KUTA-Kerala Urdu Teachers Association

KUTA-Kerala Urdu Teachers Association

Share

Official page of KUTA- Kerala Urdu Teachers Association

14/05/2026
10/05/2026

*ഉർദു ഭാഷയുടെ താരാപഥം*

*ഉസ്‌മാൻ താമരത്ത്*

മുള പൊട്ടിയത് ഇന്ത്യൻ മണ്ണിലും വളർന്നത് ആകാശത്തോളവുമെന്ന് ഉർദു ഭാഷയുടെ ചരിത്രവും വികാസവും വിവരിച്ചു കൊണ്ട് സമർത്ഥിക്കുകയാണ് ഇന്ത്യയിലെത്തന്നെ ഉർദു ഭാഷാ പ്രചാരകരിൽ പ്രമുഖനായ മലയാളി ഡോ: കെ.പി.ശംസുദ്ദീൻ തിരൂർക്കാട് തൻ്റെ പ്രൗഢമായ "ഉർദു ജനകോടികളുടെ ഭാഷ" എന്ന പുസ്തകത്തിലൂടെ.

കോഴിക്കോട് ഉർദു സെൻ്റർ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ അവതാരികയിൽ കെ. പി.രാമനുണ്ണി അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്. ഉർദു ഭാഷയെ കുറിച്ചുള്ള ഡോക്ടർ ശംസുദ്ദീൻ്റെ പുസ്തകം സത്യത്തിൽ മലയാളിയുടെ മഹത്വത്തിൻ്റെ വിളംബരം കൂടിയാണെന്ന് പറയാം. ആരും അന്യരല്ല എല്ലാവരും സ്വന്തക്കാരാണ് എന്ന മലയാള സംസ്കാരത്തിൻ്റെ സർവ്വാശ്ലേഷ മനസ്സാണ് ഉർദുവിനെ ഇങ്ങനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചെഴുതാൻ ഗ്രന്ഥകാരനെ പ്രാപ്തനാക്കിയിട്ടുള്ളത്. സത്യസന്ധനായ ചരിത്രകാരന്റെ പ്രാഗത്ഭ്യത്തോടെയാണ് ഇതിലെ ആഖ്യാനം നിർവഹിക്കപ്പെട്ടിരിക്കുന്നത്. മഹാത്മജിയും അല്ലാമാ ഇഖ്ബാലും ജവഹർലാൽ നെഹ്റുവും ഉർദുവിന്റെ സൂര്യശോഭയിൽ വിലയിച്ച് സ്വർണ്ണ വസ്ത്രങ്ങൾ അണിഞ്ഞ് വരിവരിയായി വായനക്കാരുടെ മുന്നിൽ അണിനിരക്കുന്നു. ഉർദുവിന്റെ രാഷ്ട്രീയ പ്രാധാന്യം മാത്രമല്ല സംഗീത മാധുര്യവും കാവ്യ സമ്പത്തും ആത്മീയ ശോഭയും എല്ലാം പുസ്തകത്തിൽ പരിചരിക്കപ്പെടുന്നുണ്ട്. മുഹമ്മദ് റഫി, സുരയ്യ, നൗഷാദ്, മൻടൂ തുടങ്ങിയവർ അത്യന്തം ജീവ സ്സോടെയാണ് വിവിധ അധ്യായങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അമുസ്ലിം ഉർദു കവികൾ നടത്തിയ പ്രവാചക പ്രകീർത്തനങ്ങൾ ഉരുക്കഴിക്കുന്ന ഗ്രന്ഥകാരൻ ശരിയായ ഭാരതീയ സംസ്കാരത്തിന്റെ അടിവേരുകൾ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

പതിനെട്ടാം നൂറ്റാണ്ടിൻ്റെ രണ്ടാം പാതിയുടെ ആരംഭത്തോടെ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാർ ഹിന്ദു മുസ്ലിം സമുദായങ്ങൾ തമ്മിലുള്ള മൈത്രി തകർക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികളിൽ ഒന്നാണ് അക്കാലമത്രയും ഇന്ത്യയിലെ ജനങ്ങൾ ആശയവിനിമയത്തിനുപയോഗിച്ചിരുന്ന ഉർദുവിനെ മത ഭാഷയായി മുദ്രകുത്തുന്നതിന് നടത്തിയിട്ടുള്ള പരിശ്രമം.ഗാന്ധിജിയും ഉർദുവും എന്ന ഒന്നാം അധ്യായത്തിൽ തന്നെ ഇത് സംബന്ധിച്ച് വസ്തുതാപരമായ വിശദീകരണം കാണാം. കൊൽക്കത്തയിലെ ഫോർട്ട് വില്യം കോളേജ് ഉർദുവിന്റെ കേന്ദ്രമായിരുന്നു.ഇവിടെ നിന്നാണ് ഉർദുവിന്റെ രൂപം മാറ്റി ഹിന്ദി എന്ന പേരോടെ ഒരു നവ ഭാഷ പിറക്കുന്നത്. ഉർദു ഹിന്ദി ഭാഷാ യുദ്ധം രാഷ്ട്രീയ ഐക്യത്തിന് തീർച്ചയായും ഹാനികരമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയത് കൊണ്ടാണ് ഒരു വെല്ലുവിളി സ്വീകരിച്ചതുപോലെ ഇന്ത്യക്കും ഉർദുവിനും കേട് പറ്റാത്ത വിധത്തിൽ ഹിന്ദുസ്താനി എന്ന നിലപാടുമായി ഗാന്ധിജി രംഗത്ത് വന്നത്. ഇതാകട്ടെ ഹിന്ദു മുസ്ലിം ജനവിഭാഗങ്ങൾ കാലങ്ങളായി സംസാരത്തിനുപയോഗിച്ചിരുന്നതും ഉൾക്കൊണ്ടിരുന്നതുമാണ്.

ഗാന്ധിജി മുന്നോട്ടുവെച്ച ഉർദു ഹിന്ദി സംഗമമായ ഹിന്ദുസ്താനി രണ്ടു ഭാഷകളുടെയും പ്രാധാന്യവും സ്ഥാനവും ഒരിക്കലും നഷ്ടപ്പെടാത്ത വിധത്തിലായിരുന്നു. ഉർദു ഹിന്ദി സാഹിത്യങ്ങളുടെ ശൈലി സ്വീകരിച്ചുകൊണ്ട് ഹിന്ദുസ്താനി ഉർദു ലിപിയിലും ദേവനാഗരി ലിപിയിലും എഴുതാമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. ഗാന്ധിജി കൊല്ലപ്പെടാനുള്ള കാരണം പോലുമായി അദ്ദേഹത്തിൻ്റെ ഭാഷാനയം മാറിയെന്ന് ഘാതകനായ ഗോഡ്‌സേ തൻ്റെ വിചാരണ സമയത്ത് എടുത്തുപറഞ്ഞിട്ടുണ്ടായിരുന്നു.

ഇന്ത്യയിൽ പൊതുവിലും മലയാളക്കരയിൽ സവിശേഷമായും ഉർദു ഭാഷയുടെ സാംസ്കാരിക പ്രാധാന്യം സംബന്ധിച്ച് അറിയപ്പെടാത്ത ഒട്ടേറെ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവന്ന ചരിത്ര ഗവേഷകൻ കൂടിയാണ് ഡോക്ടർ ശംസുദ്ദീൻ. ടിപ്പുസുൽത്താൻ ഉർദുഭാഷക്ക് വേണ്ടി സമർപ്പിച്ച സംഭാവനകൾ അക്കമിട്ട് വിവരിക്കുന്ന അധ്യായം പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ്.ഭാഷാ ബഹുസ്വരതയിൽ അഭിമാനം കൊണ്ടിരുന്ന ടിപ്പുവിന്റെ ഭരണ കാലത്ത് ഉർദു സാഹിത്യ രംഗത്തുണ്ടായ വളർച്ച പ്രത്യേകം പരാമർശിക്കുന്നു. 1794 ൽ തന്നെ തൻ്റെ സേനാംഗങ്ങൾക്ക് വേണ്ടി മാത്രമായി ടിപ്പു ഫൗജി അഖ്ബാർ എന്ന പേരിലുള്ള പത്രം ആരംഭിച്ചിരുന്നു. ഇതായിരിക്കാം ഉർദു ഭാഷാ ചരിത്രത്തിലെ ആദ്യ പത്രം എന്നാണ് ഗ്രന്ഥകാരൻ ആധികാരികമായി പറയുന്നത്.

ഉർദു ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയിൽ വിലങ്ങുതടിയായത് സ്വാതന്ത്ര്യലബ്ധിയോടൊപ്പം സംഭവിച്ച രാജ്യ വിഭജനമായിരുന്നു. ഹിന്ദുത്വ വർഗീയവാദികൾക്ക് ഭരണ സ്വാധീനം ഇല്ലായിരുന്നുവെങ്കിലും ചരിത്രത്തിലും സാംസ്കാരിക രംഗത്തും അവർ നടത്തിയിട്ടുള്ള ഇടപെടലുകൾ ഉർദുവിനെ ഒരു മുസ്ലിം ഭാഷയായി ചിത്രീകരിക്കപ്പെടാൻ കാരണമായി.വർഗീയതയെ നെഞ്ചേറ്റുന്നവരും ഉർദുവിനെ തെറ്റിദ്ധാരണയോടെ കാണുന്നവരും വായിക്കേണ്ടതാണ് പ്രവാചക പ്രകീർത്തനം അമുസ്ലിം ഉർദു കവികളിലൂടെ എന്ന അധ്യായം. അറബി ഭാഷയെക്കാൾ ഏറെ നാഅ്ത്ത് (പ്രവാചക പ്രകീർത്തനം)രചിക്കപ്പെട്ടിട്ടുള്ളത് ഉർദുവിലാണ് എന്നത് പലർക്കും പുതിയ അറിവായിരിക്കാനാണ് സാധ്യത.അതിൽ തന്നെ അമുസ്ലിങ്ങളായ ഉർദു കവികളാണ് ഏറ്റവും കൂടുതൽ ഇത്തരം കാവ്യ രചന നിർവഹിച്ചിട്ടുള്ളത്. തുടക്കക്കാരായ മുൻഷി ശങ്കർ ലാൽ സഖി, രാജാ മഖൻലാൽ മഖൻ, തൊട്ട് ആധുനിക കാലഘട്ടത്തിൽ മഹാരാജാ സർകിഷൻ പ്രശാദ് ,ദല്ലുറാം കൗസരി ,ബാൽ മുകുന്ദ് അർശ് മൽസിയാനി തുടങ്ങി പുതിയ കാലത്തെ പ്രശസ്തരായ കവികളെയെല്ലാം ഗ്രന്ഥകാരൻ ഉദ്ധരിക്കുന്നുണ്ട്.

ആഗോളതലത്തിൽ തന്നെ ഉർദു ഭാഷയുടെ സ്വീകാര്യതയും ജനപ്രിയതയും സമർത്ഥിക്കുന്ന കനപ്പെട്ട ലേഖന സമാഹാരമാണ് ഉർദു ജനകോടികളുടെ ഭാഷ എന്ന പുസ്തകം.
മുസ്ലിം ചാപ്പയടിച്ച് ഉർദുവിനെ കൊല്ലാൻ ശ്രമിക്കുന്ന വർഗീയവാദികൾക്ക് ഭരണം ലഭിച്ച വേളയിൽ അവർ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയത്തെ അനാവരണം ചെയ്യുന്ന പഠനവും പുസ്തകത്തെ മൗലികമായ രചനയാക്കുന്നു.

ഭാഷാ വിരോധികൾക്ക് താക്കീതായ കോടതി വിധി എന്ന അധ്യായം സമീപകാലത്ത് സുപ്രീം കോടതി നടത്തിയിട്ടുള്ള വിധി പ്രസ്താവവും അനുബന്ധമായ സംഭവവികാസങ്ങളും വിവരിക്കുന്നതാണ്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉർദു മീഡിയം സ്കൂളുകളുള്ള മഹാരാഷ്ട്രയിലെ ആക്കോല ജില്ലയിലെ പാത്തൂർ മുനിസിപ്പൽ കെട്ടിടത്തിലും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ദിശാസൂചിക ബോർഡുകളിലും എത്രയോ കാലമായി മറാഠിയോടൊപ്പം ഉർദുവിലും എഴുത്തുകളുണ്ട്. എന്നാൽ 2020 ൽ പുതിയ മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിനു മുകളിൽ ദഫ്ത്തരെ ബൽദിയ പാത്തൂർ എന്ന് എഴുതിയതാണ് കേസിനാധാരമായ പ്രശ്നം. 2014 വരെ ഇവിടെ ഉർദു വിരുദ്ധമായി എന്തെങ്കിലും ആക്ഷേപമോ എതിർപ്പോ ആരും ഉന്നയിച്ചിട്ടില്ല. കൗൺസിലിലെ ബിജെപി അംഗമായ വർഷാത്തായി സൻജെ ബാഗ്ഡെ എന്നയാൾ ജില്ലാ കളക്ടർക്ക് ഒരു പരാതി നല്കിയതാണ് തുടക്കം.തുടർന്ന് വിഷയം അമരാവതി കമ്മീഷണർ കോടതിയിലും നാഗ്‌പൂർ ഹൈക്കോടതിയിലും പിന്നെ സുപ്രീം കോടതിയിലുമെത്തി. നീണ്ട നിയമ വ്യവഹാരങ്ങളുടെ പര്യവസാനമായിരുന്നു ഏറ്റവും പുതുതായി പുറത്തുവന്ന സുപ്രീംകോടതി വിധി.ഭാഷ മതമല്ല സംസ്കാരമാണെന്നും ഉർദു ഭാഷയെ മുസ്‌ലിം ഭാഷയായി കണക്കാക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്നുള്ള അവജ്ഞയർഹിക്കുന്ന വ്യതിചലനമാണെന്നും ഉർദു ഭാഷ ഈ മണ്ണിലാണ് ജനിച്ചതെന്നും തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതിവിധിയിലെ പ്രധാന വാചകങ്ങളായി പറഞ്ഞിട്ടുള്ളത്.

വിവിധ കാലഘട്ടങ്ങളിലായി ഗ്രന്ഥകാരൻ വ്യത്യസ്ത ആനുകാലികങ്ങളിൽ എഴുതിയ 38 ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. പത്മശ്രീ കാളിദാസ് ,കൃഷൻ കാന്ത്, ഹസ്രത്ത് മൊഹാനി ,കൈഫി ആസ്മി, സർ സയ്യിദ് അഹമ്മദ് ഖാൻ,ഗോപി ചന്ദ് നാരംഗ് , ലാൽ ചന്ദ് ഫലക്ക് എന്നിവരുടെ സാഹിതീയ സംഭാവനകളാൽ സമ്പന്നമാണ് താളുകൾ ഏറെയും.

മഹാത്മാ ഗാന്ധി,ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ജവഹർലാൽ നെഹ്റു , ഉർദു നോവൽ രചനയിലെ സ്ത്രീ സാന്നിധ്യം, റഫിയിലൂടെ പ്രചരിച്ച ഉർദു ഭാഷ, ഹൈദരാബാദിൽ നടന്ന ലോക ഉർദു സമ്മേളനം, ഖുർആനിൻ്റെ സ്വാധീനം ഉർദു ഭാഷയിൽ, ആഗോളതലത്തിലെ ഉറുദു പ്രക്ഷേപണം, ദേശാന്തര രംഗത്തെ ഉർദു പത്രപ്രവർത്തനം, ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷാ സമീപനം, അലിഗഡ് പ്രസ്ഥാനവും ഉർദുവും , എന്നിങ്ങനെ ഭാഷയുടെ സമസ്ത തലങ്ങളിലുമുള്ള സ്വാധീനം വെളിപ്പെടുത്തുന്ന ഗഹനമായ പഠനങ്ങളാണ് ഓരോ ലേഖനവും.

മതഭേദമന്യേ ഭാഷകളെ സാംസ്കാരിക ഔന്നിത്യത്തോടെ സ്വീകരിക്കുന്ന മലയാളികൾക്ക് എഴുത്തുകാരൻ കൈമാറുന്ന ഏറ്റവും വലിയ ഉപഹാരമായി ഈ ഗ്രന്ഥത്തെ കാണേണ്ടതുണ്ട്.പ്രത്യേകിച്ച് അവതാരികയിൽ രാമനുണ്ണി സൂചിപ്പിച്ചതു പോലെ മറ്റു ഭാഷകളെ വാത്സല്യപൂർവ്വമാണല്ലോ സർവ്വാശ്ലേഷിയായ കേരളീയ സംസ്കാരം പൂണർന്നു പോന്നിട്ടുള്ളത്.ഉർദു വളർന്ന കേരളം എന്ന മറ്റൊരു പുസ്തകവും ഗ്രന്ഥകാരൻ്റേതായി ഈയടുത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട്.

അവതാരികക്ക് പുറമേ ഗ്രന്ഥകാരൻ്റെ വ്യക്തിജീവിതത്തിലേക്കും അന്വേഷണ ഗവേഷണത്വർയിലേക്കും വെളിച്ചം വീശുന്ന നൗഷാദ് മണ്ണിശ്ശേരിയുടെ പരിചയക്കുറിപ്പും വായനക്കാർക്ക് പുതിയ അറിവായിരിക്കും.

Photos from KUTA-Kerala Urdu Teachers Association 's post 30/04/2026
25/03/2026

Congratulation

02/02/2026

*COMBO OFFER
*Dr ഷംസുദ്ദീൻ തിരൂർക്കാടിൻ്റെ ഉർ ദു അഥവാ ഹിന്ദുസ്ഥാനി ഭാഷ സംബന്ധമായ രണ്ട് ഗവേഷണ ലേഖന സമാഹാരങ്ങൾ*

അവതാരിക:
KP രാമനുണ്ണി
Dr.MP അബ്ദുസ്സമദ് സമദാനി

*ഉർദു ജനകോടികളുടെ ഭാഷ*
വില: 300

*ഉർദു വളർന്ന കേരളം*
വില : 350

*650 രൂപ മുഖവിലയുള്ള രണ്ട് പുസ്തകങ്ങൾ ഇപ്പോൾ 500 രൂപക്ക്*
*പോസ്റ്റേജ് സൗജന്യം*

പ്രസാധനം:
*Urdu Publication*
ബന്ധങ്ങൾക്ക്:
*Rasheed Pandallur*
9495490702
*Salam Malayamma*
9447316851

*500 രൂപ 9495490702 എന്ന നമ്പറിലേക്ക് GPay ചെയ്ത സ്ക്രീൻ ഷോട്ടും അഡ്രസും അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും*
wa.me/
9495490702
9447316851
*കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി*

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Website

Address

Kerala Urdu Center
Calicut
673001