13/05/2024
പ്ലസ് ടു റിസൾട്ട്:
സമഗ്ര വിജയം നേടി മണാശ്ശേരി എം.കെ. എച്ച്.എം.എം.ഒ
മൂന്ന് ഗ്രൂപ്പിലും 90 ശതമാനത്തിന് മുകളിൽ വിജയം നേടിയ മുക്കം സബ് ജില്ലയിലെ ഏക സ്കൂൾ
മുക്കം: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോൾ മണാശ്ശേരി എം.കെ.എച്ച്. എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിന് അഭിമാന നേട്ടം. മുക്കം സബ് ജില്ലയിലെ ഒരു അൺ എയ്ഡഡ് ഉൾപ്പെടെ ആകെയുള്ള 15 ഹയർ സെക്കന്ററി സ്കൂളുകളിൽ സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് വിഭാഗങ്ങളിലും 90 ന് മുകളിൽ വിജയ ശതമാനമുള്ള ഏക സ്കൂളായി മണാശ്ശേരി.സയൻസിൽ 95 % വും കോമേഴ്‌സിൽ 93.10% വും ഹ്യുമാനിറ്റീ സിൽ 93.22 % വുമാണ് മണാശ്ശേരിയുടെ വിജയം.
സംസ്ഥാനത്ത് വിജയ ശതമാനം കഴിഞ്ഞ വർഷത്തെ 82.95 ൽ നിന്ന് 78.69 ലേക്ക് കുറഞ്ഞിട്ടും മണാശ്ശേരിക്ക് മൂന്ന് ഗ്രൂപ്പുകളിലും 90 ന് മുകളിൽ വിജയ ശതമാനം നേടാനായത് ശ്രദ്ധേയമായ നേട്ടമാണ്. സബ് ജില്ലയിലെ മറ്റ് ഹയർ സെക്കന്ററി സ്കൂളുകളിൽ മിക്കതിനും സയൻസ് ഗ്രൂപ്പിൽ മികച്ച വിജയം നേടാനായപ്പോഴും കോമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിൽ ശതമാനം 90 തൊടാനായില്ല. പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ, വാർഷിക പൊതു പരീക്ഷ എന്നിവക്ക് മുന്നോടിയായി ''ജയ് ഹോ'' എന്ന പേരിൽ നടന്ന പഠന ക്യാംപ് മികച്ച റിസൾട്ട് നേടാൻ ഏറെ സഹായിച്ചതായി വിദ്യാർഥികളും അധ്യാപകരും പറയുന്നു. 23 ഫുൾ എ പ്ലസോടെ 47 കുട്ടികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടാനായതും മണാശ്ശേരിയുടെ മികവ് ഉയർത്തുന്നതായി.