03/09/2026
ഞാൻ ഇത് പറയുന്നത് ഒരു മുസ്ലിം എന്ന നിലയിൽ എന്റെ വിശ്വാസത്തിൽ നിന്നാണ്.
കാന്തപുരം ഉസ്താദ് പറഞ്ഞ വാക്കുകളെ പലരും സന്ദർഭത്തിൽ നിന്ന് മാറ്റി, “ഇസ്‌ലാം സ്ത്രീകളെ വീട്ടിൽ അടച്ചിടുന്ന മതമാണ്” എന്ന രീതിയിൽ അവതരിപ്പിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.
അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഒരു മുസ്ലിം സ്ത്രീക്കും പുറത്തുപോകാനോ പഠിക്കാനോ ജോലി ചെയ്യാനോ പാടില്ല എന്നല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ച് ഡോക്ടർമാരും മറ്റു മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളും ഉണ്ടായിട്ടുണ്ട് എന്നതും നമ്മൾ കാണേണ്ടതാണ്.
ഇസ്‌ലാമിൽ ഹിജാബ് ഒരു മുസ്ലിം സ്ത്രീക്ക് നിർബന്ധമായ കാര്യമാണ് എന്ന വിശ്വാസത്തിലാണ് ഞാൻ. അതുപോലെ തന്നെ ഒരു മുസ്ലിം സ്ത്രീ പാലിക്കേണ്ട മറ്റു മതപരമായ മര്യാദകൾക്കും പ്രാധാന്യമുണ്ട്. പക്ഷേ ഇന്ന് മുസ്ലിം എന്ന് പേരിൽ മാത്രം അറിയപ്പെടുന്ന ചിലർ ഈ കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നില്ല. അതുകൊണ്ട് ഒരു മുസ്ലിം സ്ത്രീയോട് അവളുടെ മതപരമായ ഉത്തരവാദിത്തങ്ങൾ ഓർമ്മിപ്പിക്കുന്നത് തെറ്റായി കാണേണ്ടതില്ല.
ഞാൻ കാന്തപുരം ഉസ്താദ് പറഞ്ഞ കാര്യത്തോട് യോജിക്കുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഒരു മുസ്ലിം എന്ന നിലയിൽ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
വാക്കുകളിലെ ഒരു ഭാഗം മാത്രം എടുത്ത് അതിനെ ഇസ്‌ലാമിനെതിരായ ആയുധമാക്കുന്നതിന് പകരം, അത് ആരോടാണ് പറഞ്ഞത്, എന്തിനാണ് പറഞ്ഞത്, എന്താണ് ഉദ്ദേശിച്ചത് എന്നുകൂടി മനസ്സിലാക്കണം.
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. വിമർശിക്കാനും അവകാശമുണ്ട്. പക്ഷേ ഒരു മതത്തിന്റെ നിലപാട് മനസ്സിലാക്കാതെ, അതിലെ ഒരു വാക്കിനെ മാത്രം പിടിച്ച് “ഇസ്‌ലാം സ്ത്രീകളെ തളച്ചിടുന്നു” എന്ന ധാരണ സമൂഹത്തിലേക്ക് എത്തിക്കുന്നത് ശരിയല്ല.
ഒരു മുസ്ലിം സ്ത്രീ എന്ന നിലയിൽ, എന്റെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവർ പറയുന്നതിന് മുമ്പ് അതിന്റെ യഥാർത്ഥ നിലപാട് കൂടി മനസ്സിലാക്കണം എന്നൊരു അപേക്ഷ മാത്രം.