30/11/2019
സർക്കാരിന്റെ വിവിധ വകുപ്പുകളുടെ കാര്യനിർവഹണത്തിൽ പങ്കാളിയാകാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അവസരം.
നമ്മുടെ സമൂഹവും സർക്കാരിന്റെ വിവിധ വകുപ്പുകളും നേരിടുന്ന പ്രശ്നങ്ങൾക്കു ഫലപ്രദവും ശാശ്വതവുമായ സാങ്കേതിക പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ താല്പര്യമുള്ളവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കായി കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാമിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ വിദ്യാർത്ഥി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു.
സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപെടുത്തിയുള്ള എല്ലാ പരിഹാര മാർഗ്ഗങ്ങളും ഇത് വഴി വിദ്യാർത്ഥികൾക്ക് നിർദ്ദേശിക്കാവുന്നതാണ്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, വ്യവസായങ്ങൾ, പൊതുമേഖലാ സ്വകാര്യ മേഖല സ്ഥാപനങ്ങൾ, നോൺ ഗവൺമെന്റൽ ഓർഗനൈസേഷനുകൾ തുടങ്ങിയവർക്ക്, അവരുടേതായ പ്രശ്നനിർദേശങ്ങൾ പരിഗണനയ്ക്കായി നൽകാം. വിവിധ വകുപ്പുകൾക്കായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10 ഹാക്കത്തോൺ ആയിരിക്കും ആദ്യ ഘട്ടത്തിൽ സംഘടിപ്പിക്കുക.
എന്താണ് ഹാക്കത്തോൺ..?
വിവിധ വകുപ്പുകളിൽ നിന്നും സമാഹരിക്കപ്പെടുന്ന പ്രശ്നങ്ങൾക്ക് 36 മണിക്കൂറോളം നീണ്ടു നിൽക്കുന്ന വ്യക്തമായ മാർഗനിർദ്ദേശങ്ങളോടുകൂടിയുള്ള പ്രശ്ന പരിഹാര പ്രക്രിയെയാണ് ഹാക്കത്തോൺ എന്ന് പറയുന്നത്. വിദ്യാർത്ഥികളുടെ പ്രശ്ന പരിഹാര കഴിവുകൾ ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
രജിസ്‌ട്രേഷൻ ?
നവംബർ 12ആം തീയതി മുതൽ https://reboot.asapkerala.gov.in എന്ന വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കുറഞ്ഞത് രണ്ട് പെൺകുട്ടികൾ ഉൾപ്പെടുന്ന 6 പേർ അടങ്ങുന്നതായിരിക്കും ടീം ഘടന. രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക്, വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവിധ വകുപ്പുകളുടെ പ്രശ്നങ്ങൾ കാണുവാനും അതിനുള്ള പരിഹാര മാർഗനിർദ്ദേശങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള അവസരവും ഉണ്ടാകും. നവംബർ 25 ആയിരിക്കും രജിസ്റ്റർ ചെയ്യുന്നതിനും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനുമുള്ള അവസാന തീയതി.
മൂല്യ നിർണ്ണയം
വിദ്യാർത്ഥികൾ വെബ്സൈറ്റിലൂടെ നിർദ്ദേശിക്കുന്ന പരിഹാര മാർഗ്ഗങ്ങൾ ഒരു വിദഗ്ദ്ധ സമിതി വിലയിരുത്തുകയും, അവയിൽ നിന്നും ഓരോ വകുപ്പിലേയും പ്രശ്നങ്ങൾക്ക് മികച്ച പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന ടീമുകളെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതുമായിരിക്കും. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന ടീമുകൾ ഹാക്കത്തോണിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്യും.
10 പ്രാദേശിക ഹാക്കത്തോണുകൾ
ഓരോ വകുപ്പിലെയും പ്രശ്നങ്ങൾക്ക് മികച്ച പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ച ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് അതാത് തീമുകൾക്കനുസരിച്ചു പ്രത്യേകം ഹാക്കത്തോണുകൾ സംഘടിപ്പിക്കും. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ഹാക്കത്തോണിൽ, ഒരു വിദഗ്ദ്ധ സമിതി അവർ മുന്നോട്ട് വയ്ക്കുന്ന പരിഹാര മാർഗങ്ങൾ യഥാസമയം വിലയിരുത്തുന്നതായിരിക്കും.
ഗ്രാൻഡ് ഫിനാലെ
ഓരോ ഹാക്കത്തോണിലും മികച്ചു നിൽക്കുന്ന 3 ടീമുകളെ തെരഞ്ഞെടുത്ത്, 30 ടീമുകൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെ മാർച്ചിൽ സങ്കെടുപ്പിക്കും. വിജയികളാവുന്ന വിദ്യാർത്ഥികൾക്ക് ആകർഷകമായ പാരിതോഷികവും, അവർ നിർദ്ദേശിക്കുന്ന മികച്ച പരിഹാര മാർഗ്ഗങ്ങൾ പ്രാവർത്തികമാക്കാനുള്ള നടപടികൾ വിവിധ വകുപ്പുകൾ സ്വീകരിക്കുകയും ചെയ്യും.
വിദ്യാർത്ഥികൾ മുന്നോട്ട് വയ്ക്കുന്ന മികച്ച ആശയങ്ങളും പ്രശ്നപരിഹാര മാർഗ്ഗങ്ങളും നടപ്പിൽ വരുത്തുകയും അത് വഴി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വതവും ഫലപ്രദവുമായ പരിഹാരം കൊണ്ട് വരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും.
രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി: 12 നവംബർ 2019
അവസാന തീയതി: 30 നവംബർ
രജിസ്റ്റർ ചെയ്യുന്ന ടീമിന് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വിവിധ വകുപ്പുകളുടെ പ്രശ്നങ്ങൾ കാണുവാനും അവയ്ക്ക് പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി ആ മാർഗങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്: https://reboot.asapkerala.gov.in
Reboot Kerala Hackathon is an initiative of the Department of Higher Education – Government of Kerala and the Additional Skill Acquisition Program (ASAP).