08/05/2026
കൊമ്പനാട് ഗവ. യുപി സ്കൂളിൽ അവധിക്കാല ബാലോത്സവം സംഘടിപ്പിച്ചു
കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്തും കൊമ്പനാട് ഗവൺമെൻറ് യുപി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച അവധിക്കാല സമ്മർ ക്യാമ്പ് 'ബാലോത്സവം' ആവേശകരമായി നടന്നു. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങ് വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡൻറ് കെ.കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി പോൾ പി. വർഗീസ് സ്വാഗതം ആശംസിച്ചു. കുട്ടികളുടെ സർഗ്ഗാത്മകതയും ശാസ്ത്രീയ അവബോധവും വളർത്തുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. പ്രദേശത്തെ വിവിധ സ്കൂളുകളിൽ നിന്നായി 47 കുട്ടികൾ ബാലോത്സവത്തിൽ സജീവമായി പങ്കെടുത്തു.
ചടങ്ങിൽ കൊമ്പനാട് ഗവ. യുപി സ്കൂൾ പ്രധാനാധ്യാപിക സുധാ കെ.എസ്., ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല കമ്മിറ്റി അംഗം പി.എൻ. സോമൻ, സ്കൂൾ എസ്.എം.സി. ചെയർപേഴ്സൺ അനീഷ് കുമാർ, പിടിഎ പ്രസിഡൻറ് അഭിലാഷ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു. പരിഷത്ത് പ്രവർത്തകരായ രതീഷ് എ.ബി., നിഷാന്ത് ശശിധരൻ,അനൂപ് വി എ , സ്കൂൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുട്ടികൾക്കായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ കളികൾ, പാട്ടുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയവ ബാലോത്സവത്തിന്റെ ഭാഗമായി നടന്നു.