ലാ എയ്ഡഡ് നിയമനങ്ങളും അംഗീകരിക്കാൻ ഉത്തരവിറക്കി. ഇതിനെതിരെ കെ.ജെ. വർഗീസ് (കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പ്രസിഡന്റ്) ഹൈക്കോടതിയിൽ **WPC (19808/2021)** ഫയൽ ചെയ്യുകയും ഇതിന്റെ ഫലമായി അപ്രൂവൽ നൽകുന്നത് നിർത്തിവെക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു.
സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, 2021 നവംബർ 8 വരെയുള്ള നിയമനങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 2022-ൽ മൂവായിരത്തിലധികം ഒഴിവുകൾ വരുമെന്നും, എല്ലാ ഭിന്നശേഷി ഉദ്യോഗാർഥികളെയും ഉൾക്കൊള്ളാൻ സാധിക്കുമെന്നുമാണ് ഇതിന് കാരണമായി ബോധിപ്പിച്ചത്. 1996 മുതൽ നടപ്പാക്കേണ്ട ഈ നിയമം നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് 25 വർഷങ്ങൾക്കുശേഷം 2021 നവംബർ 8-ന് ഉത്തരവിറക്കി. ഇത് കെടുകാര്യസ്ഥതയുടെ ലോകചരിത്രത്തിലെത്തന്നെ മികച്ച ഉദാഹരണങ്ങളിലൊന്നാണ്.
സിംഗിൾ ബെഞ്ച് ഈ വാദങ്ങൾ അംഗീകരിച്ചില്ല. സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയ 2018 മുതൽ ഭിന്നശേഷി നിയമനം നടത്താനും, അത് പൂർത്തിയാകുന്നത് വരെ മറ്റ് നിയമനങ്ങൾ തടയാനും കോടതി നിർദേശിച്ചു. പിന്നീട് വിവിധ അധ്യാപകവിഭാഗങ്ങൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ദിവസക്കൂലി, അടിസ്ഥാന ശമ്പളം തുടങ്ങിയ ആനുകൂല്യങ്ങൾ നേടുകയും ചെയ്തു. 2022 മുതൽ ജോലിയിൽ പ്രവേശിച്ച അധ്യാപകർ കേരളത്തിന്റെ ഭരണ നേതൃത്വത്തിന്റെയും നിഷ്ക്രിയമായ വിദ്യാഭ്യാസ വകുപ്പിന്റെയും കെടുകാര്യസ്ഥതയുടെ ഫലമായി 29 വർഷത്തിന്റെ പാപഭാരം പേറുന്നു. 2022-ൽ 3000 ഒഴിവുകൾ വരുമെന്നും, ഭിന്നശേഷി നിയമനം അപ്പോൾത്തന്നെ പൂർത്തിയാക്കാമെന്നും കോടതിക്ക് ഉറപ്പ് കൊടുത്ത സർക്കാർ, ഇതാ ഈ നാലാം വർഷത്തിലും ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കാതെ അധ്യാപകരെ നരകിപ്പിക്കുകയാണ്.
ഇതിനിടയിൽ, എൻ.എസ്.എസ്. പോലുള്ള സംഘടനകൾ സുപ്രീംകോടതിയെ സമീപിക്കുകയും ഭിന്നശേഷി സംവരണത്തിനായി ഒഴിവുകൾ മാറ്റിവെച്ചാൽ മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകാം എന്ന വിധി നേടിയെടുക്കുകയും ചെയ്തു. ഈ സർക്കാർ എൻ.എസ്.എസിന് മാത്രമായി വിധി നടപ്പാക്കിക്കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ KATC-യും KCBC-യും അടക്കം ഹൈക്കോടതിയിൽനിന്ന് സുപ്രീംകോടതി വിധിയെ പിന്തുടർന്ന് അനുകൂല വിധികൾ നേടി. മറ്റ് സംഘടനകൾ വിധിയുമായി വന്നാൽ അവർക്കും അംഗീകാരം നൽകുമെന്ന് പരസ്യമായി പറഞ്ഞ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മന്ത്രി, അനുകൂല വിധി നേടിയപ്പോൾ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് കോടതിയലക്ഷ്യമാവുമെന്ന വിചിത്രമായ വാദങ്ങൾ ഉന്നയിച്ചുതുടങ്ങി. സുപ്രീംകോടതി വിധിയിൽത്തന്നെ ഈ വിധി സമാനസ്വഭാവമുള്ള മറ്റ് സൊസൈറ്റികൾക്കും ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഭരിക്കുന്ന സർക്കാരിന് ഇതൊന്നും അംഗീകരിക്കാൻ കഴിയുന്നില്ല. യഥാർഥത്തിൽ ഇവിടെ നടക്കുന്നത് പൊതുവിദ്യാഭ്യാസ ഗുണമേന്മ എന്ന് നാഴികയ്ക്ക് നാൽപതുവട്ടം പാണന്മാരെക്കൊണ്ട് പാടിക്കാനുള്ള ശ്രമം മാത്രമാണ്. ജോലി ചെയ്യുന്ന അധ്യാപകർക്ക് കൂലി നൽകാതെ അടിമപ്പണിയെടുപ്പിക്കുകയാണ് വകുപ്പും ഈ സർക്കാരും. 2018 മുതൽ ഈ നിമിഷം വരെ ഒരു ഭരണകാലവും അതിലധികവും അർഹതപ്പെട്ട വേതനം അധ്യാപകർക്ക് നൽകാതെ വിദ്യാഭ്യാസ ഗുണമേന്മയെക്കുറിച്ച് പ്രസംഗിക്കുന്ന അധികാരികളാണ് നമുക്കുള്ളത്.
---
# # # കേരളത്തിലെ അധ്യാപക സംഘടനകൾ
കേരളത്തിലെ ഒരൊറ്റ അധ്യാപക സംഘടനപോലും ഈ പ്രശ്നത്തെ അഭിമുഖീകരിക്കാനും അധ്യാപകരുടെ കൂടെ നിൽക്കാനും തയ്യാറായിട്ടില്ല. അവരുടെ പോസ്റ്ററുകൾക്കടിയിൽ, അവസാന വാചകമായി 'ഭിന്നശേഷി പ്രശ്നം പരിഹരിക്കുക' എന്ന വാചകം ചേർക്കുന്നു എന്നതിനപ്പുറത്തേക്ക് ഒന്നുംതന്നെ ചെയ്തിട്ടില്ല.
ഭരണവിലാസം സംഘടനയുടെ കാര്യം എടുത്തുപറയേണ്ടതുണ്ട്. "നിങ്ങൾ ഭിന്നശേഷി വിഭാഗങ്ങളുടെ അവസരം തട്ടിയെടുത്തതല്ലേ? സർക്കാർ നിങ്ങൾക്ക് ദിവസക്കൂലി തരുന്നത് തന്നെ മഹാഭാഗ്യമല്ലേ?" എന്നുതുടങ്ങി പല മഹദ്വചനങ്ങളും ഈ സംഘടനാനേതാക്കളിൽനിന്ന് കേട്ടിട്ടുണ്ട്. ഈ സംഘടനയുടെത്തന്നെ എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യുന്ന ഒരു നേതാവ് പറഞ്ഞത് നിയമനങ്ങൾ മുഴുവൻ അഴിമതിയാണ് എന്നാണ്. യഥാർഥത്തിൽ, 1996-ൽത്തന്നെ സർക്കാർ **RPwD നിയമം** നടപ്പാക്കിയിരുന്നെങ്കിൽ ഈ നേതാക്കന്മാരിൽ പലരുടെയും പോസ്റ്റായിരുന്നു ഭിന്നശേഷി വിഭാഗങ്ങൾക്ക് അർഹതപ്പെട്ടത്.
---
# # # TET വിഷയവും ഭിന്നശേഷി സംവരണവും
ഇതിനിടയിലാണ് കഴിഞ്ഞദിവസം **TET** സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നത്. എല്ലാ അധ്യാപകർക്കും യോഗ്യതാപരീക്ഷ നിർബന്ധമാക്കിയുള്ള **2009-ലെ RTE ആക്ട്** സുപ്രീംകോടതി ശരിവെച്ചിരിക്കുന്നു. അഞ്ചുവർഷത്തിലധികം സർവീസുള്ള എല്ലാ അധ്യാപകരും TET നേടിയിരിക്കണമെന്ന് വിധിച്ചിരിക്കുന്നു. RTE ആക്ട് നിലവിൽ വരുമ്പോൾത്തന്നെ വ്യക്തമാക്കിയിരുന്നതാണ് നിലവിലുള്ള അധ്യാപകരും അഞ്ചുവർഷത്തിനുള്ളിൽ യോഗ്യത നേടിയിരിക്കണമെന്ന്. എന്നാൽ, ഇവിടെ ആവശ്യമായ തിരുത്തലുകൾ വരുത്തി സംരക്ഷണം ഒരുക്കി. ഇത് പൂർണ്ണമായും തെറ്റാണെന്ന് സുപ്രീംകോടതി വിധിയോടെ തെളിഞ്ഞിരിക്കുന്നു.
ഈ സുപ്രീംകോടതി വിധി വന്ന ഉടൻതന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കും അപ്പീലുമായി കോടതിയിലേക്കും അധ്യാപക സംഘടനകൾ നീങ്ങിയിട്ടുണ്ട്. അധ്യാപനയോഗ്യതയില്ലെന്ന് സുപ്രീംകോടതി നടത്തിയ നിരീക്ഷണം പിൻവലിക്കുകയാണ് ആവശ്യം. അവർ സർവീസിൽ കയറിയതിനുശേഷം വന്ന നിയമമാണ് അതെന്നും, അത് ചട്ടലംഘനമാണെന്നുമാണ് വാദം. എന്നാൽ, 1996-ൽ നൽകേണ്ട സംവരണം, അതിന്റെ ദുരിതം മുഴുവൻ 2022 മുതലുള്ള അധ്യാപകർ അനുഭവിക്കണം എന്ന് പറയുന്നതിന്റെ യുക്തി ഇവർ ഒന്ന് വിശദീകരിച്ചാൽ നന്നായിരിക്കും. കേരളം ഭരിച്ചവർ നീതി നടപ്പാക്കാത്തതിന് 2022 മുതലുള്ള അധ്യാപകരാണോ ഉത്തരവാദികൾ? 1996-നുശേഷം ജോലിയിൽ പ്രവേശിച്ച പല അധ്യാപകരുടെയും ഒഴിവുകളല്ലേ ഭിന്നശേഷി വിഭാഗങ്ങൾക്ക് അർഹതപ്പെട്ടത്? അങ്ങനെയാണെങ്കിൽ, TET വിഷയത്തിലും ഇതുപോലെ വരേണ്ടതല്ലേ? നിയമം നിഷ്കർഷിച്ചത് നടപ്പാക്കേണ്ടേ?
---
# # # അധ്യാപകരോട് ഒരു വാക്ക്
അവസാനമായി അധ്യാപകരോടാണ്: നമ്മുടെ ആനുകൂല്യങ്ങൾ ആരും കൈക്കുമ്പിളിൽ കൊണ്ടുവരികയില്ല. കുളത്തിലിറങ്ങാതെ മീൻ പിടിക്കാമെന്ന് ആരും ചിന്തിക്കുകയും വേണ്ട. നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ നാം ഒരുമിച്ച് പ്രവർത്തിച്ചേ മതിയാകൂ. അല്ലാത്തപക്ഷം, ഇതുപോലുള്ള കുറിപ്പുകൾ വീണ്ടും വീണ്ടും വായിച്ച് സമയം ചെലവഴിക്കുകയും ദിവസക്കൂലിക്കാരായി തുടരുകയും ചെയ്യാം.
13/05/2025
1996 മുതലുള്ള ഭിന്നശേഷി സംവരണം വിവിധ ഗവർമെന്റുകളും അധികൃതരും കൂടി അട്ടിമറിച്ചതിന് ഉത്തരവാദികൾ ഞങ്ങൾ അധ്യാപകരാണെത്രെ..
12/05/2025
ചെയ്ത ജോലിക്ക് അർഹതപ്പെട്ട കൂലി ലഭിക്കാതെ നാലാം വർഷത്തിലേക്ക് കടക്കുകയാണ് ഞങ്ങൾ. 1996 മുതൽ നടപ്പിലാക്കേണ്ട ഭിന്നശേഷി സംവരണം മാറിമാറി വന്ന സർക്കാറുകളും മാനേജ്മെന്റ് അധികൃതരും നടപ്പിലാക്കാത്തതിന് 2022 നു ശേഷം ജോലിയിൽ പ്രവേശിച്ച അധ്യാപകർ മാത്രമാണത്രേ ഉത്തരവാദികൾ... എന്ത് തരം നീതിയാണ് ഈ നാട്ടിൽ നടക്കുന്നത്?